
റിയാദ്: പ്രാദേശിക തലത്തില്‍ നടത്തിയ ഗ്രീന്‍ ഫിനാന്‍സിംഗ് വായ്പ സംവിധാനത്തിലൂടെ സൗദി അറേബ്യയിലെ റെഡ് സീ ഡെവലപ്മെന്റ് കമ്പനി (ടിആര്‍എസ്ഡിസി) 14.12 ബില്യണ്‍ സൗദി റിയാലിന്റെ (3.76 ബില്യണ്‍ ഡോളര്‍) വായ്പ സ്വന്തമാക്കി. സൗദി അറേബ്യയിലെ നാല് ബാങ്കുകളില്‍ നിന്നും വായ്പയിലൂടെയും റിവോള്‍വിംഗ് ക്രെഡിറ്റ് സംവിധാനത്തിലൂടെയുമാണ് റെഡ് സീ പദ്ധതിക്ക് വേണ്ട ധന സമാഹരണം നടത്തിയത്.
പടിഞ്ഞാറന്‍ തീരത്ത് നിര്‍മാണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന കോടിക്കണക്കിന് ഡോളറിന്റെ ടൂറിസം പദ്ധതിയായ റെഡ് സീ പദ്ധതി നിലവിലെ നിര്‍മാണ പ്രവൃത്തികള്‍ ലക്ഷ്യമിട്ടാണ് ധനസമാഹരണം നടത്തിയത്. ബാങ്ക് സൗദി ഫ്രാന്‍സി, റിയാദ് ബാങ്ക്, സൗദി ബ്രിട്ടീഷ് ബാങ്ക്, സൗദി നാഷണല്‍ ബാങ്ക് എന്നീ ബാങ്കുകളാണ് ധന സമാഹരണത്തില്‍ പങ്കെടുത്തത്.
റെഡ് സീ പദ്ധതിയെയും വിഷന്‍ 2030യെയും സംബന്ധിച്ചെടുത്തോളം മറ്റൊരു നാഴികക്കല്ലാണ് ഈ ഫണ്ടിംഗ് എന്ന് ടിആര്‍എസ്ഡിസിയിലെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ ജെ റോസന്‍ പറഞ്ഞു. ബാങ്കുകളില്‍ നിന്നുള്ള ഈ പിന്തുണ നിക്ഷേപകര്‍ക്ക് പ്രോജക്ടിലുള്ള വിശ്വാസ്യത വര്‍ധിപ്പിക്കും. സുരക്ഷിതമായ മൂലധന ഘടനയോടെ പ്രോജക്ട് നിക്ഷേപകര്‍ക്ക് കൂടുതല്‍ സ്വീകാര്യമായി മാറുമെന്നും റോസന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
ഇന്റര്‍നാഷണല്‍ കാപ്പിറ്റല്‍ മാര്‍ക്കറ്റ്സ് അസോസിയേഷന്റെയും ലോണ്‍ മാര്‍ക്കറ്റ് അസോസിയേഷന്റെയും ഹരിത വായ്പ നയങ്ങളും ഗ്രീന്‍ ബോണ്ട് നയങ്ങളും അനുസരിക്കുന്ന പ്രോജക്ടുകളാണ് ഗ്രീന്‍ ഫിനാന്‍സിംഗിന് അര്‍ഹത നേടുക. റെഡ് സീ പദ്ധതിക്കുള്ള ഹരിത വായ്പ ഇടപാടിന് മധ്യസ്ഥത വഹിച്ചത് എച്ച്എസ്ബിസിയാണ്. ഹരിത വായ്പ ചട്ടക്കൂടിലൂടെ ടിആര്‍എസ്ഡിസിക്ക് കൂടുതല്‍ ഹരിത വായ്പകള്‍ക്കും മറ്റ് വായ്പ സൗകര്യങ്ങള്‍ക്കും അവസരം ലഭിക്കും. വായ്പകള്‍ ലഭ്യമാക്കുന്ന ബാങ്കുകളുടെ പാരിസ്ഥിതിക, സാമൂഹിക, ഭരണ യോഗ്യതകള്‍ ശക്തിപ്പെടുത്താനും ഈ ഇടപാട് നേട്ടമാകുമെന്ന് കമ്പനി അറിയിച്ചു.