
സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയിലും പൊതു മേഖലയിലും തൊഴിലെടുക്കുന്ന വിദേശ രാജ്യക്കാരായ ജീവനക്കാരുടെ എണ്ണം കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ 8.52 ശതമാനം കുറഞ്ഞതായി റിപ്പോര്‍ട്ട്. 2020 ജൂണ്‍ മാസം മുതല്‍ 2021 ജൂണ്‍ മാസം വരെയുള്ള കാലയളവില്‍ മറ്റ് രാജ്യക്കാരായ 571,000 തൊഴിലാളികളാണ് സൗദിയില്‍ നിന്നും തൊഴില്‍ ഉപേക്ഷിച്ചിരിക്കുന്നത്. അതേ സമയം സൗദി അറേബ്യയില്‍ തൊഴിലെടുക്കുന്ന ആകെ പ്രവാസികളുടെ എണ്ണം ഈ വര്‍ഷം ജൂണ്‍ മാസം അവസാനത്തോടെ 6.1 മില്യണിലെത്തി. 2020 ജൂണ്‍ മാസം അവസാനത്തില്‍ ഇത് 6.7 മില്യണായിരുന്നു.
ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ്, ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് എന്നിവടങ്ങളില്‍ നിന്നും ലഭിക്കുന്ന കണക്കുകള്‍ പ്രകാരം സ്വകാര്യ, പൊതുമേഖലകളില്‍ തൊഴിലെടുക്കുന്ന സൗദി രാജ്യക്കാരും മറ്റു രാജ്യക്കാരുമായ വ്യക്തികളുടെ സോഷ്യല്‍ ഇന്‍ഷുറന്‍സ് സിസ്റ്റത്തില്‍ 5.5 ശതമാനത്തിന്റെ കുറവാണ് ഇതേ കാലയളവില്‍ ഉണ്ടായിരിക്കുന്നത്. നേരത്തേ 8.2 മില്യണായിരുന്നത് ഇപ്പോള്‍ 8.7 ശതമാനമായി കുറഞ്ഞുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഈ വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 123,951 സൗദിക്കാര്‍ പുതുതായി തൊഴില്‍ വിപണിയിലേക്ക് പ്രവേശിക്കുകയുണ്ടായി. പ്രതിവര്‍ഷ വര്‍ധനവ് 6.4 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം സ്വകാര്യ, പൊതുമേഖലാ സാഷ്യല്‍ ഇന്‍ഷുറന്‍സ് സിസ്റ്റത്തില്‍ ഉണ്ടായിരുന്ന സൗദി ജീവനക്കാരുടെ എണ്ണം 1.94 മില്യണ്‍ ആയിരുന്നു. ഇപ്പോഴത് 2.06 മില്യണായി ഉയര്‍ന്നു. ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ സൗദി പൗരന്മാരല്ലാത്ത ഉപയോക്താക്കളുടെ എണ്ണം 3.12 ശതമാനമാണ് കുറഞ്ഞിരിക്കുന്നത്. അതായത് 197,745 പേര്‍. സൗദി പൗരന്മാരായ ഉപയോക്താക്കളുടെ എണ്ണം 2.94 ശതമാനം കുറഞ്ഞു. അതായത് 62,583 പേര്‍.