
ബീജിങ്: 2020 ലോക രാജ്യങ്ങള്‍ പ്രതിസന്ധിയില്‍ പകച്ച വര്‍ഷമാണ്. കൊറോണ വൈറസ് രോഗത്തിന്റെ വ്യാപനം കാരണം പ്രധാന രാജ്യങ്ങളെല്ലാം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഗതാഗത സൗകര്യങ്ങള്‍ എല്ലാം നിലച്ചു. അതുകൊണ്ടുതന്നെ എണ്ണ ഉപയോഗം കുറഞ്ഞു. എണ്ണ വില ഇടിയാനും തുടങ്ങി. ക്രമേണ വീണ്ടെടുക്കല്‍ ശക്തമാകുകയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യം എന്ന പദവിയില്‍ ചൈന തന്നെയാണ് ഇപ്പോഴും മുമ്പില്‍. ചൈന കൂടുതലായി എണ്ണ ഇറക്കുമതി ചെയ്തിരുന്നത് റഷ്യയില്‍ നിന്നായിരുന്നു. എന്നാല്‍ 2020ല്‍ ഇതിന് മാറ്റം സംഭവിച്ചു. സൗദി അറബ്യേയില്‍ നിന്നാണ് ചൈന കഴിഞ്ഞ വര്‍ഷം കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്തത് എന്ന് രേഖകള്‍ വ്യക്കമാക്കുന്നു.
ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് സൗദി അറേബ്യ. കൊറോണ വേളയില്‍ കൂടുതല്‍ എണ്ണ ഇറക്കാന്‍ ചൈന ആശ്രയിച്ചത് സൗദിയെ ആണ്. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ചൈന. 2020ല്‍ ചൈനയുടെ ഇറക്കുമതി 7.3 ശതമാനം വര്‍ധിച്ചു. പ്രതിദിനം 10.85 ദശലക്ഷം ബാരല്‍ എണ്ണയാണ് ഇറക്കുമതി ചെയ്തത്. 2019ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 1.9 ശതമാനം കൂടുതലാണിത്. സൗദിയില്‍ നിന്ന് ചൈനയിലേക്ക് വന്ന എണ്ണയുടെ കണക്ക് 84.92 ദശലക്ഷം ടണ്‍ ആണ്. രണ്ടാംസ്ഥാനത്തുള്ള റഷ്യയില്‍ നിന്ന് ചൈനയിലേക്ക് വന്നതാകട്ടെ 83.57 ദശലക്ഷം ടണ്‍ എണ്ണയും.
ഇറാനില്‍ നിന്നും വെനസ്വേലയില്‍ നിന്നും ചൈന നേരത്തെ എണ്ണ ഇറക്കുമതി ചെയ്തിരുന്നു. എന്നാല്‍ ഈ രണ്ട് രാജ്യങ്ങള്‍ക്കെതിരെയും ഡൊണാള്‍ഡ് ട്രംപ് ഉപരോധം പ്രഖ്യാപിച്ചു. ഇതോടെ ഇവരുടെ എണ്ണ വാങ്ങുന്നതിനും ഇടപാട് നടത്തുന്നതിനും തടസം നേരിട്ടു. ഈ വേളയില്‍ നേട്ടമുണ്ടാക്കിയ എണ്ണ രാജ്യം ഇറാഖാണ്. 2020ല്‍ ഇറാഖില്‍ നിന്ന് ചൈനയിലേക്കുള്ള എണ്ണ കയറ്റുമതി 16 ശതമാനത്തില്‍ നിന്ന് 60 ശതമാനമായി ഉയരുകയാണ് ചെയ്തത്. ചൈനയിലേക്ക് കൂടുതല്‍ എണ്ണ കയറ്റി അയക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇറാഖ്. ബ്രസീല്‍ ആണ് നാലാമത്തെ രാജ്യം.