
റിയാദ്: ഹൂതി വിമതര്‍ സൗദി അരാംകോയ്ക്ക് നേരെ നടത്തിയ ആക്രമണം സൗദിയുടെ സാാമ്പത്തിക വളര്‍ച്ചയെ ഗുരുരമായി ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഇപ്പോള്‍ നേരിട്ട പ്രതിസന്ധിയെ മറികടക്കാന്‍ സൗദി കേന്ദ്രബാങ്ക് തന്നെ ഊര്‍ജിതമായ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാണെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. രാജ്യത്തെ ബാങ്കുകള്‍ക്ക് 500 ബില്യണ്‍ ഡോളര്‍ വായ്പാ സഹായം നല്‍കാന്‍ തയ്യാറാണെന്നാണ് സൗദി കേന്ദ്ര ബാങ്ക് ഗവര്‍ണര്‍ അഹമ്മദ് അബ്ദുല്‍ കരീം അല്‍ ഖോലീഫെ പറഞ്ഞിരിക്കുന്നത്. ബാങ്കിന്റെ കൈവശം 500 ബില്യണ്‍ ഡോളറിലധികം വിദേശ നാണ്യ കരുതല്‍ ധനം ഉണ്ടെന്നാണ് അവകാശപ്പെടുന്നത്.
സൗദിയുടെ ഇപ്പോഴത്തെ നയം വളരെ വ്യക്തവുമാണ്. ഡോളറിനെ അടിസ്ഥാനപ്പെടുത്തിയുള്ള കറന്‍സി മൂല്യ നിര്‍ണയത്തില്‍ മാറ്റങ്ങളൊന്നും വരുത്തില്ല. ബാങ്കിന്റെ ഊര്‍ജിതമായ ഇടപെടലില്‍ സൗദി ഇപ്പോള്‍ നേരിടുന്ന സാമ്പത്തിക ഞെരുക്കത്തെ അതിജീവിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. അതേസമയം മൂന്ന് വര്‍ഷം മുന്‍പ് എണ്ണ വില ഏറ്റവും താഴ്ന്ന നിരക്കിലേക്കെത്തിയപ്പോഴും സൗദി കേന്ദ്രബാങ്ക് വെല്ലുവിളികളെ അതിജീവിക്കാന്‍ ഊര്‍ജിതമായ ഇടപെടലാണ് നടത്തിയത്. സൗദി തങ്ങളുടെ പരമ്പരാഗത സാമ്പത്തിക നയങ്ങളില്‍ കൂടുതല്‍ അഴിച്ചുപണികള്‍ നടത്തിയിട്ടുണ്ടെങ്കിലും എണ്ണ വിപണനമാണ് സൗദിയുടെ വരുമാനത്തിന് ആക്കം കൂട്ടുന്നത്. വിനോദം, ടൂറിസം, അടിസ്ഥാന സൗകര്യ വികസനം എന്നിവ ശക്തിപ്പെടുത്താനും സൗദി വിഷന്‍ 2030 ലൂടെ ലക്ഷ്യമിടുന്നുണ്ട്.
അതേസമയം അരാംകോയ്ക്ക് നേരെ നടന്ന ഭീകരാക്രമണം സൗദി സമ്പദ് വ്യവസ്ഥയെ ഒന്നാകെ പിടിച്ചുകുലുക്കിയിട്ടുണ്ട്. സൗദി വിപണികളില്‍ നിന്ന് കൂടുതല്‍ നിക്ഷേപകര്‍ പിന്നോട്ടുപോകുന്ന പ്രവണതയാണ് ഉണ്ടായിട്ടുള്ളത്. അതോടപ്പം അന്താരാഷ്ട്ര എണ്ണ വിപണന മേഖലയില്‍ കൂടുതല്‍ സമ്മര്‍ദ്ദവും ഉണ്ടാകാനുള്ള സാഹചര്യം ശക്തവുമാണ്. ആഗോളതലത്തില്‍ 35-40 ദിവസം വരെ വിതരണം ചെയ്യാനുള്ള എണ്ണ കൂടുതല്‍ കൈവശമുള്ളത് സൗദി അരാംകോയുടെ കീഴിലാണ്. അരാംകോ ഇപ്പോള്‍ നേരിട്ട പ്രശ്‌നങ്ങള്‍ വേഗത്തില്‍ തരണം ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ അതിഭയങ്കരമായ പ്രതിസന്ധി ലോകം നേരിടേണ്ടി വരും. ഈ സാഹചര്യത്തില്‍ സൗദി അരാംകോ ഉത്പ്പാദനം വെട്ടിക്കുറച്ചാല്‍ ലോകം വലിയ ഊര്‍ജ പ്രതസിന്ധി നേരിടേണ്ടി വന്നെക്കും. ഈ സാഹചര്യത്തില്‍ 20 ലക്ഷം ബാരല്‍ ഉത്പ്പാദനം നടത്തി പ്രതിസന്ധിയെ തരണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അരാംകോ.
എണ്ണ ഇറക്കുമതിച്ചിലവ് അധികരിച്ചാല്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ വലിയ പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വരും. രാജ്യത്ത് എണ്ണഇറക്കുമതിച്ചിലവ് അധികരിച്ചാല്‍ പണപ്പെരുപ്പം നാല് ശതമാനമാക്കി പിടിച്ചുനിര്‍ത്തുക അത്ര എളുപ്പമല്ലെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം വിലയിരുത്തിട്ടുള്ളത്. ഇതോടെ ആഗോള എണ്ണ വിപണിയില്‍ കൂടുതല്‍ ആശയകുഴപ്പങ്ങളാണ് ഇപ്പോള്‍ ഉടലെടുത്തിട്ടുള്ളത്. ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങള്‍ എണ്ണ വില കുതിച്ചുയരാന്‍ കാരണമാകും. ഏകദേശം 5.7 ദശലക്ഷം ബാരല്‍ എണ്ണയുടെ ഉത്പ്പാദനമാണ് സൗദിയില്‍ കുറഞ്ഞിരിക്കുന്നത്. സൗദിയുടെ ഉത്പ്പാദനം കുറഞ്ഞാല്‍ അന്താരാഷ്ട്ര തലത്തില്‍ എണ്ണ ആവശ്യകത വര്‍ധിക്കുകയും കൂടുതല്‍ പ്രതിസന്ധി നേരിടേണ്ടി വരുമെന്നാണ് വിദഗ്ധര്‍ ഒന്നാകെ ചൂണ്ടിക്കാട്ടുന്നത്.