
ന്യൂഡല്‍ഹി: നഷ്ടത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന പൊതുമേഖലാ വിമാന കമ്പനിയായ എയര്‍ ഇന്ത്യയുടെ വില്‍പന സംബന്ധിച്ച വാര്‍ത്തകള്‍ മാസങ്ങളായി അന്തരീക്ഷത്തിലുണ്ട്. കൊവിഡ് പ്രതിസന്ധി വന്നതോടെ ഈ ചര്‍ച്ചകളെല്ലാം ഒരു ഇടവേളയിലായിരുന്നു. എന്നാല്‍, ഇപ്പോള്‍ വീണ്ടും എയര്‍ ഇന്ത്യ വില്‍പന വാര്‍ത്തകള്‍ സജീവമാവുകയാണ്. ജൂണ്‍ മാസത്തോടെ വില്‍പന സാധ്യമാകുമെന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ നല്‍കുന്ന സൂചന.
എയര്‍ ഇന്ത്യ വില്‍പനയ്ക്കുള്ള ഫിനാന്‍ഷ്യല്‍ ബിഡുകള്‍ ഉടന്‍ തന്നെ ക്ഷണിക്കുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്. ജനങ്ങളുടെ നികുതിപ്പണം ഇനിയും എയര്‍ ഇന്ത്യയുടെ നടത്തിനായി ചെലവഴിക്കാനാവില്ലെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. കടുത്ത നഷ്ടത്തിലാണ് കമ്പനി മുന്നോട്ട് പോകുന്നത്. ബിഡുകള്‍ സമര്‍പ്പിക്കാന്‍ കമ്പനികള്‍ക്ക് 90 ദിവസത്തെ സമയം ആയിരിക്കും നല്‍കുക എന്നാണ് വിവരം. സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ തന്നെയാണ് രഹസ്യാത്മകത നിലനിര്‍ത്തിക്കൊണ്ട് ഈ സൂചനകള്‍ പുറത്ത് വിട്ടിട്ടുള്ളത് എന്ന് ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ടാറ്റ ഗ്രൂപ്പും സ്പൈസ് ജെറ്റ് ചെയര്‍മാന്‍ അജയ് സിങ്ങും ആണ് ബിഡിനുള്ള ചുരുക്കപ്പട്ടികയില്‍ ഇപ്പോള്‍ ഇടം നേടിയിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. എന്തായാലും എയര്‍ ഇന്ത്യ വില്‍പന നീക്കങ്ങള്‍ വീണ്ടും ചൂടുപിടിച്ചത് കേന്ദ്ര സര്‍ക്കാരിന് ആശ്വാസമാകും എന്നാണ് കണക്കാക്കപ്പെടുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പനയിലൂടെ ധനസമാഹരണം ലക്ഷ്യമിടുകയാണ് കേന്ദ്ര സര്‍ക്കാര്‍. എയര്‍ ഇന്ത്യ വില്‍പന അധികം വൈകാതെ സാധ്യമായാല്‍ അത് ധനമന്ത്രി നിര്‍മല സീതാരാമനും ആശ്വാസകരമാകും. കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന സമ്പദ് ഘടനയ്ക്ക് വില്‍പന ഉത്തേജനം നല്‍കുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.
ടാറ്റ എയര്‍ സര്‍വ്വീസസ് എന്ന പേരില്‍ ജെആര്‍ഡി ടാറ്റ ആയിരുന്നു 1932 ല്‍ വിമാനക്കമ്പനി സ്ഥാപിച്ചത്. പിന്നീടിത് ടാറ്റ എയര്‍ലൈന്‍സ് ആയി മാറി. 1946 ല്‍ എയര്‍ ഇന്ത്യ പേരില്‍ പബ്ലിക് ലിമിറ്റഡ് കമ്പനിയായി മാറി. സ്വാതന്ത്രാനന്തരം 1953 ല്‍ എയര്‍ ഇന്ത്യ ദേശസാത്കരിച്ചു. 1977 വരെ ജെആര്‍ഡി ടാറ്റ ചെയര്‍മാന്‍ ആയി തുടരുകയും ചെയ്തു. അതിന് ശേഷം സ്വന്തം വിമാക്കമ്പനി എന്ന ആഗ്രഹവുമായി ടാറ്റ ഗ്രൂപ്പ് പലതവണ രംഗത്ത് വന്നെങ്കിലും അതൊന്നും സാധ്യമായിരുന്നില്ല. ഇപ്പോള്‍, സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായി ചേര്‍ന്ന് ടാറ്റ ഗ്രൂപ്പ് വിസ്താര എന്ന സംയുക്ത സംരംഭം തുടങ്ങിയിരുന്നു. എയര്‍ ഏഷ്യയിലും ടാറ്റ ഗ്രൂപ്പിന് പങ്കാളിത്തമുണ്ട്. എങ്കിലും എയര്‍ ഇന്ത്യ സ്വന്തമാക്കുക എന്നത് ടാറ്റ ഗ്രൂപ്പിന്റെ വലിയ ആഗ്രഹങ്ങളില്‍ ഒന്നാണ്.