സൗദി അറേബ്യയുടെ വളര്‍ച്ച നിഗമനം ഉയര്‍ത്തി ഗോള്‍ഡ്മാന്‍ സാക്സ്

June 17, 2021 |
|
News

                  സൗദി അറേബ്യയുടെ വളര്‍ച്ച നിഗമനം ഉയര്‍ത്തി ഗോള്‍ഡ്മാന്‍ സാക്സ്

റിയാദ്: എണ്ണവില വര്‍ധനയും ഉയര്‍ന്ന ഇന്ധനക്കയറ്റുമതിയും കണക്കിലെടുത്ത് യുഎസ് ഇന്‍വെസ്റ്റ്മെന്റ് ബാങ്കായ ഗോള്‍ഡ്മാന്‍ സാക്സ് സൗദി അറേബ്യയുടെ ഈ വര്‍ഷത്തെയും അടുത്തവര്‍ഷത്തെയും വളര്‍ച്ചാ നിഗമനം ഉയര്‍ത്തി. ഈ വര്‍ഷം സൗദിയിലെ ജിഡിപി (മൊത്തം ആഭ്യന്തര ഉല്‍പ്പാദനം) വളര്‍ച്ച 4.5 ശതമാനത്തില്‍ എത്തുമെന്നും 2022ല്‍ ഇത് 7 ശതമാനമാകുമെന്നും ഗോള്‍ഡ്മാന്‍ അനലിസ്റ്റായ ഫറൂഖ് സൂസ്സ പറഞ്ഞു. സൗദിയിലെ നിര്‍മാണം, ധനകാര്യം, കെട്ടിട നിര്‍മാണം തുടങ്ങിയ മേഖലകളിലെ മൊത്തത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ കാര്യമായ വര്‍ധനവ് പ്രകടമായതായി ബാങ്ക് പറഞ്ഞു.   

എണ്ണവില ബാരലിന് 70 ഡോളറിന് മുകളില്‍ എത്തിയതോടെ, രാജ്യത്തെ ഇന്ധന മേഖലയിലെ പ്രതിസന്ധികളില്‍ കാര്യമായ കുറവുണ്ടാകും. മാത്രമല്ല സൗദി അറേബ്യയില്‍ നിന്നുള്ള എണ്ണക്കയറ്റുമതി സംബന്ധിച്ച അനുമാനത്തില്‍ 500,000 ബാരല്‍ കൂട്ടിച്ചേര്‍ത്ത് ഈ വര്‍ഷത്തെ പ്രതിദിന കയറ്റുമതി അനുമാനം 10 ദശലക്ഷം ബാരലാക്കി ഉയര്‍ത്തിയിട്ടുണ്ടെന്നും അടുത്തവര്‍ഷം ഇത് ശരാശരി 10.5 ദശലക്ഷം ആയേക്കുമെന്നും ഫാറൂഖ് പറഞ്ഞു. 

സൗദി സമ്പദ് വ്യവസ്ഥ വളര്‍ച്ച വീണ്ടെടുത്തുവെന്നതിന്റെ ഏറ്റവുമൊടുവിലത്തെ സൂചനയാണ് ഗോള്‍ഡ്മാന്‍ സാക്സ് സൗദി അറേബ്യയുടെ വളര്‍ച്ചാ നിഗമനങ്ങളില്‍ വരുത്തിയ പരിഷ്‌കാരം. ഈ വര്‍ഷം 3.2 ശതമാനം വളര്‍ച്ചയാണ് കണക്കുകൂട്ടുന്നതെന്ന് സൗദി ധനമന്ത്രാലയം ജനുവരിയില്‍ പറഞ്ഞിരുന്നു. പകര്‍ച്ചവ്യാധിയുടെയും എണ്ണവിലത്തകര്‍ച്ചയുടെയും പശ്ചാത്തലത്തില്‍ സൗദി സമ്പദ് വ്യവസ്ഥ കഴിഞ്ഞ വര്‍ഷം കാര്യമായ തകര്‍ച്ച നേരിട്ടിരുന്നു. അതേസമയം അന്താരാഷ്ട്ര നാണ്യനിധി ഈ വര്‍ഷം സൗദി സമ്പദ് വ്യവസ്ഥയില്‍ 2.1 ശതമാനം വളര്‍ച്ചയാണ് കണക്കുകൂട്ടുന്നത്.

 

Related Articles

© 2024 Financial Views. All Rights Reserved