ബിസിനസ് സാഹചര്യം മെച്ചപ്പെടുത്തി സൗദി അറേബ്യയും യുഎഇയും

May 05, 2021 |
|
News

                  ബിസിനസ് സാഹചര്യം മെച്ചപ്പെടുത്തി സൗദി അറേബ്യയും യുഎഇയും

ദുബായ്: അറബ് ലോകത്തെ ഏറ്റവും വലിയ രണ്ട് സമ്പദ് വ്യവസ്ഥകളായ സൗദി അറേബ്യയിലെയും യുഎഇയിലെയും എണ്ണയിതര സ്വകാര്യ മേഖലയിലെ ബിസിനസ് ആക്ടിവിറ്റി ഏപ്രിലിലും മെച്ചപ്പെട്ടു. ഏപ്രിലില്‍ ഇരുരാജ്യങ്ങളിലെയും ഐഎച്ച്എസ് മാര്‍ക്കിറ്റിന്റെ പര്‍ച്ചേസിംഗ് മാനേജേഴ്സ് ഇന്‍ഡെക്സ് സാമ്പത്തിക വികസനത്തിന്റെ സൂചനകളാണ് നല്‍കുന്നത്.

സൗദി അറേബ്യയില്‍ പര്‍ച്ചേസിംഗ് മാനേജേഴ്സ് ഇന്‍ഡെക്സ് മാര്‍ച്ചിലെ 53.3ല്‍ നിന്നും ഏപ്രിലില്‍ 55.2 ആയി ഉയര്‍ന്നു. രാജ്യത്തെ എണ്ണ ഇതര സമ്പദ് വ്യവസ്ഥയിലെ കാര്യമായ പുരോഗതിയാണ് ഇത് സൂചിപ്പിക്കുന്നത്. പുതിയ വില്‍പ്പനകളില്‍ കാര്യമായ വര്‍ധന രേഖപ്പെടുത്തിയതോടെ ഏപ്രിലില്‍ ബിസിനസ് ആക്ടിവിറ്റി കുത്തനെ ഉയര്‍ന്നു. 2020 സെപ്റ്റംബറിന് ശേഷം ഓരോ മാസവും സൗദിയിലെ എണ്ണയിതര സാമ്പത്തിക മേഖലയില്‍ വളര്‍ച്ച രേഖപ്പെടുത്തുന്നുണ്ട്. കോവിഡ് 19ല്‍ നിന്നും ബിസിനസ് ലോകം കൂടുതല്‍ മുക്തമായതോടെ എണ്ണ ഇതര സമ്പദ് വ്യവസ്ഥ കൂടുതല്‍ ശക്തമായ വളര്‍ച്ച നേടുന്നു എന്നാണ്  ഏറ്റവും പുതിയ സര്‍വ്വേയിലെ വിവരങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് ഐഎച്ച്എസ് മാര്‍ക്കിറ്റിലെ സാമ്പത്തിക വിദഗ്ധനായ ഡേവിഡ് ഓവന്‍ പറഞ്ഞു.   

അഞ്ച് മാസങ്ങള്‍ക്കിടെ കമ്പനികള്‍ പുതിയ നിയമനങ്ങള്‍ നടത്തിയതോടെ അറബ് ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയും ഒപെകിലെ ഏറ്റവും വലിയ എണ്ണക്കയറ്റുമതി രാജ്യവുമായ സൗദി അറേബ്യയില്‍ തൊഴിലില്ലായ്മ നിരക്കും കുറഞ്ഞിരുന്നു. 2019 നവംബറിന് ശേഷം സൗദിയിലെ തൊഴില്‍ വിപണിയില്‍ ഇത്ര വലിയ ഉണര്‍വ്വ് ആദ്യമാണെന്ന് ഓവെന്‍ പറഞ്ഞു. കോവിഡ് 19 നിയന്ത്രണങ്ങളില്‍ ഇളവുണ്ടാകുമെന്ന പ്രതീക്ഷയില്‍ ഈ വര്‍ഷം ആദ്യമായി സൗദിയില്‍ ഡിമാന്‍ഡ് വളര്‍ച്ചയും മെച്ചപ്പെട്ടു. ഏഷ്യന്‍ ഉപഭോക്താക്കളില്‍ നിന്നുള്ള ഡിമാന്‍ഡ് ശക്തിപ്പെട്ടതുമായി ബന്ധപ്പെട്ട് കയറ്റുമതി വില്‍പ്പന ഉയര്‍ന്നത് ബിസിനസ് ആക്ടിവിറ്റിക്ക് ഉണര്‍വ്വേകി.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved