എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് മൂന്നാം പാദത്തില്‍ നേടിയത് 14,437 കോടി രൂപയുടെ പുതിയ പ്രീമിയം

January 23, 2021 |
|
News

                  എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് മൂന്നാം പാദത്തില്‍ നേടിയത് 14,437 കോടി രൂപയുടെ പുതിയ പ്രീമിയം

കൊച്ചി: രാജ്യത്തെ പ്രമുഖ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് ഡിസംബറിലവസാനിച്ച ക്വാര്‍ട്ടറില്‍ 14,437 കോടി രൂപ പുതിയ ബിസിനസ് പ്രീമിയമായി നേടി. മുന്‍വര്‍ഷമിതേ കാലയളവിലിത് 12,787 കോടി രൂപയായിരുന്നു. സിംഗിള്‍ പ്രീമിയത്തില്‍ 42 ശതമാനം വര്‍ധനയാണുണ്ടായത്. ഡിസംബറിലവസാനിച്ച മൂന്നാം ക്വാര്‍ട്ടറില്‍ കമ്പനിയുടെ അറ്റാദായം നാലു ശതമാനം വളര്‍ച്ചയോടെ 923 കോടി രൂപയിലെത്തി.

കമ്പനിയുടെ സോള്‍വന്‍സി റേഷ്യോ 2.34 ശതമാനമാണ്. റെഗുലേറ്റര്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളത് 1.5 ശതമാനമാണ്. കമ്പനി മാനേജ് ചെയ്യുന്ന ആസ്തിയുടെ വലുപ്പം ഡിസംബര്‍ 31-ന് 2,09,495 കോടി രൂപയാണ്. മുന്‍വഷമിതേ കാലയളവിലിത് 1,64,191 കോടി രൂപയായിരുന്നു. രാജ്യത്തൊട്ടാകെ 947 ഓഫീസുകളുള്ള കമ്പനിയുടെ വിപണന ശൃംഖലയില്‍ പരിശീലനം സിദ്ധിച്ച 2,24,223 ഇന്‍ഷുറന്‍സ് പ്രഫഷണലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ലൈഫ് ഇന്‍ഷുറന്‍സ് മേഖലയിലെ ആദ്യ മൂന്നു ക്വാര്‍ട്ടറുകള്‍ വിലയിരുത്തിയാല്‍ 1.91 ലക്ഷം കോടി രൂപയാണ് കമ്പനികള്‍ സംയുക്തമായി നേടിയ വരുമാനം. മുന്‍ സാമ്പത്തികവര്‍ഷം ഇതേ കാലത്ത് 1.94 ലക്ഷം കോടി രൂപയായിരുന്നു ഇത്. ഇത്തവണ 1.69 ശതമാനം ഇടിവ് ലൈഫ് ഇന്‍ഷുറന്‍സ് മേഖലയില്‍ സംഭവിച്ചു. പതിവുപോലെ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനാണ് ഈ മേഖലയിലെ പ്രധാനി. നടപ്പു വര്‍ഷം ആദ്യ മൂന്നു ക്വാര്‍ട്ടറുകള്‍ക്കൊണ്ടു 1.30 ലക്ഷം കോടി രൂപ കുറിക്കാന്‍ എല്‍ഐസിക്ക് സാധിച്ചിട്ടുണ്ട്.

ഇതേസമയം, 5.13 ശതമാനം തകര്‍ച്ച ലൈഫ് ഇന്‍ഷുറന്‍സ് ബിസിനസില്‍ എല്‍ഐസി നേരിടുന്നുണ്ട്. നടപ്പു വര്‍ഷം വ്യക്തിഗത ഇന്‍ഷുറന്‍സ് പോളിസി എടുത്തവരുടെ എണ്ണത്തില്‍ ഇടിവുണ്ടായി. ഗ്രൂപ്പ് നോണ്‍-സിംഗിള്‍ പ്രീമിയം പോളിസി എടുത്തവരുടെ എണ്ണവും കുറഞ്ഞു. വാര്‍ഷികാടിസ്ഥാനത്തില്‍ പുതുക്കുന്ന ഗ്രൂപ്പ് പ്രീമിയം പോളിസി തിരഞ്ഞെടുക്കുന്നവരുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തി. ഗ്രൂപ്പ് പ്രീമിയം പോളിസികള്‍ എടുത്തവരാണ് ഇത്തവണ കൂടുതല്‍. മറ്റു കമ്പനികളുടെ കാര്യമെടുത്താല്‍ 61,042 കോടി രൂപയാണ് ആദ്യ മൂന്നു ക്വാര്‍ട്ടറുകള്‍കൊണ്ട് കയ്യടക്കിയത്.

പറഞ്ഞുവരുമ്പോള്‍ മുന്‍വര്‍ഷത്തെക്കാള്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെക്കാന്‍ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് സാധിച്ചു. നേരത്തെ, 57,269 കോടി രൂപയായിരുന്നു സ്വകാര്യ കമ്പനികള്‍ സംയുക്തമായി കുറിച്ചത്. ഇക്കുറി 6.54 ശതമാനം പ്രീമിയം വര്‍ധനവ് ഇവര്‍ കയ്യടക്കി. വ്യക്തിഗത നോണ്‍-സിംഗിള്‍ പ്രീമിയം പോളിസിക്കൊഴികെ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ മറ്റു പോളിസി പദ്ധതികള്‍ക്കെല്ലാം ആവശ്യക്കാര്‍ വര്‍ധിച്ചു.

Related Articles

© 2024 Financial Views. All Rights Reserved