ജൂലൈയില്‍ ഗോള്‍ഡ് ബോണ്ട് നിക്ഷേപമായെത്തിയത് 2,004 കോടി രൂപ

July 17, 2020 |
|
News

                  ജൂലൈയില്‍ ഗോള്‍ഡ് ബോണ്ട് നിക്ഷേപമായെത്തിയത് 2,004 കോടി രൂപ

ജൂലൈയില്‍ സര്‍ക്കാര്‍ ഇറക്കിയ ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപമായെത്തിയത് 2,004 കോടി രൂപ. 4.13 ടണ്‍ സ്വര്‍ണത്തിന് തുല്യമായ വില്പനയാണ് ഇതിലൂടെ നടന്നത്. 2015 നവംബറില്‍ ആദ്യമായി ഗോള്‍ഡ് ബോണ്ട് പുറത്തിറക്കിയതിനുശേഷം ഇത്രയും തുക നിക്ഷേപമായെത്തുന്നത് ഇതാദ്യമായാണ്. കോവിഡ് വ്യാപനം മൂലം ആഗോളതലത്തില്‍ രാജ്യങ്ങളുടെ സമ്പദ്ഘടനയില്‍ മാന്ദ്യം പ്രകടമായതോടെ സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടിയതാണ് ഗോള്‍ഡ് ബോണ്ടിന്റെ വില്പനയിലും പ്രതിഫലിച്ചത്.

എക്കാലത്തെയും ഉയരം ഭേദിച്ച് സ്വര്‍ണവില കുതിച്ചുയരുന്നതും നിക്ഷേപകരെ ആകര്‍ഷിച്ചു. ഗോള്‍ഡ് ഇടിഎഫിലും നിക്ഷേപം കാര്യമായി വര്‍ധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഗോള്‍ഡ് ഇടിഎഫില്‍ 2,000 കോടി രൂപയുടെ നിക്ഷേപമാണെത്തിയത്. 2020-21 സാമ്പത്തിക വര്‍ഷത്തെ ആദ്യ നാലുമാസത്തിനിടെ ഗോള്‍ഡ് ബോണ്ട് വില്പനയിലൂടെ 5,112 കോടി രൂപയാണ് സര്‍ക്കാരിനുവേണ്ടി റിസര്‍വ് ബാങ്ക് സമാഹരിച്ചത്. ഏപ്രില്‍-ജൂണ്‍ കാലയളവിലെ സ്വര്‍ണ ഇറക്കുമതിക്ക് രാജ്യം ചെലവാക്കുന്ന തുകയ്ക്ക് തുല്യമാണിത്.

നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ സീരീസായ ഏപ്രില്‍ 28 ലെ ബോണ്ടില്‍ 1,773 കിലോഗ്രാം സ്വര്‍ണത്തിന് തുല്യമായ നിക്ഷേപമാണെത്തിയത്. മെയ് 19 ലെ സീരീസില്‍ 2,544 കിലോഗ്രാമും ജൂണ്‍ 16 സീരീസില്‍ 2,388 കിലോഗ്രാമും ജൂലായ് 14 സീരീസില്‍ 4,131 കിലോഗ്രാം സ്വര്‍ണത്തിനു തുല്യമായ ബോണ്ടുകള്‍ വിറ്റു. അതായത് 10,836 കിലോഗ്രാം സ്വര്‍ണത്തിന് തുല്യമായ വില്പന. ഇതിലൂടെ മൊത്തം സമാഹരിച്ചതാകട്ടെ 5,112 കോടി രൂപയും.

ഗോള്‍ഡ് ബോണ്ട് ആദ്യമായി പുറത്തിറക്കിയ 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 1,318 കോടി രൂപയാണ് മൊത്തം സമാഹരിച്ചത്. 2016-17ല്‍ ഇത് 3,481 കോടിയായി ഉയര്‍ന്നു. 2017-18 ല്‍ 1,895 കോടിയും 2018-19 ല്‍ 643 കോടിയും 2019-20 ല്‍ 2,316 കോടി രൂപയും സ്വര്‍ണബോണ്ടിലൂടെ സമാഹരിക്കാനായി.

Related Articles

© 2024 Financial Views. All Rights Reserved