54 മില്യണ്‍ ഉപഭോക്താക്കളുമായി ആഗോള തലത്തില്‍ ഒന്നാമതെത്തി യോനോ എസ്ബിഐ

February 08, 2022 |
|
News

                  54 മില്യണ്‍ ഉപഭോക്താക്കളുമായി ആഗോള തലത്തില്‍ ഒന്നാമതെത്തി യോനോ എസ്ബിഐ

ഉപഭോക്താക്കളുടെ എണ്ണത്തില്‍ ആഗോള തലത്തില്‍ ഒന്നാമതെത്തി ഇന്ത്യയുടെ യോനോ എസ്ബിഐ. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ നിയോബാങ്കിങ് സേവനമാണ് യോനോ എസ്ബിഐ. ശാഖകളില്ലാതെ പൂര്‍ണമായും ഓണ്‍ലൈനിലൂടെ സേവനങ്ങള്‍ നല്‍കുന്ന സംവിധാനമാണ് നിയോബാങ്കുകള്‍. 54 മില്യണ്‍ പ്രതിമാസ സജീവ ഉപഭോക്താക്കളാണ് യോനോ എസ്ബിഐയ്ക്ക് ഉള്ളത്.

എസ്ബിഐയുടെ കണക്കുകള്‍ പ്രകാരം ഏകദേശം 40 ബില്യണ്‍ ഡോളറാണ് യോനോ എസ്ബിഐയുടെ മൂല്യം. എന്നാല്‍ അനലിസ്റ്റുകള്‍ പറയുന്നത് 2021ല്‍ തന്നെ യോനോ എസ്ബിഐയുടെ മൂല്യം 50 ബില്യണ്‍ ഡോളര്‍ കടന്നെന്നാണ്. യോനോയുടെ ചെറുപതിപ്പായ യോനോ ലൈറ്റ് എസ്ബിഐയും ഉപഭോക്താക്കളുടെ എണ്ണത്തില്‍ ആദ്യ അഞ്ചില്‍ ഇടംപിടിച്ചു. 18.9 മില്യണ്‍ ഉപഭോക്താക്കളോടെ നാലാം സ്ഥാനത്താണ് യോനോ ലൈറ്റ്. ഉപഭോക്താക്കളുടെ ഇടയിലുള്ള സ്വീകാര്യത പരിഗണിച്ച് എല്ലാ തരത്തിലുമുള്ള സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്ന സൂപ്പര്‍ ആപ്പായി യോനോയെ മാറ്റാനുള്ള തയ്യാറെടുപ്പിലാണ് എസ്ബിഐ.

37.7 മില്യണ്‍ പ്രതിമാസ ഉപഭോക്താക്കളുമായി ലാറ്റിന്‍ ആമേരിക്കന്‍ സ്ഥാപനം നുബാങ്ക് ആണ് രണ്ടാമത്. ബ്രസീലിയന്‍ പേയ്മെന്റ് ആപ്പ് പിക്പേ ആണ് മൂന്നാം സ്ഥാനത്ത് (22.7 മില്യണ്‍). യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിവോലറ്റ് ആണ് (17.11 മില്യണ്‍) ആഗോളതലത്തില്‍ അഞ്ചാമന്‍. ഇന്ത്യയില്‍ ബാങ്കിങ് സേവനങ്ങള്‍ നല്‍കാനുള്ള തയ്യാറെടുപ്പിലാണ് നിലവില്‍ റിവോലെറ്റ്.

രാജ്യത്ത് നിയോബാങ്കിങ് സേവനങ്ങള്‍ നല്‍കുന്ന നിരവിധി സ്റ്റാര്‍ട്ടപ്പുകളാണ് ഉള്ളത്. 500 മില്യണ്‍ ഡോളറിന്റെ മൂല്യവുമായി ഓപ്പണ്‍ ആണ് ഈ മേഖലയില്‍ മുന്നില്‍. എന്നാല്‍ ഏറ്റവും അധികം ഫണ്ടിങ് നേടിയത് ഇന്‍സ്റ്റന്റ് പേ ആണ്. ഇതുവരെ 340 മില്യണ്‍ ഡോളര്‍ സമാഹരിച്ച ഇന്‍സ്റ്റന്റ് പേയുടെ മൂല്യം ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല. നുബാങ്കിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ജൂപീറ്റര്‍, ഫ്രിയോ, സ്ലൈസ്, നിയോ, ഫൈ തുടങ്ങിയവയാണ് രാജ്യത്തെ മറ്റ് പ്രമുഖ നിയോബാങ്കിങ് സ്റ്റാര്‍ട്ടപ്പുകള്‍.

Related Articles

© 2024 Financial Views. All Rights Reserved