
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം, വിരമിച്ചവരുടെ പെന്‍ഷന്‍, സാമൂഹിക സുരക്ഷാ-ക്ഷേമ പെന്‍ഷനുകള്‍ എന്നിവ വര്‍ധിപ്പിച്ചുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്ന് മന്ത്രി ടി.എം. തോമസ് ഐസക് പറഞ്ഞു. അങ്കണവാടി വര്‍ക്കര്‍മാരുടെ പ്രതിമാസ പെന്‍ഷന്‍ 2000 രൂപയില്‍ നിന്നു 2500 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്.
2012 നു ശേഷം നിയമിച്ച സര്‍ക്കാര്‍ പ്രീപ്രൈമറി സ്‌കൂളിലെ അധ്യാപകര്‍ക്കും (2267 പേര്‍) ആയമാര്‍ക്കും (1907 പേര്‍) 1000 രൂപ വീതം നല്‍കും. സാമൂഹിക സുരക്ഷാ പെന്‍ഷനു പുറത്തുള്ള കാന്‍സര്‍, എയ്ഡ്‌സ് രോഗികളുടെ പെന്‍ഷനും വര്‍ധിപ്പിക്കും. ചികിത്സാ സഹായം, കെയര്‍ ടേക്കര്‍ സഹായം തുടങ്ങിയ സ്‌കീമുകളില്‍ നിന്നുള്ള പെന്‍ഷന്‍ കൂടി പരിഗണിച്ച ശേഷമാകും തീരുമാനം. പ്രാദേശിക പത്രപ്രവര്‍ത്തകരെ സാംസ്‌കാരിക ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്നവരുടെ മസ്റ്ററിങ് ആരംഭിച്ചു. ഫെബ്രുവരി 10 വരെ അക്ഷയ കേന്ദ്രങ്ങളിലൂടെ മസ്റ്ററിങ് നടത്തണം. ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് ഡിസംബറില്‍ വിതരണം ചെയ്ത പെന്‍ഷന്‍തുക മത്സ്യത്തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവിധ കാരണങ്ങളാല്‍ ബാങ്കില്‍ നിന്നും മത്സ്യബോര്‍ഡിന്റെ ട്രഷറി അക്കൗണ്ടിലേക്ക് തിരികെ ലഭിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുവഴി പെന്‍ഷന്‍ കൈപ്പറ്റുന്നവരില്‍ മുന്‍ മാസങ്ങളിലെ തുക ലഭിക്കാത്തവര്‍ അതത് ബാങ്ക് ശാഖകളുമായി ബന്ധപ്പെട്ടണമെന്നും ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു.