
റിയാദ്: എണ്ണവില കുത്തനെ ഇടിഞ്ഞതിനാല്‍ സൗദി അരാംകോയുടെ രണ്ടാം പാദത്തിലെ അറ്റാദായം 73.4 ശതമാനം ഇടിഞ്ഞു. ജൂണ്‍ 30 വരെയുള്ള മൂന്ന് മാസങ്ങളില്‍ കമ്പനി 6.6 ബില്യണ്‍ ഡോളറിന്റെ അറ്റാദായം രേഖപ്പെടുത്തി. 2019 ലെ സമാന കാലയളവില്‍ ഇത് 24.7 ബില്യണ്‍ ഡോളറായിരുന്നു.
ക്രമേണ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുകയും സമ്പദ് വ്യവസ്ഥയെ റീബൂട്ട് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് സൗദി അരാംകോ ഇപ്പോള്‍ ഊര്‍ജ്ജ വിപണിയില്‍ ഭാഗികമായ വീണ്ടെടുക്കല്‍ പ്രകടിപ്പിക്കുന്നതായി ചീഫ് എക്‌സിക്യൂട്ടീവ് അമിന്‍ നാസര്‍ ഞായറാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഏറ്റവും മോശമായ അവസ്ഥ ഞങ്ങള്‍ മറികടന്നിരിക്കാം എന്നും നാസര്‍ പറഞ്ഞു.
അന്താരാഷ്ട്ര എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ജനുവരി ആദ്യം ബാരലിന് 70 ഡോളറില്‍ നിന്ന് ഏപ്രിലില്‍ 20 ഡോളറിന് താഴേക്ക് വരെ ഇടിഞ്ഞു. അടച്ചുപൂട്ടലിന്റെ ഏറ്റവും ഉയര്‍ന്ന സമയത്ത് ഉപഭോഗം മൂന്നിലൊന്നായി കുറഞ്ഞു. അതിനുശേഷം ഏകദേശം 44 ഡോളറിലേക്ക് നിരക്ക് ഉയര്‍ന്നു. ചൈനയുടെ ഗ്യാസോലിന്‍, ഡീസല്‍ ആവശ്യം കൊവിഡ് -19 ന് മുമ്പുള്ള നിലയിലെത്തിയതായും ഏഷ്യയും മറ്റ് വിപണികളും സമാനമായി മികച്ച നിലയിലേക്ക് എത്തുമെന്ന് കരുതുന്നതായും നാസര്‍ കൂട്ടിച്ചേര്‍ത്തു.