
റിയാദ്: സൗദി അറേബ്യയുടെ വിദേശ നാണ്യ കരുതല്‍ ശേഖരം മാര്‍ച്ചില്‍ 1.7 ശതമാനം ഉയര്‍ന്ന് 1.683 ട്രില്യണ്‍ സൗദി റിയാലില്‍ (448.9 ബില്യണ്‍ ഡോളര്‍) എത്തി. അതേസമയം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കരുതല്‍ ശേഖരത്തില്‍ അഞ്ച് ശതമാനം ഇടിവുണ്ടായതായി സൗദി കേന്ദ്രബാങ്കായ സൗദി അറേബ്യന്‍ ധനകാര്യ അതോറിട്ടി (സമ) വ്യക്തമാക്കി. വിദേശ ആസ്തികളിലുള്ള നിക്ഷേപം മാര്‍ച്ചില്‍ 0.2 ശതമാനം ഉയര്‍ന്ന് 1.124 ട്രില്യണ്‍ റിയാലായി. അതേസമയം ഫോറിന്‍ എക്സ്ചേഞ്ചിലും വിദേശങ്ങളിലുമുള്ള നിക്ഷേപം 5.7 ശതമാനം കൂടി 513.6 ബില്യണ്‍ റിയാലിലെത്തി. അന്താരാഷ്ട്ര നാണ്യ നിധിയില്‍ സൗദി അറേബ്യയുടെ കരുതല്‍ ശേഖര നില 3.6 ശതമാനം കൂടി 129.9 ബില്യണ്‍ റിയാലായി.
സൗദി സമ്പദ് വ്യവസ്ഥ വരും ദശാബ്ദത്തില്‍ വലിയ രീതിയിലിലുള്ള വളര്‍ച്ച കൈവരിക്കുമെന്നും എല്ലാ മേഖലകളിലും വളര്‍ച്ച പ്രകടമാകുമെന്നുമാണ് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നത്. ധനകാര്യം, ഇന്‍ഷുറന്‍സ്, റിയല്‍ എസ്റ്റേറ്റ്, ബിസിനസ് മേഖലകള്‍ പ്രതിവര്‍ഷം 9 ശതമാനം വളര്‍ച്ച നേടുമെന്നും മൊത്തത്തിലുള്ള ബിസിനസ് ആക്ടിവിറ്റിയില്‍ ഈ മേഖലകള്‍ക്കുള്ള പങ്ക് 12.7 ശതമാനത്തോളം കൂടുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിഷന്‍ 2030ക്ക് കീഴിലുള്ള സാമ്പത്തിക വൈവിധ്യവല്‍ക്കരണവും ഓരോ മേഖലകളിലുണ്ടായ മാറ്റങ്ങളും സംബന്ധിച്ച് കിംഗ് അബ്ദുള്ള പെട്രോളിയം സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ (കെഎപിഎസ്എആര്‍സി) പുറത്തുവിട്ട റിപ്പോര്‍ട്ട് വിഷന്‍ 2030 പദ്ധതിക്ക് കീഴില്‍ സൗദി സമ്പദ് വ്യവസ്ഥയിലുണ്ടായ മാക്രോ ഇക്കോണമികും ഘടനാപരവുമായ പരിവര്‍ത്തനങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്.
സാമ്പത്തിക വൈവിധ്യവല്‍ക്കരണം പുറത്ത് നിന്നുള്ള ആഘാതങ്ങളില്‍ നിന്ന് സൗദി സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കുമെന്നും വെല്ലുവിളികളെ പെട്ടന്ന് അതിജീവിക്കാന്‍ ശേഷിയുള്ള, അറിവില്‍ അധിഷ്ഠിതമായ സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുമെന്നും ഉയര്‍ന്ന തൊഴില്‍ നൈപുണ്യം ആവശ്യമായ തൊഴിലുകളും സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ടില്‍ കെഎപിഎസ്എആര്‍സി ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ ഹോള്‍സെയില്‍, റീറ്റെയ്ല്‍ വ്യാപാര മേഖലകള്‍ക്കും റെസ്റ്റോറന്റു്, ഹോട്ടല്‍ മേഖലകള്‍ക്കുമുള്ള പങ്ക് 2030ഓടെ 16 ശതമായി ഉയരുമെന്നും ഗതാഗതം,സംഭരണം, ആശയവിനിമയം എന്നീ മേഖലകളും സാമ്പത്തികമായി അഭിവൃദ്ധിപ്പെടുമെന്നും റിപ്പോര്‍ട്ട് പറയുന്നു.