
മുംബൈ: തുടര്‍ച്ചയായ മാസങ്ങളില്‍ വിലക്കയറ്റ സൂചിക ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ ആര്‍ബിഐ വൈകാതെ നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കും. അതിന്റെ സൂചനയായി രാജ്യത്തെ വിവിധ ബാങ്കുകള്‍ നിക്ഷേപ പലിശയില്‍ വര്‍ധന വരുത്തി. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ വിവിധ കാലയളവിലെ നിക്ഷേപ പലിശയില്‍ പത്ത് ബേസിസ് പോയന്റിന്റെ വര്‍ധനവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതോടെ ഒരുവര്‍ഷത്തിനു മുകളില്‍ രണ്ടുവര്‍ഷത്തിന് താഴെയുള്ള സ്ഥിര നിക്ഷേപ പലിശ 5 ശതമാനത്തില്‍നിന്ന് 5.10 ശതമാനമായി. മുതിര്‍ന്ന് പൗരന്മാരുടെ നിരക്ക് 5.50ശതമാനത്തില്‍നിന്ന് 5.60 ശതമാനവുമായി വര്‍ധിപ്പിച്ചട്ടുണ്ട്.
എച്ച്ഡിഎഫ്സി
രണ്ടുവര്‍ഷം മുതല്‍ മൂന്നുവര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപത്തിന് എച്ച്ഡിഎഫ്സി ബാങ്ക് 5.20 ശതമാനമാണ് നല്‍കുന്നത്. മൂന്നുവര്‍ഷം മുതല്‍ നാലുവര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപത്തിനാകട്ടെ 5.40 ശതമാനവുമായി വര്‍ധിപ്പച്ചിട്ടുണ്ട്. അഞ്ചുവര്‍ഷത്തിനുമുകളില്‍ പത്തുവര്‍ഷംവരെയുള്ള നിക്ഷേപത്തിന് 5.60ശതമാനവുമാണ് പലിശ. മറ്റുകാലാവധികളിലുളള നിക്ഷേപത്തിന്മേല്‍ പലിശ നിരക്കില്‍ വര്‍ധന വരുത്തിയിട്ടില്ല. ജനുവരി 12 മുതല്‍ പുതുക്കിയ പലിശ ലഭിക്കും.
കൊട്ടക് മഹീന്ദ്ര ബാങ്ക്
ഏഴു ദിവസംമുതല്‍ 30 ദിവസം വരെയും 31 ദിസവം മുതല്‍ 90 ദിവസം വരെയും 91 ദിവസം മുതല്‍ 120 ദിവസം വരെയുമുള്ള പലിശ നിരക്ക് ബാങ്ക് പരിഷ്‌കരിച്ചു. യാഥാക്രമം 2.50 ശതമാനം, 2.75 ശതമാനം, മൂന്നുശതമാനവുമായാണ് നിരക്ക് കൂട്ടിയത്. ജനുവരി ആറുമുതലാണ് വര്‍ധന നിലവില്‍ വന്നത്.
ഐസിഐസിഐ ബാങ്ക്
സ്വകാര്യമേഖലയിലെ പ്രമുഖ ബാങ്കായ ഐസിഐസിഐ ഏഴു ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്കുള്ള പലിശ കഴിഞ്ഞ നവംബര്‍ 16 മുതലാണ് വര്‍ധിപ്പിച്ചത്. 2.5 ശതമാനം മുതല്‍ 5.50 ശതമാനം വരെയാണ് വിവിധ കാലയളവിലെ പലിശ. മുതിര്‍ന്ന പൗരന്മാര്‍ക്ക് അരശതമാനം പലിശ അധികം ലഭിക്കും.