എസ്ബിഐ ഓണ്‍ലൈന്‍ ഇടപാട്: പരാതികളുമായി ഉപഭോക്താക്കള്‍ രംഗത്ത്

December 02, 2020 |
|
News

                  എസ്ബിഐ ഓണ്‍ലൈന്‍ ഇടപാട്:  പരാതികളുമായി ഉപഭോക്താക്കള്‍ രംഗത്ത്

പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിരവധി ഉപഭോക്താക്കള്‍ ബാങ്കിന്റെ ഓണ്‍ലൈന്‍ ഇടപാടുകള്‍ പരാജയപ്പെടുന്നതായി പരാതികളുമായി രംഗത്ത്. സാങ്കേതിക തകരാര്‍ എന്ന സന്ദേശം എഴുതി കാണിക്കുന്നതിനാല്‍ എസ്ബിഐയുടെ യോനോ ആപ്ലിക്കേഷനില്‍ പ്രവേശിക്കാന്‍ കഴിയുന്നില്ലെന്ന് ചില ഉപഭോക്താക്കള്‍ ട്വിറ്ററിലൂടെ അറിയിച്ചു.

ചൊവ്വാഴ്ച മുതലാണ് ബാങ്ക് ഉപഭോക്താക്കള്‍ സാങ്കേതിക തകരാറുകളെക്കുറിച്ച് പരാതിപ്പെടാന്‍ തുടങ്ങിയത്. ഇപ്പോഴും നിരവധി പേര്‍ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. നാലോ അഞ്ചോ ശ്രമങ്ങള്‍ നടത്തിയിട്ടും ഓണ്‍ലൈനായി പണം അയയ്ക്കാന്‍ കഴിഞ്ഞില്ലെന്ന് നോയിഡയില്‍ നിന്നുള്ള ഒരു എസ്ബിഐ ഉപഭോക്താവ് വ്യക്തമാക്കിയതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

മറ്റ് ബാങ്കുകളിലെ ഉപഭോക്താക്കള്‍ക്കും എസ്ബിഐ ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനായി പണം അയയ്ക്കുന്നതില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നാണ് വിവരം. ഓണ്‍ലൈന്‍ സേവനങ്ങളില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ നേരിടുന്നുണ്ടോയെന്ന് ബാങ്ക് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ബാങ്കിന്റെ മൊബൈല്‍ ആപ്ലിക്കേഷനായ യോനോയിലാണ് തകരാര്‍ കാണിക്കുന്നത്. ഓണ്‍ലൈന്‍ ഇടപാടുകളില്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതായി നിരവധി എസ്ബിഐ ഉപഭോക്താക്കള്‍ പരാതിപ്പെട്ടു.

താന്‍ ഇതുവരെ ഉപയോഗിച്ചതില്‍ വച്ച് ഏറ്റവും മോശം ബാങ്കിംഗ് ആപ്ലിക്കേഷനാണ് ഒഫീഷ്യല്‍ എസ്ബിഐ യോനോ ആപ്ലിക്കേഷന്‍ എന്ന് ഒരു ട്വിറ്റര്‍ ഉപഭോക്താവ് അഭിപ്രായപ്പെട്ടു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് നവംബര്‍ 22 ന്, ഓണ്‍ലൈന്‍ ഇടപാടുകളെ തടസ്സപ്പെടുത്തുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ എച്ച്ഡിഎഫ്‌സി ബാങ്കും നേരിട്ടിരുന്നു.

ഉപഭോക്താക്കള്‍ക്കുണ്ടായ അസൌകര്യത്തില്‍ ഖേദിക്കുന്നതായും സെര്‍വറുകളില്‍ ഇടയ്ക്കിടെയുള്ള കണക്റ്റിവിറ്റി പ്രശ്നമാണ് തകരാറിന് കാരണമെന്നും എസ്ബിഐ പറഞ്ഞു. പ്രശ്നം വേഗത്തില്‍ പരിഹരിക്കുന്നതിന് ബാങ്കിന്റെ ടെക് ടീം പരിശ്രമിക്കുകയാണെന്നും ദയവായി തങ്ങളോട് സഹകരിക്കണമെന്നും ബാങ്ക് ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved