
ന്യൂഡല്‍ഹി: ഭവന വായ്പ എടുത്തവര്‍ക്ക് ഇരുട്ടടി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഭവനവായ്പ നിരക്കുകള്‍ പരിഷ്‌കരിച്ചു. 6.7 ശതമാനമായിരുന്ന പലിശ നിരക്ക് 6.95 ശതമാനാമായി ഉയര്‍ത്തിയിരിക്കുകയാണ്. പുതിയ പലിശ നിരക്ക് ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു.
എസ്ബിഐയുടെ പുതിയ ഭവന വായ്പ പലിശ 6.95 ശതമാനമാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, എസ്ബിഐ നിരക്ക് വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ മറ്റ് ബാങ്കുകളും പലിശ വര്‍ദ്ധിപ്പിക്കുമെന്നാണ് സൂചന. പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചത് കൂടാതെ, എല്ലാ ഭവന വായ്പകള്‍ക്കും പ്രൊസസിംഗ് ഫീസ് ഉള്‍പ്പെടുത്തുകയും ചെയ്തു.
ഭവന വായ്പ നിരക്കിന്റെ 0.40 ശതമാനവും ജിഎസ്ടി കുറഞ്ഞത് 10,999 രൂപയും പരമാവധി നിരക്ക് 30,000 രൂപയും ഈടാക്കാനാണ് ബാങ്കിന്റെ തീരുമാനം. മാര്‍ച്ച് 31 വരെ എസ്ബിഐ ഭവന വായ്പകള്‍ക്ക് പ്രോസസിംഗ് ഫീസ് ഒഴിവാക്കിയിരുന്നു. രാജ്യത്തെ ഏറ്റവും മുന്തിയ ബാങ്കായ എസ്ബിഐക്കാണ് ഭവന വായ്പ മേഖലയുടെ 34 ശതമാനവും. ദിവസേന 1000 അപേക്ഷകരെയാണ് ഭവന വായ്പയ്ക്കായി എസ്ബിഐയെ സമീപിക്കുന്നത്.