സൗദി അറേബ്യയില്‍ നിന്നും ഏപ്രിലില്‍ പ്രവാസികള്‍ അയച്ചത് 13.2 ബില്യണ്‍ റിയാല്‍; 35.6 ശതമാനം വര്‍ധന

June 02, 2021 |
|
News

                  സൗദി അറേബ്യയില്‍ നിന്നും ഏപ്രിലില്‍ പ്രവാസികള്‍ അയച്ചത് 13.2 ബില്യണ്‍ റിയാല്‍;   35.6 ശതമാനം വര്‍ധന

റിയാദ്: സൗദി അറേബ്യയിലെ പ്രവാസികള്‍ ഏപ്രിലില്‍ സ്വദേശങ്ങളിലേക്ക് അയച്ചത് ഏതാണ്ട് 13.2 ബില്യണ്‍ സൗദി റിയാല്‍ (3.5 ബില്യണ്‍ ഡോളര്‍). കഴിഞ്ഞ വര്‍ഷം ഏപ്രിലിനെ അപേക്ഷിച്ച് 35.6 ശതമാനം (3.5 ബില്യണ്‍ റിയാല്‍) അധികമാണിത്. ഈ വര്‍ഷം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ നാല് മാസങ്ങളില്‍ രാജ്യത്തെ പ്രവാസികള്‍ സ്വദേശങ്ങളിലേക്ക് അയച്ച പ്രവാസിപ്പണം 50.7 ബില്യണ്‍ സൗദി റിയാലിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഉണ്ടായിരുന്നതിനേക്കാള്‍ 16.1 ശതമാനം അധികമാണിതെന്ന് സൗദി കേന്ദ്രബാങ്ക് വ്യക്തമാക്കി. 2020ലെ ആദ്യ നാല് മാസങ്ങളില്‍ 43.6 ബില്യണ്‍ റിയാലാണ് സൗദിയില്‍ നിന്നുള്ള പ്രവാസിപ്പണമായി രേഖപ്പെടുത്തിയത്.   

അതേസമയം ഈ വര്‍ഷം മാര്‍ച്ചിനെ അപേക്ഷിച്ച് പ്രവാസിപ്പണത്തില്‍ അഞ്ച് ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുണ്ട്. മാര്‍ച്ചില്‍ ആകെ 15 ബില്യണ്‍ റിയാലാണ് രാജ്യത്ത് നിന്നും പ്രവാസികളിലൂടെ വിവിധ രാജ്യങ്ങളിലേക്ക് അയച്ചത്. സൗദിയില്‍ നിന്നുള്ള പ്രവാസിപ്പണത്തില്‍ രാജ്യങ്ങള്‍ തിരിച്ചുള്ള കണക്കുകള്‍ ലഭ്യമായിട്ടില്ല. 2019നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം സൗദിയില്‍ നിന്നുള്ള പ്രവാസിപ്പണത്തില്‍ 19.2 ശതമാനം വര്‍ധന രേഖപ്പെടുത്തിയിരുന്നു. 2019ല്‍ 125.5 ബില്യണ്‍ സൗദി റിയാലും 2020ല്‍ 149.6 ബില്യണ്‍ റിയാലുമാണ് സൗദിയിലെ പ്രവാസികള്‍ സ്വദേശങ്ങളിലേക്ക് അയച്ചത്.   

സൗദി അറേബ്യയിലെ മൊത്തം ജനസംഖ്യയായ 34.8 ദശലക്ഷത്തില്‍ ഏതാണ്ട് 10.5 ദശലക്ഷം പേര്‍ വിദേശികളാണ്. ഇതില്‍ രണ്ട് മുതല്‍ രണ്ടര ദശലക്ഷം വരെ ഇന്ത്യക്കാരും 1.2 ദശലക്ഷം മുതല്‍ 1.5 ദശലക്ഷം വരെ പാക്കിസ്ഥാനികളും ആണ്. പത്ത് ലക്ഷം ഫിലിപ്പിനോകളുമായി പശ്ചിമേഷ്യയില്‍ ഏറ്റവും കൂടുതല്‍ ഫിലിപ്പിനോകള്‍ അധിവസിക്കുന്ന പ്രദേശം കൂടിയാണ് സൗദി അറേബ്യ.

Related Articles

© 2025 Financial Views. All Rights Reserved