9,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ്; വിജയ് മല്യയുടെ സ്വത്തുക്കള്‍ ലേലം ചെയാന്‍ അനുമതി

June 04, 2021 |
|
News

                  9,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ്; വിജയ് മല്യയുടെ സ്വത്തുക്കള്‍ ലേലം ചെയാന്‍ അനുമതി

ന്യൂഡല്‍ഹി: 9,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയാണ് മദ്യരാജാവ് വിജയ് മല്യ രാജ്യം വിട്ടത്. ഇത്രയും വലിയ തട്ടിപ്പിന് ശേഷവും രാജ്യം വിടാന്‍ മല്യക്ക് സാധിച്ചത് ചില സ്വാധീനങ്ങളുടെ മേല്‍ ആയിരുന്നു എന്നാണ് ആരോപണം. എന്തായാലും മല്യ ഇപ്പോഴും ഇന്ത്യക്ക് പുറത്ത് സുഖജീവിതം നയിക്കുകയാണ്.

വിജയ് മല്യയ്ക്ക് വായ്പ നല്‍കിയ ബാങ്കുകള്‍ വലിയ പ്രതിസന്ധിയിലും പെട്ടിരുന്നു. എന്തായാലും ഇപ്പോള്‍, വായ്പ നല്‍കിയവര്‍ക്ക് ആശ്വസിക്കാനുള്ള വകയാണ് ഉണ്ടായിരിക്കുന്നത്. മല്യയുടെ സ്വത്തുക്കള്‍ ലേലം ചെയ്ത് പണം തിരിച്ചുപിടിക്കാനുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത്. വിവിധ ബാങ്കുകളില്‍ നിന്നായി ഒമ്പതിനായിരം കോടിയില്‍ പരം രൂപയാണ് വിജയ് മല്യ വായ്പ എടുത്തത്. അദ്ദേഹത്തിന്റെ വ്യോമയാന ബിസിനസ്സുമായി ബന്ധപ്പെട്ടായിരുന്നു വായ്പയില്‍ അധികവും. ഒടുവില്‍ പണമൊന്നും തിരിച്ചടയ്ക്കാതെ മല്യ രാജ്യം വിടുകയും ചെയ്തു.

വിജയ് മല്യയുടെ ആസ്തികളും ഓഹരികളും വിറ്റ് വായ്പാ പണം തിരിച്ചുപിടിക്കാനുള്ള അവസരമാണ് ഇപ്പോള്‍ ബാങ്കുകള്‍ക്ക് ലഭിച്ചിരിക്കുന്നത്. മുംബൈയിലെ പ്രത്യേക പിഎംഎല്‍എ (പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിങ് ആക്ട്) കോടതി ആണ് ഇതിന് അനുമതി നല്‍കിയിരിക്കുന്നത്. ബാങ്കുകളെ പറ്റിച്ച് മല്യ കടന്നതോടെ അദ്ദേഹത്തിന്റെ സ്വത്തുവകകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. ആ സ്വത്തുവകള്‍ ബാങ്കുകള്‍ക്ക് നല്‍കാന്‍ ആണ് ഇപ്പോള്‍ പ്രത്യേക പിഎംഎല്‍എ കോടതി ഉത്തരവിട്ടിരിക്കുന്നത്.

5,646.54 കോടി രൂപ മൂല്യം വരുന്ന സ്വത്തുക്കള്‍ ആണ് ബാങ്കുകള്‍ക്ക് നല്‍കുക എന്നാണ് വിവരം. സാങ്കേതിക നടപടി ക്രമങ്ങള്‍ക്ക് ശേഷം ആയിരിക്കും ഇത് ബാങ്കുകള്‍ക്ക് നല്‍കുക. മൊത്തം വായ്പാ തുകയുടെ അറുപത് ശതമാനത്തിന് മുകളില്‍ വരും ഇത്. 11 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിനാണ് ഈ സ്വത്തുക്കള്‍ ലഭിക്കുക. എസ്ബിഐയുടെ നേതൃത്വത്തിലാണ് ഈ കണ്‍സോര്‍ഷ്യം രൂപീകരിച്ചിട്ടുള്ളത്. സ്വത്തുവകകള്‍ ലഭിക്കുന്നതിന് പിറകെ ഇവര്‍ക്ക് ഇത് ലേലത്തില്‍ വില്‍ക്കാനുള്ള അവസരവും ഉണ്ടാവും. അത്തരം കാര്യങ്ങള്‍ നിയമപരമായി തന്നെ നടപ്പിലാക്കുമെന്നാണ് കണ്‍സോര്‍ഷ്യം വ്യക്തമാക്കിയിട്ടുള്ളത്.

Related Articles

© 2025 Financial Views. All Rights Reserved