സാലറി ചലഞ്ച്: മാറ്റിവെച്ച ശമ്പളം 5 ഗഡുക്കളായി നല്‍കും; ആദ്യ ഗഡു മെയ് മാസത്തില്‍

April 30, 2021 |
|
News

                  സാലറി ചലഞ്ച്: മാറ്റിവെച്ച ശമ്പളം 5 ഗഡുക്കളായി നല്‍കും;  ആദ്യ ഗഡു മെയ് മാസത്തില്‍

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സാലറി ചലഞ്ചിന്റെ ഭാഗമായി മാറ്റിവെച്ച ജീവനക്കാരുടെ ശമ്പളം അഞ്ചു ഗഡുക്കളായി നല്‍കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ആദ്യ ഗഡു ഏപ്രില്‍ മാസത്തെ ശമ്പളത്തോടൊപ്പം നല്‍കുകയും ചെയ്യും. അതു താല്‍പ്പര്യമുള്ളവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കാനും അവസരമുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ രണ്ടു മാസങ്ങളായി ട്രഷറി സംവിധാനങ്ങള്‍ പുതിയ സര്‍വറിലേക്കു മാറ്റുന്നതുമായി ബന്ധപ്പെട്ട് വളരെയേറെ തിരക്കുകള്‍ ഉണ്ടായിരുന്നു. പുതുക്കിയ ശമ്പളം, ഡിഎ അരിയര്‍ എന്നിവയുമായി ബന്ധപ്പെട്ട സോഫ്‌റ്റ്വെയര്‍ പരിഷ്‌കരിക്കുന്ന നടപടികള്‍ കാരണം ശമ്പളം തിരിച്ചു നല്‍കേണ്ട സോഫ്‌റ്റ്വെയര്‍ പരിഷ്‌കരണം അല്‍പ്പം വൈകി എങ്കിലും തിങ്കളാഴ്ച മുതല്‍ ഇതിനായുള്ള സംവിധാനം നിലവില്‍ വരും. മെയ് മാസത്തെ ശമ്പള ബില്ലുകള്‍ മാറിയതിനു ശേഷം ആദ്യ ഗഡു വിതരണം ചെയ്യുമെന്ന് ധനമന്ത്രി വ്യക്തമാക്കി.   

മാറ്റിവച്ച ശമ്പളത്തിന്റെ ഗഡുക്കള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കുന്നതിനുള്ള ഓപ്ഷന്‍ അനുവദിക്കണമെന്ന് എന്‍ജിഒ യൂണിയന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഈ അഭ്യര്‍ത്ഥന സര്‍ക്കാര്‍ അനുകൂലമായി പരിഗണിച്ചു. ജീവനക്കാര്‍ക്ക് തിരികെ നല്‍കുന്ന അഞ്ച് ഗഡുക്കളില്‍ നിന്ന് താത്പര്യമുള്ള അത്രയും ഗഡുക്കള്‍ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കാനുള്ള സമ്മതപത്രം എഴുതി നല്‍കിയാല്‍ സമ്മതപത്രം ഡിഡിഒ പരിശോധിച്ച് സമ്മതം തന്ന ഗഡുക്കള്‍ പിടിച്ച് ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കാം.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved