
മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ജൂണില്‍ അവസാനിച്ച പാദത്തില്‍ 4,189.34 കോടി രൂപ അറ്റാദായം നേടി. എസ്ബിഐ ലൈഫിലെ ഓഹരി വില്‍പനയില്‍ നിന്ന് 1,539.73 കോടി രൂപയുടെ ഒറ്റത്തവണ നേട്ടവും എസ്ബിഐയ്ക്കുണ്ടായി. ജൂണ്‍ അവസാന പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 2,312.2 കോടി രൂപയുടെ അറ്റാദായത്തില്‍ നിന്ന് ഇത് 81.18 ശതമാനം കൂടുതലാണ്.
ത്രൈമാസ അടിസ്ഥാനത്തില്‍ മാര്‍ച്ച് പാദത്തെക്കാള്‍ അറ്റാദായം 17 ശതമാനം വര്‍ധിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അവസാന പാദത്തില്‍ അറ്റാദയം 3,580.8 കോടി രൂപയായിരുന്നു (മാര്‍ച്ച് പാദം). '2020 ജൂണ്‍ 30 ന് അവസാനിച്ച പാദത്തില്‍ ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡിലെ ഓഹരി വില്‍പ്പനയിലൂടെ ലഭിച്ച 1,539.73 കോടി രൂപയും ലാഭത്തെ പ്രതിനിധീകരിക്കുന്നു,'' ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു.
ഏകീകൃത അടിസ്ഥാനത്തില്‍ അറ്റാദായം 4,776.5 കോടി രൂപയായി ഉയര്‍ന്നു. 61.88 ശതമാനം വര്‍ധന. മുന്‍ സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 2,950.5 കോടി രൂപയെ അടിസ്ഥാനപ്പെടുത്തിയാണ് ഈ വര്‍ധനവ്.