ഇനി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കില്ല; പിടിച്ച ശമ്പളം പിഎഫിലേക്ക്

October 22, 2020 |
|
News

                  ഇനി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കില്ല; പിടിച്ച ശമ്പളം പിഎഫിലേക്ക്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം കൂടി പിടിക്കാനുള്ള തീരുമാനം (സാലറി കട്ട്) മന്ത്രിസഭ റദ്ദാക്കി. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നേരത്തെ പിടിച്ച ശമ്പളം അടുത്തമാസം മുതല്‍ തിരികെ നല്‍കാനും തീരുമാനമായി. ധനവകുപ്പിന്റെ ശുപാര്‍ശ മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു.

സാലറി കട്ട് തുടരുന്നത് വിവിധ സംഘടനകള്‍ എതിര്‍ത്ത സാഹചര്യത്തിലാണ് ധനവകുപ്പിന്റെ ശുപാര്‍ശ മന്ത്രിസഭ യോഗം അംഗീകരിച്ചത്. കൊവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിര്‍ബന്ധിത സാലറി കട്ട് ഏര്‍പ്പെടുത്തിയത്. ശമ്പളത്തിന്റെ 20 ശതമാനം പിടിക്കാനായിരുന്നു നിര്‍ദേശം. മുന്‍പ് പ്രളയത്തെ തുടര്‍ന്ന് സാലറി ചാലഞ്ച് കൊണ്ട് വന്നെങ്കിലും അത് നിര്‍ബന്ധിത നടപടി ആയിരുന്നില്ല. നേരത്തെ സാലറി കട്ട് ആറ് മാസത്തേക്കും കൂടി തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതില്‍ പ്രതിഷേധം കടുത്തതോടെയാണ് നടപടി പിന്‍വലിച്ചത്.

കോവിഡ് പ്രതിസന്ധിയില്‍ മുന്‍പ് 5 തവണകളായി പിടിച്ച ഒരു മാസത്തെ ശമ്പളം ഏപ്രില്‍ ഒന്നിനു പിഎഫില്‍ ലയിപ്പിക്കും. അതു വരെ 9% പലിശ നല്‍കാന്‍ നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും അതും ഒഴിവാക്കി. സാലറി കട്ട് തുടരുകയാണെങ്കില്‍ മാത്രമാണ് പലിശ നല്‍കാന്‍ തീരുമാനിച്ചതെന്നാണ് വിശദീകരണം.

ഉടന്‍ പണമായി തിരിച്ചു നല്‍കാന്‍ 2500 കോടി രൂപ വേണമെന്നും അതിനു കഴിയാത്തതിനാലാണു പിഎഫില്‍ ലയിപ്പിക്കുന്നതെന്നും മന്ത്രി ടി.എം. തോമസ് ഐസക് പറഞ്ഞു. പിഎഫില്‍ ലയിപ്പിക്കുന്ന തുക 2021 ജൂണ്‍ ഒന്നിനു ശേഷം പിന്‍വലിക്കാം. പിഎഫ് ഇല്ലാത്തവര്‍ക്കും ശമ്പളം ഈടാക്കിയ ശേഷം പെന്‍ഷനായവര്‍ക്കും 2021 ജൂണ്‍ 1 മുതല്‍ 5 മാസം തുല്യ തവണകളായി പണം തിരികെ നല്‍കും.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved