വേലി തന്നെ വിളവ് തിന്നുമ്പോള്‍; എസ്ബിഐ മുന്‍ ചെയര്‍മാന്‍ പ്രദീപ് ചൗധരി അറസ്റ്റില്‍

November 02, 2021 |
|
News

                  വേലി തന്നെ വിളവ് തിന്നുമ്പോള്‍; എസ്ബിഐ മുന്‍ ചെയര്‍മാന്‍ പ്രദീപ് ചൗധരി അറസ്റ്റില്‍

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) മുന്‍ ചെയര്‍മാന്‍ പ്രദീപ് ചൗധരി അറസ്റ്റില്‍. വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ജപ്തി ചെയ്ത കെട്ടിടങ്ങള്‍ തുച്ഛമായ വിലയ്ക്ക് വിറ്റ കേസിലാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ അദ്ദേഹത്തെ 14 ദിവസത്തേയ്ക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 2007ല്‍ ജയ്സാല്‍മറിലെ ഒരു ഹോട്ടല്‍ പ്രൊജക്ടിന് ബാങ്ക് വായ്പ അനുവദിച്ചിരുന്നു.

എന്നാല്‍ മൂന്നു വര്‍ഷം കഴിഞ്ഞിട്ടും പദ്ധതി പൂര്‍ത്തീകരിക്കാനായില്ല. ഇതോടെ 2010ല്‍ പ്രൊജക്ടിനെ ബാങ്ക് നിഷ്‌ക്രിയ ആസ്തിയില്‍ ഉള്‍പ്പെടുത്തി. 200 കോടി രൂപ വിലമതിക്കുന്ന കെട്ടിടങ്ങള്‍ വെറും 25 കോടിക്കായിരുന്നു ലേലത്തില്‍ വിറ്റത്. 24 കോടി രൂപയായിരുന്നു പദ്ധതിക്കായി അധികൃതര്‍ വായ്പയെടുത്തിരുന്നത്. ഈ സമയത്ത് ഗ്രൂപ്പിന്റെ മറ്റൊരു ഹോട്ടല്‍ വിജയകരമായി മുന്നോട്ട് പോകുന്നുണ്ടായിരുന്നു. ഇതിന്റെ പിന്‍ബലത്തിലായിരുന്നു പുതിയ പ്രൊജക്ടിന് വായ്പ അനുവദിച്ചത്. എന്നാല്‍ പിന്നീടാണ് സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് ഇരു പദ്ധതികളുടേയും തിരിച്ചടവ് മുടങ്ങിയതും ജപ്തി നടന്നതും.

ചൗധരി എസ്ബിഐയില്‍ ഉണ്ടായിരുന്ന സമയത്താണു ജപ്തി നടപടികളും മറ്റും നടന്നത്. 2013 സെപ്റ്റംബറില്‍ എസ്ബിഐയില്‍ നിന്നു റിട്ടയര്‍ ചെയ്ത ചൗധരി 2014ല്‍ തന്നെ ജപ്തിയില്‍ ആസ്തികള്‍ സ്വന്തമാക്കിയ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ നിയമിതനായി. ഇപ്പോള്‍ ഈ കെട്ടിടത്തിന്റെ വിപണിമൂല്യം 200 കോടിയാണ്. ഇതേ തുടര്‍ന്നാണ് കെട്ടിടങ്ങളുടെ മുന്‍ ഉടമകളായ ഹോട്ടല്‍ ഗ്രൂപ്പ് കോടതിയെ സമീപിച്ചത്. 2015ലാണ് ചൗധരിക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

നിഷ്‌ക്രിയ ആസ്തിയില്‍ ഏറ്റെടുക്കുന്ന ആസ്തികളുടെ വില നിര്‍ണയം കൃത്യമായി നടത്തേണ്ടതുണ്ട്. ഇത്തരം ആസ്തികളുടെ മൂല്യം കണക്കാക്കാന്‍ മാത്രം ഉദ്യോഗസ്ഥരുണ്ട്. ഇവര്‍ നിര്‍ണയിക്കുന്ന വില അടിസ്ഥാനമാക്കി വേണം ലേലം നടത്താന്‍. ലേലത്തില്‍ ലഭിക്കുന്ന തുകയില്‍നിന്ന് ബാങ്കിന്റെ ബാധ്യതയും ചെലവും കഴിച്ച് ബാക്കിയുള്ള തുക ഉടമസ്ഥന് നല്‍കണമെന്നാണു നിയമം. പ്രദീപ് ചൗധരിയുടെ കേസില്‍ ഈ പറഞ്ഞ നിയമങ്ങളൊന്നും പാലിച്ചിട്ടില്ലെന്നാണു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം വില്‍പ്പന നടത്തുമ്പോള്‍ എല്ലാ നടപടിക്രമങ്ങളും പാലിച്ചതായി എസ്ബിഐ പ്രസ്താവനയില്‍ പറഞ്ഞു. സംഭവങ്ങളുടെ ക്രമം കൃത്യമായി കോടതിയെ അറിയിച്ചതായി തോന്നുന്നില്ലെന്ന് ബാങ്ക് വ്യക്തമാക്കി. കേസില്‍ എസ്ബിഐ കക്ഷിയല്ലെന്നും കോടതിയിലെ നടപടികളുടെ ഭാഗമായി ബാങ്കിന്റെ അഭിപ്രായം കേള്‍ക്കേണ്ട സാഹചര്യമില്ലെന്നും വിലയിരുത്തി.

നിയമപാലകരുമായും ജുഡീഷ്യല്‍ അധികാരികളുമായും ബാങ്ക് ഇതിനകം തന്നെ സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കുമെന്നും ബാങ്ക് പ്രസ്താവനയില്‍ വ്യക്തമാക്കി. 2014ല്‍ അവരുടെ ബോര്‍ഡില്‍ ചേര്‍ന്ന ചൗധരി ഉള്‍പ്പെടെ എആര്‍സിയുടെ എല്ലാ ഡയറക്ടര്‍മാരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ടെന്ന് എസ്ബിഐ അറിയിച്ചു. 2013 സെപ്റ്റംബറില്‍ ചൗധരി ബാങ്കില്‍ നിന്ന് വിരമിച്ചതായും പ്രസ്താവനയില്‍ പറയുന്നുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved