'ആരോഗ്യം ഹെല്‍ത്ത്കെയര്‍ ബിസിനസ് ലോണ്‍' അവതരിപ്പിച്ച് എസ്ബിഐ; 100 കോടി രൂപ വരെ വായ്പ ലഭിക്കും

June 25, 2021 |
|
News

                  'ആരോഗ്യം ഹെല്‍ത്ത്കെയര്‍ ബിസിനസ് ലോണ്‍' അവതരിപ്പിച്ച് എസ്ബിഐ; 100 കോടി രൂപ വരെ വായ്പ ലഭിക്കും

കൊച്ചി: ആരോഗ്യ മേഖലയില്‍ മതിയായ സൗകര്യങ്ങളൊരുക്കാന്‍ എസ്ബിഐ 'ആരോഗ്യം ഹെല്‍ത്ത്കെയര്‍ ബിസിനസ് ലോണ്‍' എന്ന പേരില്‍ പുതിയ വായ്പാ പദ്ധതി അവതരിപ്പിച്ചു. പത്തു ലക്ഷം രൂപ മുതല്‍ 100 കോടി രൂപ വരെയാണ് വായ്പ നല്‍കുക. വായ്പ 10 വര്‍ഷംകൊണ്ട് അടച്ചുതീര്‍ത്താല്‍ മതി. രണ്ടു കോടി രൂപ വരെയുള്ള വായ്പയ്ക്ക് സിജിഎസ്എസ്ഡി സിജിടിഎംസ്ഇ (ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് ട്രസ്റ്റ് ഫോര്‍ മൈക്രോ ആന്‍ഡ് സ്മാള്‍ എന്റര്‍പ്രൈസ്സ്) പദ്ധതിയില്‍ കവറേജ് ലഭിക്കും. ആശുപത്രികള്‍, നഴ്സിംഗ് ഹോം, പരിശോധന കേന്ദ്രങ്ങള്‍, പത്തോളജി ലാബ്, ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട ഉത്പാദനകര്‍, ഇറക്കുമതിക്കാര്‍, വിതരണക്കാര്‍, ലോജിസ്റ്റിക്സ് തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു പുതിയ വായ്പ ഉപയോഗപ്പെടുത്താം.

ആരോഗ്യ സംവിധാനങ്ങളുടെ വികസനം, നവീകരണം പുതിയതു സ്ഥാപിക്കല്‍, പ്രവര്‍ത്തനമൂലധനം തുടങ്ങിയ ആവശ്യങ്ങള്‍ക്കു ഈ വായ്പ ഉപയോഗിക്കാം. കാഷ് ക്രെഡിറ്റ്, ടേം ലോണ്‍, ബാങ്ക് ഗ്യാരണ്ടി, ലെറ്റര്‍ ഓഫ് ക്രെഡിറ്റ് എന്നിവ വഴി പുതിയ വായ്പകള്‍ സ്വീകരിക്കാം. മെട്രോനഗരങ്ങളിലാണ് 100 കോടി രൂപ വരെ വായ്പ അനുവദിക്കുക. ഒന്നാം നിര നഗരങ്ങളില്‍ 20 കോടി രൂപ വരെയും രണ്ടു മുതല്‍ നാലു വരെ നിരകളിലുള്ള നഗരങ്ങളില്‍ 10 കോടി രൂപവരെയുമാണ് വായ്പ.

എസ്ബിഐ ചെയര്‍മാന്‍ ദിനേശ് ഖരയാണ് പുതിയ വായ്പ പദ്ധതി പ്രഖ്യാപിച്ചത്.രാജ്യത്തെ ആരോഗ്യ സംവിധാനത്തെ പിന്തുണയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ വായ്പാ പദ്ധതി പ്രത്യേകം രൂപകല്‍പ്പന ചെയ്ത് അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ പകര്‍ച്ചവ്യാധിയുടെ സാഹചര്യത്തില്‍ നമ്മുടെ ആരോഗ്യ സംവിധാനത്തിന് പിന്തുണ ആവശ്യമാണെന്ന് ഈ വായ്പ അവതരിപ്പിച്ചുകൊണ്ട് ഖര ചൂണ്ടിക്കാട്ടി.

Read more topics: # SBI, # എസ്ബിഐ,

Related Articles

© 2025 Financial Views. All Rights Reserved