
കൊച്ചി: ഈ വര്‍ഷം ഏപ്രില്‍ ഒന്നിനോ അതിനു ശേഷമോ കോവിഡ് പോസിറ്റീവ് ബാധിച്ചവര്‍ക്കുള്ള കവച് പേഴ്സണല്‍ ലോണുകള്‍ക്ക് എസ്ബിഐ ശാഖകളില്‍ അപേക്ഷ നല്‍കാം. മുന്‍കൂര്‍ അനുമതിയുളളവര്‍ക്ക് യോനോ ആപ് വഴിയും ഈ വായ്പകള്‍ക്ക് അപേക്ഷിക്കാം. 25,000 രൂപ മുതല്‍ അഞ്ചു ലക്ഷം രൂപ വരെയാണ് വായ്പ. നിലവില്‍ വായ്പകള്‍ ഉണ്ടെങ്കില്‍ അതിനു പുറമേയായിരിക്കും ഈ ടേം വായ്പ അനുവദിക്കുക. മൂന്നു മാസത്തെ മോറട്ടോറിയം ഉള്‍പ്പെടെ 60 മാസ കാലാവധിയാണ് ഉണ്ടാകുക.
2021 ഏപ്രില്‍ ഒന്നിനു ശേഷം കോവിഡ് പോസിറ്റീവ് ആയ ശമ്പള, ശമ്പളേതര ഉപഭോക്താക്കള്‍, പെന്‍ഷന്‍കാര്‍, അവരുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് ഈ വായ്പ പ്രയോജനപ്പെടുത്താം. ഈട് ഇല്ലാതെയാണ് ഇവ നല്‍കുന്നത്. 8.5 ശതമാനം എന്ന ചുരുങ്ങിയ പലിശ നിരക്കായിരിക്കും എസ്ബിഐ കവച് പേഴ്സണല്‍ ലോണുകള്‍ക്കു ബാധകം. ഈടില്ലാത്ത വായ്പയ്ക്ക് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്കാണിത്. അപേക്ഷകന്റെ ക്രെഡിറ്റ് സ്‌കോറും തിരിച്ചടവ് ശേഷിയും വിലയിരുത്തിയാണ് ബാങ്ക് വായ്പ അനുവദിക്കുക. ജൂണ്‍ 11 മുതല്‍ എസ്ബിഐ കവച് വായ്പകള്‍ ലഭ്യമാക്കുന്നുണ്ട്. ഈ വായ്പ ലഭിക്കുന്നതിനായി അപേക്ഷകന്‍ ബാങ്കില്‍ ഈടൊന്നും തന്നെ സമര്‍പ്പിക്കേണ്ടതില്ല. ഒപ്പം പ്രോസസിംഗ് ചാര്‍ജുകളോ, സെക്യൂരിറ്റി ഡെപ്പോസിറ്റോ തുടങ്ങിയ അധിക ചാര്‍ജുകളൊന്നും കവച് പേഴ്സണല്‍ വായ്പകള്‍ക്കില്ല.
നേരത്തെ, മാര്‍ച്ച് പാദത്തില്‍ റെക്കോര്‍ഡ് ലാഭം കുറിക്കാന്‍ എസ്ബിഐക്ക് സാധിച്ചിരുന്നു. 2020-21 അവസാന പാദം ബാങ്കിന്റെ അറ്റാദായം 80 ശതമാനം വര്‍ധിച്ച് 6,451 കോടി രൂപയിലെത്തി (883.09 ദശലക്ഷം ഡോളര്‍). കൃത്യം ഒരു വര്‍ഷം മുന്‍പ് ഇതേ കാലത്ത് 3,581 കോടി രൂപയായിരുന്നു എസ്ബിഐയുടെ അറ്റാദായം.
വായ്പാ ബാധ്യതകള്‍ കുറഞ്ഞതും ബാങ്കിങ് മേഖല ഉണര്‍ന്നതുമാണ് കഴിഞ്ഞ പാദത്തില്‍ എസ്ബിഐയെ തുണച്ചത്. ജനുവരി - മാര്‍ച്ച് കാലഘട്ടത്തില്‍ ബാങ്കിന്റെ മൊത്തം ബാധ്യത 11,051 കോടി രൂപയിലേക്ക് ചുരുങ്ങി. ഒരു വര്‍ഷം മുന്‍പ് ഇതേ കാലത്ത് 13,495.1 കോടി രൂപയായിരുന്നു ഇത്. ബാങ്കിന്റെ മൊത്തം പലിശ വരുമാനം 19 ശതമാനം കൂടി 27,067 രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാന പാദത്തില്‍ 22,766.9 കോടി രൂപയായിരുന്നു പലിശ വരുമാനം. എസ്ബിഐ ആസ്തികളുടെ നിലവാരം വര്‍ധിച്ചെന്നതും മാര്‍ച്ച് പാദഫലത്തെ കൂടുതല്‍ ശോഭനമാക്കുന്നു.