
ന്യൂഡല്‍ഹി: രാജ്യത്തെ ടെലികോം കമ്പനികള്‍ക്ക് ആശ്വാസം. സ്‌പെക്ട്രം ലൈസന്‍സുമായി ബന്ധപ്പെട്ട എജിആര്‍ കുടിശ്ശിക അടച്ചുതീര്‍ക്കാന്‍ കമ്പനികള്‍ക്ക് 10 വര്‍ഷത്തെ സമയം സുപ്രീംകോടതി അനുവദിച്ചു. ആകെ അടയ്ക്കാനുള്ള 1.6 ലക്ഷം കോടി രൂപയില്‍ 10 ശതമാനം അടുത്ത വര്‍ഷം മാര്‍ച്ച് 31-ന് അകം അടയ്ക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ഉത്തരവിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ: എല്ലാ വര്‍ഷവും ഫെബ്രുവരി 7-ന് മുമ്പ് പരിശ സഹിതം ഇന്‍സ്റ്റാള്‍മെന്റായി വേണം കുടിശ്ശിക അടയ്ക്കാന്‍. ഏതെങ്കിലും വര്‍ഷം കുടിശ്ശിക അടച്ചില്ലെങ്കില്‍ അത് കോടതിയലക്ഷ്യമായി കണക്കാക്കും. അങ്ങനെ 2031 മാര്‍ച്ചിന് മുമ്പ് മുഴുവന്‍ കുടിശ്ശികയും അടച്ചുതീര്‍ക്കണമെന്നും ഉത്തരവിലുണ്ട്. 20 വര്‍ഷത്തെ സമയമാണ് കുടിശ്ശിക അടയ്ക്കാന്‍ കമ്പനികള്‍ ചോദിച്ചതെങ്കിലും 10 വര്‍ഷം സമയം മാത്രമേ നല്‍കാനാകൂ എന്നാണ് കോടതി ഉത്തരവിട്ടത്. ഉത്തരവിന് പിന്നാലെ ഭാരതി എയര്‍ടെല്ലിന്റെ ഓഹരികള്‍ വിപണിയില്‍ ഉയര്‍ന്നെങ്കിലും, വോഡഫോണ്‍ - ഐഡിയയുടെ ഓഹരികള്‍ തകര്‍ന്നു.
ഒക്ടോബര്‍ 2019-ലാണ് സ്‌പെക്ട്രം ഉപയോഗത്തിന്റെ ലൈസന്‍സ് ഫീ ഇനത്തിലും സ്‌പെട്ക്ട്രം ഉപയോഗത്തിനുള്ള ചാര്‍ജ് ഇനത്തിലും സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന തുക തന്നെ ടെലികോം കമ്പനികള്‍ അടയ്ക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്. ഈ തുകയുടെ കുടിശ്ശിക ഭാരതി എയര്‍ടെല്‍, ടാറ്റ ടെലിസര്‍വീസസ്, വോഡഫോണ്‍ - ഐഡിയ എന്നീ കമ്പനികള്‍ അടച്ചുതീര്‍ത്തേ പറ്റൂ എന്നും കോടതി ഉത്തരവിട്ടിരുന്നു.
2020 മാര്‍ച്ചില്‍ ഈ കമ്പനികള്‍ക്ക് കുടിശ്ശിക അടച്ചുതീര്‍ക്കാന്‍ 20 വര്‍ഷത്തെയെങ്കിലും സമയം നല്‍കണമെന്നും വ്യക്തമാക്കി ടെലികോം വകുപ്പ് സുപ്രീംകോടതിയെ സമീപിച്ചു. കേസ് പരിഗണിക്കവേ, ലോക്ക്ഡൗണ്‍ കാലത്ത് വലിയ ലാഭമുണ്ടാക്കിയ ടെലികോം കമ്പനികള്‍ എന്തുകൊണ്ട് സര്‍ക്കാരിലേക്ക് നല്‍കേണ്ട തുക നല്‍കുന്നില്ല എന്ന് കോടതി ചോദിച്ചിരുന്നു. സ്‌പെക്ട്രം എജിആര്‍ കുടിശ്ശിക കണക്കാക്കുന്നതിനെക്കുറിച്ച് ഇനിയൊരു പുനഃപരിശോധന ഉണ്ടാകില്ലെന്നും കടുത്ത ഭാഷയില്‍ത്തന്നെ സുപ്രീംകോടതി വ്യക്തമാക്കി. ''ഒരു സെക്കന്റ് പോലും അതേക്കുറിച്ചുള്ള വാദം ഇനി കേള്‍ക്കില്ല'', എന്നാണ് ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, കൃഷ്ണമുരാരി എന്നിവര്‍ അംഗങ്ങളായ ബഞ്ച് വ്യക്തമാക്കിയത്.
നേരത്തേ ഈ കുടിശ്ശിക 'ഒറ്റ രാത്രി കൊണ്ട് അടച്ചുതീര്‍ക്കാന്‍ ഉത്തരവിടു'മെന്നടക്കം രൂക്ഷമായ ഭാഷയില്‍ കോടതി ടെലികോം കമ്പനികളെയും കേന്ദ്രസര്‍ക്കാരിനെയും ശാസിച്ചിരുന്നു. ഇത്ര വലിയ തുക വളരെ കുറച്ച് സമയത്തിനകം അടച്ചുതീര്‍ക്കാന്‍ ഉത്തരവിട്ടാല്‍, പിന്നെ കമ്പനി തന്നെ അടച്ചുപൂട്ടേണ്ടി വരുമെന്ന് വോഡഫോണ്‍ - ഐഡിയ കോടതിയില്‍ വാദിച്ചു.
എന്താണ് എജിആര്‍? അത് കണക്കാക്കുന്നതെങ്ങനെ?
സര്‍ക്കാരും ടെലികോം കമ്പനികളും തമ്മില്‍ ടെലികോം സ്‌പെക്ട്രം ഉപയോഗത്തിന്റെ ലൈസന്‍സ് ഫീ ഇനത്തിലും സ്‌പെട്ക്ട്രം ഉപയോഗത്തിനുള്ള ചാര്‍ജ് ഇനത്തിലും ഉള്ള തുക പങ്കുവയ്ക്കുന്ന സംവിധാനമാണ് എജിആര്‍ അഥവാ, അറഷൗേെലറ ഏൃീ ൈഞല്‌ലിൗല. ടെലികോം കമ്പനികള്‍ സര്‍ക്കാര്‍ നല്‍കുന്ന സ്‌പെക്ട്രം ഉപയോഗിച്ച് ഉണ്ടാക്കുന്ന ലാഭത്തിന്റെ ഒരു വിഹിതം സര്‍ക്കാരിലേക്ക് തന്നെ നല്‍കുന്ന തരത്തിലാണ് ഈ എജിആര്‍ കണക്കാക്കുന്നത്. 1999 വരെ ടെലികോം കമ്പനികളും സര്‍ക്കാരും തമ്മില്‍ ഒരു നിശ്ചിത തുക മാത്രം കൈമാറുന്ന തരത്തിലുള്ള ഫിക്‌സഡ് ലൈസന്‍സ് ഫീ സംവിധാനമാണ് ഉണ്ടായ്രുന്നത്.
എന്തിലാണ് തര്‍ക്കം?
എങ്ങനെ എജിആര്‍ കണക്കാക്കണം എന്നതിലാണ് പ്രധാനമായും ടെലികോം കമ്പനികളും സര്‍ക്കാരും തമ്മില്‍ തര്‍ക്കം ഉടലെടുത്തത്. പതിറ്റാണ്ടിലേറെയായി എങ്ങനെ ഇത് കണക്കാക്കാമെന്നതില്‍ നിയമപോരാട്ടം നടന്നു വരുന്നു. സര്‍ക്കാര്‍ വാദിച്ചിരുന്നത്, എജിആര്‍ എന്നത് ടെലികോം, നോണ്‍ ടെലികോം സര്‍വീസുകളില്‍ നിന്നെല്ലാം ടെലികോം കമ്പനികള്‍ക്ക് കിട്ടുന്ന ലാഭത്തിന്റെ ഒരു വിഹിതം ചേര്‍ത്തതാണെന്നാണ്. എന്നാല്‍ ടെലികോം കമ്പനികളാകട്ടെ, ടെലികോം സേവനങ്ങളില്‍ നിന്ന് മാത്രം കിട്ടുന്ന തുകയുടെ ഒരു നിശ്ചിതവിഹിതമാകണം ഇതില്‍ കണക്കാക്കേണ്ടത് എന്ന് വാദിച്ചു. ഒടുവില്‍ 2019-ല്‍ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബഞ്ച്, സര്‍ക്കാരിന്റെ വാദം അംഗീകരിച്ച് ഉത്തരവിട്ടു. ടെലികോം കമ്പനികള്‍ക്ക് വന്‍ തിരിച്ചടിയായിരുന്നു ഈ ഉത്തരവ്. അതുവരെ ആയിരം കോടിയോളം രൂപ മാത്രം കുടിശ്ശികയേ അടക്കേണ്ടി വരൂ എന്ന് കണക്കുകൂട്ടിയ ടെലികോം കമ്പനികള്‍ക്ക് സുപ്രീംകോടതി ഉത്തരവോടെ ആകെ ലക്ഷം കോടിയോളം രൂപ കുടിശ്ശിക ഇനത്തില്‍ മാത്രം അടയ്ക്കണം എന്ന് വന്നു.
ഇത് ഉടനടി അടയ്ക്കാന്‍ ആസ്തിയില്ലെന്നും, അങ്ങനെ അടയ്‌ക്കേണ്ടി വന്നാല്‍ അടച്ചുപൂട്ടേണ്ടി വരുമെന്നും ടെലികോം കമ്പനികള്‍ വാദിച്ചു. ഇത് ശരിയാണെന്നും, വന്‍ബാധ്യതകള്‍ക്ക് നടുവില്‍ ടെലികോം കമ്പനികള്‍ നിന്നാല്‍ അത് ഉപഭോക്താക്കളെയാകും ബാധിക്കുകയെന്നും കേന്ദ്രസര്‍ക്കാരും വാദിച്ചു.
ഇതിനിടെ, പാപ്പര്‍ഹര്‍ജി നല്‍കിയ അനില്‍ അംബാനിയുടെ സ്‌പെക്ട്രം ഉപയോഗിക്കുന്ന മുകേഷ് അംബാനിയുടെ ജിയോയെ എജിആര്‍ കുടിശ്ശികയില്‍ നിന്ന് ഒഴിവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെക്കുറിച്ചും സുപ്രീംകോടതി വിമര്‍ശനമുന്നയിച്ചു. ഇതില്‍ വാണിജ്യരംഗത്ത് തന്നെ വലിയ വിവാദവുമുയര്‍ന്നു. കേന്ദ്രസര്‍ക്കാരിന്റെയും ടെലികോം കമ്പനികളുടെയും വാദങ്ങള്‍ വിശദമായി കേട്ട ശേഷമാണ് സുപ്രീംകോടതി കുടിശ്ശിക അടയ്ക്കാന്‍ 10 വര്‍ഷത്തെ സമയം ടെലികോം കമ്പനികള്‍ക്ക് നല്‍കുന്നത്.