സൗദി അറേബ്യക്ക് ആശ്വാസം; 4 എണ്ണപ്പാടങ്ങള്‍ കൂടി കണ്ടെത്തി

December 28, 2020 |
|
News

                  സൗദി അറേബ്യക്ക് ആശ്വാസം;  4 എണ്ണപ്പാടങ്ങള്‍ കൂടി കണ്ടെത്തി

റിയാദ്: സൗദി അറേബ്യയ്ക്ക് ആശ്വാസമായി 4 എണ്ണ-വാതക പാടങ്ങള്‍ കൂടി കണ്ടെത്തി. റഫ്ഹാ നഗരത്തോട് ചേര്‍ന്ന അല്‍ അജ്രമിയ മേഖലയിലാണ് എണ്ണപ്പാടങ്ങള്‍ കണ്ടെത്തിയതെന്ന് അരാംകോ അറിയിച്ചു. ഓരോ ദിവസവും ശരാശരി 3850 ബാരല്‍ എണ്ണ ഇവിടെ നിന്ന് ഖനനം ചെയ്യാനാകുമെന്നാണ് കണക്കാക്കുന്നത്. അല്‍ അജ്രമിയ്യ, അല്‍ റഈശ്, അല്‍ സര്‍റാഹ് എന്നിവിടങ്ങളിലാണ് പുതിയ എണ്ണ-വാതക ശേഖരം. അരാംകോയ്ക്ക് കീഴിലായിരിക്കും ഇവിടെ പ്രകൃതി വിഭവങ്ങളുടെ ഖനനം നടക്കുക.

ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് സൗദി അറേബ്യ. ഇന്ത്യ, ചൈന, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കാണ് സൗദി എണ്ണ കൂടുതലെത്തുന്നത്. സൗദി അറേബ്യയുടെ പ്രധാന വരുമാനമാര്‍ഗവും എണ്ണയാണ്. കൊറോണ കാലത്ത് ലോക്ക്ഡൗണ്‍ കാരണം ഉപയോഗം കുറഞ്ഞപ്പോള്‍ സൗദി അറേബ്യയ്ക്ക് പ്രതിസന്ധി ഇരട്ടിയാകാന്‍ കാരണവും ഇതുതന്നെയായിരുന്നു. എന്നാല്‍ അടുത്ത കാലത്തായി സൗദി എണ്ണ ഇതര വരുമാന മാര്‍ഗങ്ങള്‍ കൂടി തേടുന്നുണ്ട്.

എണ്ണവില നിശ്ചയിക്കുന്നതില്‍ സൗദി അറേബ്യയ്ക്ക് മുഖ്യ പങ്കാണുള്ളത്. ഉല്‍പ്പാദനം കൂട്ടിയും കുറച്ചുമാണ് സൗദി വില പിടിച്ചുനിര്‍ത്തുന്നത്. അടുത്തിടെ ലോക്ക്ഡൗണ്‍ കാലത്ത് എണ്ണ വില ബാരലിന് 20 ഡോളര്‍ എന്ന നിലയിലേക്ക് താഴ്ന്നിരുന്നു. ഈ വേളയില്‍ സൗദി ഉള്‍പ്പെടെയുള്ള ഒപെക് രാജ്യങ്ങള്‍ ഉല്‍പ്പാദനം കുറയ്ക്കുകയാണ് ചെയ്തത്. നിലവില്‍ എണ്ണവില 40 ഡോളറിലധികം കടന്നിരിക്കുകയാണ്.

ഓരോ ദിവസവും 143 കോടിയിലധികം ബാരല്‍ എണ്ണയാണ് സൗദി ഉല്‍പ്പാദിപ്പിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമാണ് സൗദി. പുതിയ എണ്ണപ്പാടങ്ങള്‍ കൂടി കണ്ടെത്തിയത് സൗദിക്ക് നേട്ടമാണ്. ലോകത്ത് മൊത്തമുള്ള എണ്ണയുടെ അഞ്ചിലൊന്ന് സൗദിയുടെ കൈവശമാണ് എന്നാണ് കണക്കാക്കുന്നത്.

Related Articles

© 2024 Financial Views. All Rights Reserved