
ന്യൂഡല്‍ഹി: നടപ്പുവര്‍ഷം സൗദി അറേബ്യയുടെ സമ്പദ് വ്യവസ്ഥ കൂടുതല്‍ വളര്‍ച്ച കൈവരിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. ഇക്കാര്യം സൗദി കേന്ദ്ര ബാങ്ക് ഗവര്‍ണര്‍ തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. എണ്ണ ഇതര മേഖലയിലെ വളര്‍ച്ചയാണ് സൗദി അറേബ്യയുടെ ജിഡിപി വളര്‍ച്ച ഈ വര്‍ഷം ഉയരുമെന്ന് പ്രതീക്ഷിക്കുന്നതെന്ന് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ അഹ്മദ് അല്‍ഖലീഫി വ്യക്തമാക്കിയത്. എന്നാല്‍ കൊറോണ വൈറസിന്റെ ആഘാതവും അന്താരാഷ്ട്ര തലത്തില്‍ നടന്ന ചില പ്രതിസന്ധികളും കാരണം സൗദിയടക്കമുള്ള രാഷ്ട്രങ്ങള്‍ വലിയ സാമ്പത്തിക ഞെരുക്കമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്.
മാത്രമല്ല സൗദിയുടെ വളര്‍ച്ചയില്‍ മുഖ്യ പങ്ക് വഹിക്കുന്ന എണ്ണ കയറ്റുമതി പോലും 2019 ല്‍ ഇടിഞ്ഞിട്ടുണ്ട്. 2019 ലെ കണക്കുകള്‍ അനുസരിച്ച് 10.75 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് ജോയിന്റ് ഓര്‍ഗനൈസേഷന്‍സ് ഡേറ്റ ഇനിഷ്യേറ്റീവ് പുറത്തുവിട്ട വിവരങ്ങള്‍ പറയുന്നു.
2019 ലെ ശരാശരി എണ്ണ കയറ്റുമതി പ്രതിദിനം 8.339 മില്യണ്‍ ബാരല്‍ ആണ്. 2018 ല്‍ പ്രതിദിനം 9.344 മില്യണ്‍ ബാരല്‍ ഉണ്ടായിരുന്ന കയറ്റുമതി ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. 114 രാജ്യങ്ങളില്‍ നിന്നായി ശേഖരിച്ച വിവരങ്ങള്‍ പ്രകാരം ഡിസംബറില്‍ സൗദി അറേബ്യയുടെ ക്രൂഡ് ഓയില്‍ കയറ്റുമതി മാറ്റമില്ലാതെ പ്രതിദിനം 7.37 മില്യണ്‍ ബാരല്‍ ആയിത്തുടര്‍ന്നു. 2019 വര്‍ഷത്തില്‍ ഒരു മാസത്തിലും സൗദിയുടെ ക്രൂ ഓയില്‍ കയറ്റുമതി പ്രതിദിനം 7.4 മില്യണ്‍ ബാരലില്‍ കൂടിയിട്ടില്ല.