
കൊച്ചി: 'ഈ-ഷീല്‍ഡ് നെക്സ്റ്റ്' എന്ന പുതിയ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതി അവതരിപ്പിച്ച് എസ്ബിഐ ലൈഫ്. പങ്കാളിത്തമോ ഓഹരി വിപണിയുമായോ ബന്ധമില്ലാത്ത പുതുതലമുറ വ്യക്തിഗത ഇന്‍ഷുറന്‍സ് പദ്ധതിയാണിത്. വിവാഹം, മാതാപിതാക്കളാകുക, പുതിയ വീടു വാങ്ങുക തുടങ്ങി ജീവിതത്തിലെ സുപ്രധാനനാഴികക്കല്ലുകളില്‍ 'സം അഷ്വേഡ്' തുക ഉയര്‍ത്തുന്ന പോളിസിയാണ് എസ്ബിഐ ലൈഫ് ഇ-ഷീല്‍ഡ് നെക്സ്റ്റ്.
ഈ പോളിസിയില്‍ പങ്കുചേരാനാഗ്രഹിക്കുന്നവര്‍ക്ക് മൂന്നു ഓപ്ഷനുകള്‍ ലഭ്യമാണ്. ആദ്യത്തേത് 'ലെവല്‍ കവര്‍'. രണ്ടാമത്തേത് 'വര്‍ധിക്കുന്ന കവര്‍'. അവസാനത്തേത് ഭാവിയിലും ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തുന്ന 'ലെവല്‍ കവര്‍ വിത്ത് ഫ്യൂച്ചര്‍ പ്രൂഫിങ് ബെനഫിറ്റ്'. ലെവല്‍ കവറില്‍ പോളിസി കാലയളവില്‍ സം അഷ്വേഡ് തുകയില്‍ മാറ്റമുണ്ടാവില്ല. വര്‍ധിക്കുന്ന കവറില്‍ പോളിസിയുടെ ഓരോ അഞ്ചുവര്‍ഷം പൂര്‍ത്തിയാകുമ്പോഴും അടിസ്ഥാന സം അഷ്വേഡ് തുകയില്‍ പത്തു ശതമാനം വര്‍ധന ലഭിക്കുന്നു. ഒപ്പം മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് കവറേജ് വര്‍ധിപ്പിക്കാന്‍ പോളിസി ഉടമകള്‍ക്ക് അവസരമുണ്ട്. മെഡിക്കല്‍ പരിശോധനയൊന്നും കൂടാതെയാണ് സം അഷ്വേഡ് തുക വര്‍ധിപ്പിക്കുവാന്‍ ഇവിടെ അനുവാദം ലഭിക്കുക. ഇതേസമയം, പോളിസി കാലയളവില്‍ ഒരിക്കല്‍ മാത്രമേ ഇങ്ങനെ വര്‍ധനവ് വരുത്തുവാന്‍ സാധിക്കുകയുള്ളൂ. ഈ ആനുകൂല്യം എടുക്കണമോ എന്നു പോളിസി ഉടമയ്ക്കു തീരുമാനിക്കാം.
വിവിധ ജീവിതഘട്ടങ്ങളില്‍ ഉത്തരവാദിത്വം മാറുന്നതു പ്രകാരം പോളിസി ഉടമകളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് കവറേജ് വര്‍ധിപ്പിക്കുവാന്‍ അനുവദിക്കുന്ന പോളിസിയാണ് ലെവല്‍ കവര്‍ വിത്ത് ഫ്യൂച്ചര്‍ പ്രൂഫിംഗ് ബെനിഫിറ്റ് ഓപ്ഷന്‍. വിവിധ ജീവിതഘട്ടങ്ങളില്‍ വര്‍ധിപ്പിക്കാവുന്ന സം അഷ്വേഡ് തുക എത്രയെന്ന് ചുവടെ കാണാം. ആദ്യ വിവാഹ സമയത്ത് 50 ശതമാനവും (പരമാവധി 50 ലക്ഷം രൂപ) ആദ്യകുട്ടി ജനിക്കുമ്പോള്‍ 25 ശതമാനവും (പരമാവധി 25 ലക്ഷം രൂപ) രണ്ടാം കുട്ടി ജനിക്കുമ്പോള്‍ 25 ശതമാനവും (പരമാവധി 25 ലക്ഷം രൂപ) ആദ്യ വീടു വാങ്ങുമ്പോള്‍ 50 ശതമാനവും (പരമാവധി 50 ലക്ഷം രൂപ) സം അഷ്വേഡ് തുകയില്‍ വര്‍ധനവ് അനുവദിക്കും.
പോളിസി വാങ്ങുമ്പോള്‍ ഉപഭോക്താവിന് ആവശ്യമനുസരിച്ചുള്ള ഓപ്ഷന്‍ തെരഞ്ഞെടുക്കാം. ഹോള്‍ ലൈഫ് പോളിസിയില്‍ 100 വര്‍ഷം വരെയും അല്ലാത്തവയില്‍ 85 വര്‍ഷം വരെയും കവറേജ് ലഭിക്കും. ഉപഭോക്താവിന്റെ സൗകര്യമനുസരിച്ച് ഒറ്റത്തവണയായോ അല്ലെങ്കില്‍ പരിമിതമായ കാലയളവിലോ പോളിസി കാലയളവു മുഴുവനുമോ പ്രീമിയം അടയ്ക്കാം. പരിമിത കാലയളവാണ് തെരഞ്ഞെടെക്കുന്നതെങ്കില്‍ 5 വര്‍ഷം മുതല്‍ 25 വര്‍ഷം വരെയുള്ള കാലയളവില്‍ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. എന്നാല്‍ ഓപ്ഷന്‍ ലഭിക്കുക പോളിസി കാലയളവിനേക്കാള്‍ 5 വര്‍ഷം കുറഞ്ഞ കാലയളവിലേക്കായിരിക്കും. റൈഡേഴ്‌സ് ഉപയോഗിച്ച് അധിക കവറേജ് എടുക്കുവാനും ഇവിടെ അവസരമുണ്ട്.