
പരമാവധി പേരെ ബാങ്കിങ് മേഖലയിലേക്ക് ഉള്‍ക്കൊള്ളിക്കുന്നതിന്റെ ഭാഗമായി തുടക്കം കുറിച്ച ജന്‍ധന്‍ അക്കൗണ്ടുടമകള്‍ക്ക് രണ്ട് ലക്ഷം രൂപയുടെ അപകട മരണ ഇന്‍ഷൂറന്‍സ് സംവിധാനമൊരുക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എസ് ബി ഐ യുടെ റുപേ ജന്‍ധന്‍ കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക എന്ന് ബാങ്ക് ട്വിറ്ററില്‍ വ്യക്തമാക്കി. നിലവില്‍ ജന്‍ധന്‍ അക്കൗണ്ടുകള്‍ക്ക് ഒരു ലക്ഷം രൂപയുടെ കവറേജ് ഉണ്ട്.
ഗ്രാമീണ മേഖലയിലുള്ളവരെ ബാങ്കിങ് പരിധിയിലേക്ക് കൊണ്ടു വരുന്നതിനാണ് പ്രധാനമന്ത്രി ജന്‍ധന്‍ യോജന എന്ന പദ്ധതി ആരംഭിച്ചത്. സൗജന്യമായി അക്കൗണ്ട് എടക്കാവുന്ന പദ്ധതിയാണിത്. 41.7 കോടി അക്കൗണ്ടുകളാണ് ഇങ്ങനെ തുടങ്ങിയത്. ഇതില്‍ 35.96 കോടി അക്കൗണ്ടുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുവെന്നാണ് സര്‍ക്കാരിന്റെ അവകാശ വാദം.
ജന്‍ധന്‍ അക്കൗണ്ടിന്റെ നേട്ടങ്ങള്‍
മറ്റ് അക്കൗണ്ടുകളെ അപേക്ഷിച്ച് ഇവിടെ ഇടപാടുകാര്‍ക്ക് കൂടുതല്‍ നേട്ടങ്ങളും നല്‍കുന്നുണ്ട്. രണ്ട് ലക്ഷം രൂപയുടെ അപകട ഇന്‍ഷൂറന്‍സ് ആണ് ഇതില്‍ പ്രധാനം. കൂടാതെ ഇത്തരം അക്കൗണ്ടുകള്‍ക്ക് മിനിമം ബാലന്‍സ് കടമ്പകളില്ല. സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് പണം നേരിട്ട് ഇത്തരം അക്കൗണ്ടുകള്‍ വഴി ലഭിക്കും. ആറു മാസം തൃപ്തികരമായി അക്കൗണ്ട് പ്രവര്‍ത്തിപ്പിച്ചാല്‍ യോഗ്യത കണക്കാക്കി ഓവര്‍ ഡ്രാഫ്റ്റ് സംവിധാനം അനുവദിക്കും.