സാലറി ചലഞ്ചിന് ബദൽ വഴികൾ തേടി സർക്കാർ; ഡിഎ കുടിശിക ദുരിതാശ്വസ നിധിയിലേക്ക് മാറ്റാൻ ആലോചന

April 17, 2020 |
|
News

                  സാലറി ചലഞ്ചിന് ബദൽ വഴികൾ തേടി സർക്കാർ; ഡിഎ കുടിശിക ദുരിതാശ്വസ നിധിയിലേക്ക് മാറ്റാൻ ആലോചന

തിരുവനന്തപുരം: കൊവിഡ് 19 പശ്ചാത്തലത്തിലുണ്ടായ കടുത്ത സാമ്പത്തിക ഞെരുക്കം നേരിടാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങൾക്ക് കൂടുതൽ പണം കണ്ടെത്തുന്നതിനും ബദൽ വഴികൾ തേടി സര്‍ക്കാര്‍. സാലറി ചലഞ്ച് നടപ്പാക്കുന്നതിന് പകരമായി ഡിഎ കുടിശിക ദുരിതാശ്വസ നിധിയിലേക്ക് മാറ്റാൻ ആലോചന. സാലറി ചലഞ്ചിന് ബദൽ വഴികൾ തേടുന്നതിന്‍റെ ഭാഗമായി ധനമന്ത്രി വിവിധ വകുപ്പ് മേധാവികളുമായി കൂടിയാലോചനകൾ നടത്തുന്നതായാണ് വിവരം. അന്തിമ തീരുമാനം മന്ത്രിസഭായോഗത്തിന് ശേഷമായിരിക്കും ഉണ്ടാകുക.

ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുന്നതിന്‍റെ ഭാഗമായി സാലറി ചലഞ്ച് എന്ന ആശയത്തോട്  എതിരഭിപ്രായങ്ങൾ തുടക്കം തൊട്ടെ ഉയര്‍ന്നിരുന്നു. മാത്രമല്ല എല്ലാവരുടേയും സാലറി പിടിച്ചെടുക്കുക എന്നത് പ്രായോഗികവും അല്ല. കഴിഞ്ഞ തവണ സാലറി ചലഞ്ചിലൂടെ സമാഹരിക്കാൻ കഴിഞ്ഞത് 1500 കോടി രൂപമാത്രമാണ്. 12 ശതമാനം  ഡിഎ കുടിശിക കണക്കാക്കിയാൽ അത് 2700 കോടി രൂപ വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. എല്ലാ ജീവനക്കാരും പൂര്‍ണ്ണമനസോടെ സാലറി ചാലഞ്ചിൽ പങ്കെടുത്താലും ലഭിക്കുക പരമാവധി 2300 കോടി രൂപയാണ്.

ഇക്കാര്യത്തിൽ മന്ത്രിസഭ യോഗമായിരിക്കും അന്തിമ തീരുമാനം എടുക്കുക.  ഏതായാലും സാലറി ചലഞ്ചിന് നിര്‍ബന്ധിക്കേണ്ടതില്ലെന്ന നിലപാടിലേക്ക് സര്‍ക്കാര്‍ എത്തുന്നു എന്ന് തന്നെയാണ് നിലവിലെ സൂചന. നിര്‍ബന്ധമായും ശമ്പളം പിടിക്കണമെന്ന ധനമന്ത്രിയുടെ നിലപാടിനോട് മുഖ്യമന്ത്രി യോജിച്ചിരുന്നില്ല . ഇതെല്ലാം കണക്കിലെടുത്ത് കൂടിയാണ് ഡിഎ കുടിശിക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ലയിപ്പിക്കുന്നതിന് ആലോചന നടക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം തുടക്കത്തിൽ തന്നെ നൽകുമെന്നായിരുന്നു ബജറ്റിലും പ്രഖ്യാപിച്ചിരുന്നത്. ഇക്കാര്യത്തിലും ഒരു നിലപാട് ഉടൻ വ്യക്തമാക്കേണ്ടതുണ്ട്. ഇതെല്ലാം മുന്നിൽ കണ്ട തീരുമാനങ്ങളും അതിലേക്കുള്ള ചര്‍ച്ചകളുമാണ് ഇപ്പോൾ നടക്കുന്നത്.

Related Articles

© 2025 Financial Views. All Rights Reserved