ഇന്‍ഫോസിസ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായി സലില്‍ പരേഖ് വീണ്ടും നിയമിതനായി

May 23, 2022 |
|
News

                  ഇന്‍ഫോസിസ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായി സലില്‍ പരേഖ് വീണ്ടും നിയമിതനായി

ബെംഗളുരു: സലില്‍ പരേഖിനെ ഇന്‍ഫോസിസിന്റെ സിഇഒ, മാനേജിംഗ് ഡയറക്ടര്‍ സ്ഥാനങ്ങളിലേക്ക് വീണ്ടും നിയമിച്ചു. അഞ്ച് വര്‍ഷത്തേക്കാണ് നിയമനമെന്നും ഡയറക്ടര്‍ ബോര്‍ഡ് ഇതിന് അംഗീകാരം നല്‍കിയെന്നും ഇന്‍ഫോസിസ് അറിയിച്ചു. ജൂലൈ ഒന്നുമുതലാണ് അദ്ദേഹം നിയമിതനാകുക. കമ്പനിയുടെ വിപുലമായ ഓഹരി ഉടമ പദ്ധതി-2019 പ്രകാരം സ്ഥാപനത്തിലെ മുതിര്‍ന്ന എക്‌സിക്യൂടീവുകള്‍ക്ക് ഓഹരികള്‍ അനുവദിക്കുന്നതിനും അംഗീകാരം നല്‍കിയിട്ടുണ്ട്.

നോമിനേഷന്‍ ആന്‍ഡ് റെമ്യൂണറേഷന്‍ കമ്മിറ്റിയുടെ (എന്‍ആര്‍സി) ശുപാര്‍ശകള്‍ കണക്കിലെടുത്ത് ശനിയാഴ്ച നടന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനമുണ്ടായതെന്ന് ഇന്‍ഫോസിസ് റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു. ഡയറക്ടര്‍ ബോര്‍ഡിലെ ഒരു അംഗവുമായും സലില്‍ പരേഖിന് ബന്ധമില്ലെന്നും, ഓഹരി വിപണികള്‍ കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന സര്‍കുലറുകള്‍ ഉള്‍പ്പടെ ബാധകമായ നിയമങ്ങള്‍ക്കനുസരിച്ച് ചീഫ് എക്സിക്യൂടീവ് ഓഫീസറായും മാനജിംഗ് ഡയറക്ടറായും പുനര്‍നിയമിക്കുന്നതിനുള്ള എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി.

സലില്‍ പരേഖ് 2018 ജനുവരി മുതല്‍ ഇന്‍ഫോസിസിന്റെ സിഇഒയും എംഡിയുമാണ്. കഴിഞ്ഞ നാല് വര്‍ഷമായി സംരംഭങ്ങള്‍ക്കായി ഡിജിറ്റല്‍ സംവിധാനങ്ങള്‍ നടപ്പിലാക്കുന്നതിനും, ഏറ്റെടുക്കലുകള്‍ വിജയകരമായി കൈകാര്യം ചെയ്യുന്നതിലും കഴിവു തെളിയിച്ച വ്യക്തിയാണദ്ദേഹം. ഐടി സേവന വ്യവസായത്തില്‍ 30 വര്‍ഷത്തിലേറെ അനുഭവസമ്പത്തുമുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved