
ജിദ്ദ: ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും ഉല്‍പ്പാദനത്തെ പിന്താങ്ങുന്നതിനുമായി 2 ബില്യണ്‍ സൗദി റിയാലിന്റെ (533 മില്യണ്‍ ഡോളര്‍) കര്‍മ പദ്ധതി പ്രഖ്യാപിച്ച് സൗദി കാര്‍ഷിക ഫണ്ട്. റമദാന്‍ ആരംഭത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായ ഉദ്യമങ്ങളുടെയും നടപടികളുടെയും നേട്ടങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് രാജ്യത്തെ കമ്പനികളോട് കാര്‍ഷിക മന്ത്രാലയം ആവശ്യപ്പെട്ടു.
രാജ്യത്തെ ചെറുകിട കന്നുകാലി ഉടമകള്‍ക്കും മത്സ്യകൃഷി സംരംഭങ്ങള്‍ക്കും കോഴി കര്‍ഷകര്‍ക്കുമായി ഈ മാസം 180 മില്യണ്‍ റിയാല്‍ വിതരണം ചെയ്യുമെന്ന് പരിസ്ഥിതി, ജല, കാര്‍ഷിക മന്ത്രാലയം അറിയിച്ചു. സംരംഭങ്ങളുടെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകുന്നതിനായി ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ വായ്പകള്‍ക്കായി അപേക്ഷിക്കണമെന്ന് കാര്‍ഷിക മന്ത്രാലയം വക്താവ് അബ്ദുള്ള അബല്‍ഖെയ്ല്‍ ആവശ്യപ്പെട്ടു. നിലവില്‍ വായ്പകള്‍ക്കുള്ള പതിനഞ്ചോളം അപേക്ഷകളാണ് കാര്‍ഷിക ഫണ്ടിന് ലഭിച്ചിട്ടുള്ളതെന്നും അതില്‍ പ്രാഥമിക അനുമതി ലഭിച്ച ഒമ്പത് അപേക്ഷകള്‍ ആകെ 60 മില്യണ്‍ റിയാലിന്റെ വായ്പയാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും അബല്‍ഖെയ്ല്‍ വ്യക്തമാക്കി.
നേരത്തെ വിപണിയിലുണ്ടായ തെറ്റായ ചില കീഴ്‌വഴക്കങ്ങള്‍ മൂലം രാജ്യത്ത് മുട്ടയുടെ വിതരണം കുറവാണെന്ന തരത്തിലുള്ള കിംവദന്തികള്‍ പരക്കുന്നുണ്ടെന്ന് അബല്‍ഖെയ്ല്‍ പറഞ്ഞു. പക്ഷേ മുട്ട ഉല്‍പ്പാദനത്തില്‍ 116 ശതമാനം സ്വയം പര്യാപ്തത കൈവരിക്കാന്‍ സൗദിക്ക് കഴിഞ്ഞിട്ടുണ്ട്. അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള മുട്ട ഇറക്കുമതിക്ക് പുറമേ വരുംദിവസങ്ങളില്‍ പ്രാദേശിക ഉല്‍പ്പാദകര്‍ ഉല്‍പ്പാദനശേഷി 24 ശതമാനം വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് ഇദ്ദേഹം പറഞ്ഞു കര, കടല്‍, ആകാശ മാര്‍ഗങ്ങളിലൂടെയുള്ള രാജ്യത്തെ 28ഓളം പ്രവേശന, നിഗമന ഇടങ്ങളില്‍ കാര്‍ഷിക, കന്നുകാലി ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തുടരുന്നുണ്ട്. ഈ മാസം ആരംഭിച്ചതിന് ശേഷം ആകെ 183,000 ടണ്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങളും 100,000 കന്നുകാലികളുമാണ് ഇവിടങ്ങളിലൂടെ രാജ്യത്തേക്ക് ഇറക്കുമതി ചെയ്തത്. കൊറോണ വൈറസ് ദൈനംദിന ജീവിതത്തിനുണ്ടാക്കുന്ന ആഘാതങ്ങള്‍ കുറയ്ക്കുന്നതിനും വൈറസ് വ്യാപനം തടയുന്നതിനുമായി രാജ്യത്തെ എല്ലാ മന്ത്രാലയങ്ങളും ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിക്കുന്നതെന്നും കാര്‍ഷിക മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം പതിനായിരത്തോട് അടുക്കുന്ന സാഹചര്യത്തില്‍ അല്‍-അഹ്‌സ പ്രവിശ്യയ്ക്ക് അടുത്തുള്ള അല്‍ ഫൈസാലിയ, അല്‍ ഫദ്‌ലിയ പ്രവിശ്യകളെ ഐസൊലേറ്റ് ചെയ്യാന്‍ സൗദി ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പുറത്തുള്ളവര്‍ക്ക് ഈ പ്രവിശ്യകളില്‍ പ്രവേശിക്കാനോ അവിടെയുള്ളവര്‍ക്ക് മറ്റ് പ്രവശ്യകളിലേക്ക് പോകാനോ അനുമതി ഉണ്ടായിരിക്കില്ല. അതേസമയം പൊതു ടാക്‌സി സേവനങ്ങള്‍ക്ക് ഉണ്ടായിരുന്ന പ്രവര്‍ത്തന വിലക്ക് പിന്‍വലിച്ചതായി ഗതാഗത മന്ത്രാലയം അറിയിച്ചു. സമ്പൂര്‍ണ കര്‍ഫ്യൂ നിലവിലില്ലാത്ത നഗരങ്ങളില്‍ കര്‍ഫ്യൂ ആരംഭിക്കുന്നതിന് മുമ്പ് മാത്രമായിരിക്കാം ടാക്‌സികള്‍ക്ക് പ്രവര്‍ത്തനം നടത്താന്‍ കഴിയുക.
സൗദിയില്‍ ആകെ 8,500നടുത്ത് കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വൈറസ് ബാധിച്ച് 92 പേര്‍ മരണപ്പെട്ടു. നിലവില്‍ 6,900നടുത്ത് ആളുകളാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 78 പേരുടെ നില ഗുരുതരമാണ്. ഇതുവരെ 1,400ഓളം പേര്‍ രോഗമുക്തരായിട്ടുണ്ട്. പുതിയതായി റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ ഭൂരിഭാഗവും പ്രവാസികളാണ്. ആള്‍പ്പാര്‍പ്പേറിയ ഇടങ്ങളിലും തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും നടത്തുന്ന വ്യാപക പരിശോധനകളിലാണ് കൂടുതല്‍ രോഗികളെ കണ്ടെത്തുന്നത്. പ്രവാസികളുമായി കാര്യക്ഷമമായ ആശയവിനിമയം നടത്തുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ ബോധവല്‍ക്കരണ പത്രികകള്‍ പത്തോളം ഭാഷകളിലേക്ക് പരിഭാഷ ചെയ്ത് വിതരണം ചെയ്യുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദ് അല്‍ അലി പറഞ്ഞു.