
പുതിയ ഫണ്ട് ഓഫര്‍ വഴി എസ്ബിഐ ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട് നിക്ഷേപകരില്‍ നിന്ന് സമാഹരിച്ചത് 12,000 കോടി രൂപ. സജീവമായി കൈകാര്യം ചെയ്യുന്ന ഫണ്ടുകളില്‍ ഇത്രയും തുക എന്‍എഫ്ഒ വഴി സമാഹരിക്കുന്നത് ഇതാദ്യമായാണ്. ബുധനാഴ്ച അര്‍ധരാത്രി വരെ നിക്ഷേപം സ്വീകരിക്കാന്‍ അനുമതിയുള്ളതിനാല്‍ 1000 കോടി രൂപയോളം ഇതിന് പുറമെ ഓണ്‍ലൈനില്‍ നിക്ഷേപമായെത്തിയിട്ടുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഫണ്ട് കമ്പനി പറയുന്നു.
ഓഹരി വിപണി എക്കാലത്തെയും ഉയരം കുറിച്ച് മുന്നേറുന്നതിനാല്‍ പുതിയ ഫണ്ടുകളിലും വന്‍തോതിലാണ് നിക്ഷേപമെത്തുന്നത്. ഐസിഐസിഐ ഫ്ളക്സി ക്യാപ് ഫണ്ട് ഈയിടെ എന്‍എഫ്ഒ വഴി സമാഹരിച്ചത് 9,808 കോടി രൂപയാണ്. ഇതിനുമുമ്പ്, 2017ല്‍ ഭാരത് 22 എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്(ഇടിഎഫ്) 14,499 കോടി രൂപ സമാഹരിച്ചിരുന്നു. നഗരങ്ങളില്‍നിന്നുപുറമെ ഗ്രാമങ്ങളില്‍നിന്നും വന്‍തുകയുടെ നിക്ഷേപമാണെത്തിയതെന്ന് എസ്ബിഐ മ്യൂച്വല്‍ ഫണ്ട് അധികൃതര്‍ പറയുന്നു. ബാങ്ക് വഴിയുള്ള വിതരണശൃംഖലയിലൂടെയാണ് പകുതിയിലധികം തുകയുടെ നിക്ഷേപവുമെത്തിയത്.
വിപണി റെക്കോഡ് ഉയരത്തിലായതിനാല്‍ സമീപഭാവിയില്‍ തിരുത്തലുണ്ടായേക്കാമെന്നതിനാല്‍ കഴിഞ്ഞ കുറച്ചുമാസങ്ങളായി ഡൈനാമിക് അസറ്റ് അലോക്കേഷന്‍ ഫണ്ടുകളില്‍ നിക്ഷേപക താല്‍പര്യം വര്‍ധിച്ചിട്ടുണ്ട്. അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യ(ആംഫി)യുടെ കണക്കുപ്രകാരം നടപ്പ് സാമ്പത്തികവര്‍ഷംമാത്രം 7,500 കോടി രൂപയുടെ നിക്ഷേപമാണ് ഈ ഫണ്ടുകളില്‍മാത്രമെത്തിയത്. ജൂലായ് അവസാനംവരെയുള്ള കണക്കുപ്രകാരം ബാലന്‍സ്ഡ് അഡ്വാന്റേ്ജ് ഫണ്ടുകള്‍ മൊത്തം കൈകാര്യംചെയ്യുന്ന ആസ്തി 1.22 ലക്ഷം കോടി രൂപയാണ്. ഡൈനാമിക് അസറ്റ് അലോക്കേഷന്‍ വിഭാഗത്തിലുള്ളതാണ് എസ്ബിഐയുടെ ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട്. ഓഹരികളിലും സ്ഥിര നിക്ഷേപ പദ്ധതികളിലുമാണ് നിക്ഷേപം നടത്തുക.