സാമ്പത്തിക കുതിപ്പില്‍ സൗദി അറേബ്യ; 7.4 ശതമാനം ജിഡിപി വളര്‍ച്ച അനുമാനം

December 14, 2021 |
|
News

                  സാമ്പത്തിക കുതിപ്പില്‍ സൗദി അറേബ്യ;  7.4 ശതമാനം ജിഡിപി വളര്‍ച്ച അനുമാനം

കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികളെ മറികടന്ന് ഗള്‍ഫ് ഉപഭൂഖണ്ഡത്തിലെ വന്‍ ശക്തിയായ സൗദി അറേബ്യയുടെ സാമ്പത്തിക കുതിപ്പ്. ചെലവ് ചുരുക്കിയതിനൊപ്പം സാമ്പത്തിക പരിഷ്‌കാരങ്ങള്‍ സമയോചിതമായി നടപ്പിലാക്കിയതും സൗദി അറേബ്യക്ക് അടുത്ത വര്‍ഷത്തോടെ മിച്ച ബജറ്റ് അവതരിപ്പിക്കാനുമുള്ള സാഹചര്യമൊരുക്കി. അടുത്തിടെ ക്രൂഡോയില്‍ വില വര്‍ധിച്ചതും ഈ നേട്ടത്തിന് സൗദി സമ്പദ്ഘടയെ സഹായിച്ചു. ക്രൂഡോയില്‍ വിലയിടിവിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ 2014-ന് ശേഷം ആദ്യമായാണ് സൗദി അറേബ്യക്ക് മിച്ച ബജറ്റ് അവതരിപ്പിക്കാന്‍ കളമൊരുങ്ങുന്നത്.

ഈ വര്‍ഷം തുടക്കത്തില്‍ ജിഡിപിയുടെ 2.7 ശതമാനം അഥവാ 9,000 കോടി റിയാല്‍ ധനക്കമ്മി ഉണ്ടാകുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ അടുത്ത വര്‍ഷത്തോടെ ബജറ്റില്‍, ആഭ്യന്തര മൊത്ത ഉത്പാദനത്തിന്റെ (ജിഡിപി) 2.5 ശതമാനം മിച്ചം പിടിക്കാനാകുമെന്ന നിലയിലേക്ക് കാര്യങ്ങള്‍ മെച്ചപ്പെട്ടുവെന്ന് സൗദി ധനമന്ത്രി മുഹമ്മദ് അല്‍-ജദാന്‍ വ്യക്തമാക്കി. ഇത് സൗദിയില്‍ നടപ്പിലാക്കുന്ന സാമ്പത്തിക പരിഷ്‌കാരങ്ങളുടെ സാധ്യതയെയാണ് സ്ഥിരീകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

''ബജറ്റ് വിഹിതത്തില്‍ മിച്ചം പിടിക്കുന്നതിലൂടെ രാജ്യത്തിന്റെ കരുതല്‍ ധന ശേഖരത്തില്‍ വര്‍ധനവുണ്ടാക്കും. കോവിഡ് മഹാമാരിയെ നേരിടുന്നതിന് കൂടുതല്‍ പണം ലഭ്യമാക്കാനാകും. കൂടാതെ സമ്പദ്ഘടനയെ ശക്തിപ്പെടുത്താന്‍ സഹിയിക്കുന്നതിനോടൊപ്പം പുതിയ വെല്ലുവിളികളെ ഫലപ്രദമായി നേരിടാന്‍ രാജ്യത്തെ സജ്ജമാക്കുമെന്നും'' സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞതായി സൗദി സര്‍ക്കാരിന്റെ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇതിനിടെ, അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള പൊതു ബജറ്റിന് സൗദി അറേബ്യന്‍ മന്ത്രിസഭ അംഗീകാരം നല്‍കി. ആരോഗ്യ, വിദ്യാഭ്യാസ, അടിസ്ഥാന മേഖല വികസനത്തിന് ഊന്നല്‍ നല്‍കിയുള്ളതാണ് പുതിയ ബജറ്റ്. ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ധനമന്ത്രി മുഹമ്മദ് അല്‍ ജദാന്‍ ആണ് ബജറ്റ് അവതരിപ്പിച്ചത്. 95,500 കോടി റിയാല്‍ ചെലവും 1,04,500 റിയാല്‍ വരവും കണക്കാക്കുന്ന ബജറ്റില്‍ 9000 കോടി റിയാല്‍ മിച്ചവും പ്രതീക്ഷിക്കുന്നു. കൂടാതെ അടുത്ത വര്‍ഷം 7.4 ശതമാനം നിരക്കില്‍ ജിഡിപി വളര്‍ച്ചയുണ്ടാകുമെന്നാണ് അനുമാനം.

Related Articles

© 2025 Financial Views. All Rights Reserved