വീണ്ടും വായ്പ പലിശ നിരക്ക് കുറച്ച് എസ്ബിഐ; 25 ബിപിഎസ് കുറച്ചു

June 09, 2020 |
|
News

                  വീണ്ടും വായ്പ പലിശ നിരക്ക് കുറച്ച് എസ്ബിഐ; 25 ബിപിഎസ് കുറച്ചു

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഫണ്ടുകള്‍ അടിസ്ഥാനമാക്കിയുള്ള വായ്പാ നിരക്ക് (എംസിഎല്‍ആര്‍) കുറച്ചു. 25 ബേസിസ് പോയിന്റുകളാണ് (ബിപിഎസ്) കുറച്ചിരിക്കുന്നത്. പുതുക്കിയ നിരക്കുകള്‍ 2020 ജൂണ്‍ 10 മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ ഒരു വര്‍ഷത്തെ എംസിഎല്‍ആര്‍ 7 ശതമാനമായി കുറഞ്ഞു. തുടര്‍ച്ചയായി ഇത് 13ാം തവണയാണ് എസ്ബിഐ എംസിഎല്‍ആറില്‍ കുറവ് വരുത്തുന്നത്. എസ്ബിഐ അവരുടെ അടിസ്ഥാന നിരക്കിലും കുറവ് വരുത്തിയിട്ടുണ്ട്. 75 ബിപിഎസ് ആണ് കുറച്ചത്. ഇതോടെ അടിസ്ഥാന നിരക്ക് 8.15 ശതമാനത്തില്‍ നിന്ന് 7.40 ശതമാനമായി കുറഞ്ഞു.

ഒരു ബാങ്കിന് വായ്പ നല്‍കാന്‍ കഴിയുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് എംസിഎല്‍ആര്‍. ഭവന വായ്പകള്‍ പോലെ എംസിഎല്‍ആര്‍ ലിങ്ക്ഡ് ഫ്‌ലോട്ടിംഗ് റേറ്റ് വായ്പ എടുത്തിട്ടുളള എസ്ബിഐ ഉപഭോക്താക്കള്‍ക്ക് ഈ നീക്കം ഗുണം ചെയ്യും. ഇവരുടെ പലിശ നിരക്കുകള്‍ കുറയുന്നതാണ്. എന്നാല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നിര്‍ദ്ദേശിച്ച പ്രകാരം ബാങ്കുകള്‍ ബാഹ്യ ബെഞ്ച്മാര്‍ക്കിലേക്ക് മാറിയ ഒക്ടോബര്‍ 1-ന് ശേഷം വിതരണം ചെയ്ത റീട്ടെയില്‍ വായ്പകള്‍ക്ക് ഈ എംസിഎല്‍ആര്‍ കുറവ് ബാധിക്കില്ല. ബാങ്കുകള്‍ക്ക് ഇപ്പോള്‍ റിപ്പോ നിരക്ക്, മൂന്ന് മാസത്തെയോ ആറ് മാസത്തെയോ ട്രഷറി ബില്ലുകള്‍ അല്ലെങ്കില്‍ ഫിനാന്‍ഷ്യല്‍ ബെഞ്ച്മാര്‍ക്ക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (എഫ്ബിഐഎല്‍) പ്രസിദ്ധീകരിച്ച മറ്റേതെങ്കിലും ബെഞ്ച്മാര്‍ക്ക് നിരക്ക് എന്നിവ തിരഞ്ഞെടുക്കാം. 2019 ഒക്ടോബറിന് മുമ്പ് വായ്പയെടുത്ത നിലവിലെ റീട്ടെയില്‍ എസ്ബിഐ ഉപഭോക്താക്കള്‍ക്കും ബാഹ്യ ബെഞ്ച്മാര്‍ക്കിലേക്ക് ഇനിയും മാറാത്ത കോര്‍പ്പറേറ്റ് വായ്പകള്‍ക്കും ഈ നീക്കം സഹായകരമാകും.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്കിലും കുറവ് വരുത്തിയിരുന്നു. എല്ലാ കാലാവധികളിലുമുള്ള സ്ഥിര നിക്ഷേപങ്ങളുടെ നിരക്കില്‍ 40 ബേസിസ് പോയിന്റ്സിന്റെ കുറവാണ് വരുത്തിയത്. പുതുക്കിയ നിരക്ക് മെയ് മാസം അവസാനമാണ് പ്രാബല്യത്തില്‍ വന്നത്. റിപ്പോ നിരക്കില്‍ ആര്‍ബിഐ 40 ബേസിസ് പോയിന്റ് കുറവ് വരുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് എസ്ബിഐയും നിരക്കുകള്‍ കുറച്ചത്. എസ്ബിഐ സേവിംഗ്‌സ് ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്കും 5 ബേസിസ് പോയിന്റ് കുറച്ച് 2.70 ശതമാനമാക്കിയിരുന്നു. പുതുക്കിയ പലിശ നിരക്ക് 2020 മെയ് 31 മുതലാണ് പ്രാബല്യത്തില്‍ വന്നത്.

Related Articles

© 2025 Financial Views. All Rights Reserved