എസ്ബിഐ ഭവന വായ്പകളുടെ മിനിമം പലിശ നിരക്ക് കുറച്ചു; നിരക്ക് അറിയാം

May 03, 2021 |
|
News

                  എസ്ബിഐ ഭവന വായ്പകളുടെ മിനിമം പലിശ നിരക്ക് കുറച്ചു; നിരക്ക് അറിയാം

മുംബൈ: എസ്ബിഐ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) ഭവന വായ്പകളുടെ മിനിമം പലിശ നിരക്ക് കുറച്ചു. 30 ലക്ഷം രൂപ വരെയുള്ള ഭവന വായ്പുകളുടെ മിനിമം പലിശ നിരക്കിലാണ് എസ്ബിഐ മാറ്റം വരുത്തിയിരിക്കുന്നത്. ഇനി മുതല്‍ 6.70 ശതമാനം മുതല്‍ 6.95 ശതമാനം വരെയായിരിക്കും ഭവന വായ്പകളുടെ (30 ലക്ഷം രൂപ വരെയുള്ള) ഏറ്റവും കുറഞ്ഞ പലിശ നിരക്ക്. മെയ് 1 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. കൃത്യം ഒരു മാസം മുന്‍പാണ് ഭവന വായ്പകളുടെ മിനിമം പലിശ നിരക്ക് 25 ബേസിസ് പോയിന്റ് എസ്ബിഐ മുന്‍പ് ഉയര്‍ത്തിയത്; അന്ന് 6.70 ശതമാനത്തില്‍ നിന്നും 6.95 ശതമാനമായി മിനിമം പലിശ നിരക്ക് വര്‍ധിച്ചിരുന്നു.
 
നിലവില്‍ 30 ലക്ഷത്തിനും 75 ലക്ഷത്തിനും ഇടയിലുള്ള ഭവന വായ്പുകളുടെ പലിശ നിരക്ക് 6.95 ശതമാനം മുതലാണ് ആരംഭിക്കുന്നത്. 75 ലക്ഷത്തിന് മുകളിലാണ് ഭവന വായ്പയെങ്കില്‍ പലിശ നിരക്ക് 7.05 ശതമാനം തൊടും. ഇതേസമയം, സ്ത്രീകളുടെ പേരിലുള്ള ഭവന വായ്പകള്‍ക്ക് 5 ബേസിസ് പോയിന്റ് ഇളവ് എസ്ബിഐ പ്രഖ്യാപിച്ചിട്ടുണ്ട്. ഡിജിറ്റല്‍ ബാങ്കിങ് പ്ലാറ്റ്ഫോമായ യോനോ വഴിയാണ് ഭവന വായ്പയ്ക്ക് അപേക്ഷിക്കുന്നതെങ്കില്‍ 5 ബേസിസ് പോയിന്റിന്റെ മറ്റൊരു ഇളവും അപേക്ഷകന് ലഭിക്കും. ഒരു ശതമാനത്തിന്റെ നൂറിലൊന്നാണ് ഒരു ബേസിസ് പോയിന്റ്.

ഇപ്പോഴുള്ള ഭവന വായ്പാ നിരക്കുകള്‍ക്ക് പ്രതിമാസ ഇഎംഐ ചെലവ് ഏറെ കുറവാണ്. ഉപഭോക്താക്കള്‍ക്ക് വലിയ ബാധ്യത അനുഭവപ്പെടില്ല. റിയല്‍ എസ്റ്റേറ്റ് വ്യവസായത്തിന് നിലവിലെ ഭവന വായ്പാ നിരക്കുകള്‍ പുത്തനുണര്‍വ് സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എസ്ബിഐ മാനേജിങ് ഡയറക്ടര്‍ (റീടെയില്‍, ഡിജിറ്റല്‍ ബാങ്കിങ്) സിഎസ് ഷെട്ടി പറഞ്ഞു. നേരത്തെ, ഏപ്രില്‍ 1 മുതല്‍ ഭവന വായ്പകളുടെ മിനിമം പലിശ നിരക്ക് 25 ബേസിസ് പോയിന്റ് എസ്ബിഐ കൂട്ടിയിരുന്നു. ഇതോടെ 6.70 ശതമാനത്തില്‍ നിന്നും 6.95 ശതമാനത്തിലേക്കാണ് മിനിമം പലിശ നിരക്ക് എത്തിയതും.

എസ്ബിഐ പലിശ നിരക്ക് കൂട്ടിയെങ്കിലും മുന്‍പ് പ്രഖ്യാപിച്ച പ്രത്യേക നിരക്കില്‍ത്തന്നെ ഭവന വായ്പകള്‍ ലഭ്യമാക്കാനാണ് പ്രധാന എതിരാളിയായ കൊട്ടാക്ക് മഹീന്ദ്ര ബാങ്ക് തീരുമാനിച്ചത്. പ്രതിവര്‍ഷം 6.65 ശതമാനം പലിശ നിരക്ക് മുതലാണ് കൊട്ടാക്ക് മഹീന്ദ്ര ബാങ്ക് ഭവന വായ്പകള്‍ ലഭ്യമാക്കുന്നത്. വിപണിയിലെ ഏറ്റവും കുറഞ്ഞ ഭവന വായ്പാ നിരക്ക് തങ്ങളുടേതാണെന്ന അവകാശവാദവും ബാങ്ക് ഉയര്‍ത്തുന്നുണ്ട്. വായ്പാ അപേക്ഷകന്റെ ക്രെഡിറ്റ് സ്‌കോറും വായ്ാപ മൂല്യ അനുപാതവും അടിസ്ഥാനമാക്കിയാണ് ബാങ്കുകള്‍ പലിശ നിരക്ക് നിശ്ചയിക്കുന്നത്.

Related Articles

© 2025 Financial Views. All Rights Reserved