
റിയാദ്: വ്യാജ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചതിനെത്തുടര്‍ന്ന് വെബ് സൈറ്റ് പൂട്ടിച്ച് സൗദി അറേബ്യ. ഉല്‍പ്പന്നങ്ങളുടെ കാര്യമായ വിശദാംശങ്ങളുമില്ലാതായതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ ഒരു വെബ് സൈറ്റ് പൂട്ടിച്ചപ്പോള്‍ തന്നെ അതേ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന പരസ്യങ്ങളുമായി മറ്റ് അഞ്ചെണ്ണം രംഗത്തുവന്നു. എല്ലാം അറബി ഭാഷയില്‍ പരസ്യം നല്‍കി ആകര്‍ഷിപ്പിക്കും വിധം സജീവം. പരിശോധന നടത്തിയപ്പോഴാണ് ചൈനീസ് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയാണ് ഇത്തരം വെബ്സൈറ്റുകള്‍ വഴി നടക്കുന്നതെന്ന് വ്യക്തമായത്. തുടര്‍ന്ന് സൗദി അധികൃതര്‍ പരിശോധന ശക്തമാക്കി. 184 വെബ്സൈറ്റുകള്‍ പൂട്ടിച്ചു.
ഗുണമേന്മയില്ലാത്ത വസ്തുക്കളാണ് ഈ വെബ്സൈറ്റ് വില്‍പ്പന നടത്തിയിരുന്നതെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വാങ്ങിയ വസ്തുക്കള്‍ ഗുണമേന്മയില്ലെങ്കില്‍ തിരിച്ചു നല്‍കാനോ എക്സ്ചേഞ്ച് ചെയ്യാനോ ഉള്ള ഒപ്ഷന്‍ വെബ്സൈറ്റുകളിലുണ്ടായിരുന്നില്ല. ഇത് സംബന്ധിച്ച് ആക്ഷേപം ഉയര്‍ന്നപ്പോഴാണ് ഭരണകൂടം ഇടപെട്ടതെന്ന് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. ഉല്‍പ്പന്നങ്ങള്‍ സംബന്ധിച്ച് വ്യക്തമായ വിവരങ്ങളും സംഭരണ കേന്ദ്രങ്ങളെ കുറിച്ചുള്ള കാര്യങ്ങളും ഈ വെബ്സൈറ്റുകളില്‍ ഉണ്ടായിരുന്നില്ല. മാത്രമല്ല, കൃത്യമായ വിലാസമോ ഫോണ്‍ നമ്പറോ ഇവര്‍ പരസ്യപ്പെടുത്തിയിരുന്നുമില്ല.
വില കുറവില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതില്‍ ഒട്ടേറെ പേര്‍ വഞ്ചിക്കപ്പെടുകയും ചെയ്തു. വിശ്വസ്തതയില്ലാത്ത സ്ഥാപനങ്ങളുടെ വസ്തുക്കള്‍ വാങ്ങരുതെന്ന് അധികൃതര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയ വഴി നടക്കുന്ന പ്രചാരണത്തില്‍ വീഴരുതെന്നും സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു. ഇലക്ട്രോണിക് വസ്തുക്കള്‍, സുഗന്ദ ദ്രവ്യങ്ങള്‍, ബാഗ്, ഷൂ, വസ്ത്രങ്ങള്‍, സൗന്ദര്യ വസ്തുക്കള്‍ എന്നിവയാണ് ഓണ്‍ലൈന്‍ വഴി വില്‍പ്പന നടത്തിയിരുന്നത്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന വെബ്സൈറ്റുകളെ സര്‍ക്കാര്‍ നിരീക്ഷിച്ചുവരികയാണ്.