
കൊറോണ വൈറസ് ചൈനയെ വരിഞ്ഞുമുറുക്കിയതിന്റെ മറവില്‍ ഇന്ത്യന്‍ വിപണിയില്‍ പരമാവധി മുന്നേറ്റം നടത്താന്‍ പദ്ധതിയുമായി കൊറിയന്‍ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ സാംസങ്. ചൈനീസ് മുന്നേറ്റത്തില്‍ തളര്‍ന്ന് ഇടക്കാലത്തു നഷ്ടപ്പെട്ട ഒന്നാം സാഥാനം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണവര്‍. ആപ്പിള്‍, ഷവോമി, ഓപ്പോ, വിവോ, റിയല്‍മെ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളെല്ലാം തന്നെ തങ്ങളുടെ പുതിയ ഉല്‍പ്പന്നങ്ങളുടെ വിക്ഷേപണ തീയതികളും വിലനിര്‍ണ്ണയ തന്ത്രങ്ങളും പുനഃപരിശോധിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. അതേസമയം കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ തങ്ങള്‍ക്കുണ്ടായ ചാഞ്ചാട്ടത്തിനു വിരാമമിട്ട് മുന്നേറാന്‍ ഈ സീസണില്‍ സാംസങിനു സാധ്യതയുണ്ടെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
കൊറിയന്‍ കമ്പനിയുടെ പ്രാദേശിക യൂണിറ്റില്‍ 2020 ന്റെ തുടക്കത്തില്‍ തന്നെ പുതിയ ഒമ്പത് ഹാന്‍ഡ്‌സെറ്റ് മോഡലുകള്‍ ഇന്ത്യയില്‍ അണിനിരത്തുമെന്ന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് (ബിഐഎസ്) ഡാറ്റ വ്യക്തമാക്കുന്നു. പ്രധാന ബ്രാന്‍ഡുകളില്‍ റെഡ്മിയും (ഷവോമിയില്‍ നിന്ന്) എല്‍ജിയും രണ്ട് മോഡലുകള്‍ വീതം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ മോട്ടറോളയും കൂള്‍പാഡും ഓരോന്നു വീതവും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം എന്‍ട്രി ലെവല്‍ വിഭാഗം രജിസ്ട്രേഷനില്‍ ഡല്‍ഹി ആസ്ഥാനമായുള്ള പ്രാദേശിക ബ്രാന്‍ഡായ സെല്ലെക്കര്‍ 15 മോഡലുകളുമായി ഒന്നാമതാണ്. മറ്റൊരു ഇന്ത്യന്‍ ബ്രാന്‍ഡായ ഹൈടെക് എട്ട് മോഡലുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ചൈനീസ് കമ്പനികള്‍ പലതും ഇന്ത്യയില്‍ നിര്‍മ്മാണ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും ചൈനയില്‍ നിന്നുള്ള പാര്‍ട്‌സുകളെ വളരെയധികം ആശ്രയിക്കേണ്ടിവരുന്നു. സാംസങ്ങിന് നേട്ടമുണ്ടാകുന്നത് ഈ സാഹചര്യത്തിലാണെന്നും ടെക് ആര്‍ക്കിലെ ലീഡ് അനലിസ്റ്റ് ഫൈസല്‍ കാവൂസ പറഞ്ഞു.
ഇപ്പോഴത്തെ പ്രതിസന്ധി സാംസങിനെ ബാധിക്കാനുള്ള സാധ്യത കുറവാണെന്ന് ഐ.ഡി.സി ഗവേഷണ ഡയറക്ടര്‍ നവകേന്ദര്‍ സിംഗ് പറഞ്ഞു.നോയിഡയിലെ യൂണിറ്റില്‍ സാംസങ്ങ് 2018 ല്‍ അതിന്റെ ശേഷി വര്‍ദ്ധിപ്പിച്ചിരുന്നു. പ്രതിവര്‍ഷം 68 ദശലക്ഷത്തില്‍ നിന്ന് 120 ദശലക്ഷം യൂണിറ്റായി സ്ഥാപിത ശേഷി ഇരട്ടിയാക്കിയിരുന്നു. എതിരാളികളില്‍ നിന്ന് വ്യത്യസ്തമായി പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡ്, ഡിസ്പ്ലേ പാനലുകള്‍ പോലുള്ള പ്രധാന ഘടകങ്ങളുടെ ആഭ്യന്തര വിതരണ ശൃംഖലയും സാംസങ്ങിനുണ്ട്. മറ്റ് കമ്പനികള്‍ പാര്‍ട്‌സുകള്‍ക്കായി ചൈനയെ ആശ്രയിക്കേണ്ടി വരുമ്പോള്‍ സാംസങിനുള്ള നേട്ടം ഈ സ്വയംപര്യാപ്തതയാണ്.സാംസങിന്റെ ഈ രംഗത്തെ ഏറ്റവും വലിയ ഉല്‍പാദന കേന്ദ്രം വിയറ്റ്നാമിലാണ്.
മാര്‍ച്ചോടെ തന്നെ സാംസങ് ഗാലക്‌സി ഇസഡ് ഫ്ളിപ്പ്, സാംസങ് ഗാലക്‌സി എസ് 20+ എന്നിവ പുറത്തിറക്കുന്നതിനുള്ള പ്രീ-ബുക്കിംഗ് തുറന്നു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം സാംസങ്ങിന് ഇന്ത്യയിലെ വിപണി വിഹിതം ക്രമാനുഗതമായി നഷ്ടപ്പെട്ടിരുന്നു. ജൂണ്‍ പാദത്തിലെ 25.3 ശതമാനത്തില്‍ നിന്ന് ഡിസംബര്‍ പാദത്തില്‍ 15.5 ശതമാനമായി. ഒരുകാലത്ത് മാര്‍ക്കറ്റ് ലീഡറായിരുന്ന സാംസങിനെ 2019 അവസാനത്തോടെ മൂന്നാം സ്ഥാനത്തേക്ക് തള്ളിവിട്ടത് ഷവോമിയും വിവോയുമാണ്. നഷ്ടപ്പെട്ട നിലം ഏപ്രിലില്‍ വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയിലാണിപ്പോള്‍ ഈ കൊറിയന്‍ കമ്പനി.