സോഷ്യല്‍ മീഡിയക്ക് കടിഞ്ഞാണിടണമെന്ന് നിര്‍ദേശിച്ച് സുപ്രീം കോടതി; ദുരുപയോഗം തടയുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിച്ച് സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദ്ദേശം

September 24, 2019 |
|
News

                  സോഷ്യല്‍ മീഡിയക്ക് കടിഞ്ഞാണിടണമെന്ന് നിര്‍ദേശിച്ച് സുപ്രീം കോടതി; ദുരുപയോഗം തടയുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിച്ച് സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദ്ദേശം

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡയക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന അഭിപ്രായവുമായി സുപ്രീം കോടതി രംഗത്ത്. സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുന്നതിനെതിരെ കടുത്ത നടപടിയെടുക്കണമെന്നാണ് സുപ്രീം കോടതി ഇപ്പോള്‍ കേന്ദ്രസര്‍ക്കാറിനോട് നിര്‍ദേശിച്ചിട്ടുള്ളത്.ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലെ വ്യക്തിഹത്യയ്ക്ക് എതിരെ കേന്ദ്രസര്‍ക്കാര്‍ മാര്‍ഗ്ഗരേഖ കൊണ്ടു വരമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം. മൂന്നാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനം വേണമെന്നും കോടതി നിര്‍ദേശിച്ചു. ഇതോടെ കേന്ദ്രസര്‍ക്കാര്‍ പുതിയ സോഷ്യല്‍ മീഡിയാനയം രൂപീകരിക്കുമെന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറി.

അതേസമയം സോഷ്യല്‍ മീഡിയ ദുരുപയോഗം തടയുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിച്ച് സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദ്ദേശം. രാജ്യത്തിന്റെ പരാമാധികാരവും വ്യക്തികളുടെ സ്വകാര്യതയും സന്തുലിതമായി പരിഗണിച്ചുകൊണ്ടുവേണം ചട്ടങ്ങള്‍ രൂപീകരിക്കേണ്ടതെന്ന് ജസ്റ്റിസുമാരായ ദീപക് ഗുപ്തയും അനിരുദ്ധ ബോസും അടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. 

എന്നാല്‍ സോഷ്യല്‍ മീഡിയയുടെ ദുരുപയോഗം അപകടകരമായ തലത്തില്‍ എത്തിയതായി സുപ്രീം കോടതി അഭിപ്രായപ്പെട്ടു. എത്രയും വേഗം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാവണം. നാം എന്തിന് ഇന്റര്‍നെറ്റിനെക്കുറിച്ച് വേവലാതിപ്പെട്ടുകൊണ്ടിരിക്കണം? രാജ്യത്തെക്കുറിച്ചാണ് നമുക്കു വേവലാതി വേണ്ടത്. ഓണ്‍ലൈനില്‍ നടക്കുന്ന കുറ്റകൃത്യങ്ങളുടെ ഉത്ഭവസ്ഥാനം കണ്ടെത്തുന്നതിനുള്ള സാങ്കേതികവിദ്യ ഇല്ലെന്നു പറഞ്ഞ് നമുക്ക് ഒഴിയാനാവില്ല. കുറ്റകൃത്യം ചെയ്യുന്നവര്‍ക്ക് സാങ്കേതികവിദ്യ ഉണ്ടെങ്കില്‍ അതു തടയുന്നതിനു നമുക്കും സാങ്കേതിക വിദ്യ വേണ്ടതാണ്- കോടതി അഭിപ്രായപ്പെട്ടു.

''ഭരണകൂടത്തിന് സ്വയം ട്രോളില്‍നിന്നു രക്ഷ നേടാനാവും, എന്നാല്‍ വ്യക്തികള്‍ തങ്ങള്‍ക്കെതിരെ നടക്കുന്ന നുണപ്രചാരണങ്ങളില്‍ എന്തുചെയ്യും? ''- കോടതി ചോദിച്ചു. ''എനിക്ക് എന്റെ സ്വകാര്യ സംരക്ഷിക്കേണ്ടതുണ്ട്, സ്മാര്‍ട് ഫോണ്‍ ഉപേക്ഷിക്കുന്നതിനെക്കുറിച്ചാണ് ഞാന്‍ ആലോചിക്കുന്നത്''- ജസ്റ്റിസ് ഗുപ്ത പറഞ്ഞു. സ്മാര്‍ട്ട് ഫോണ്‍ ഉപേക്ഷിക്കുന്നത് നല്ല തീരുമാനമാണെന്ന് ഫെയ്‌സ് ബുക്കിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു. ഒട്ടേറെ പേര്‍ അങ്ങനെ ചെയ്തിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പിന്തുണച്ചു.

സോഷ്യല്‍ മീഡിയ ദുരുപയോഗത്തിനെതിരെ കോടതികളല്ല ചട്ടങ്ങള്‍ കൊണ്ടുവരേണ്ടത്. സര്‍ക്കാരാണ് നയം രൂപീകരിക്കേണ്ടത്. സര്‍ക്കാര്‍ നയം രൂപീകരിച്ചാല്‍ അതിന്റെ നിയമ സാധുത കോടതിക്കു പരിശോധിക്കാനാവും. സ്വകാര്യത സംബന്ധിച്ച നിയന്ത്രണങ്ങള്‍ സര്‍ക്കാരാണ് കൊണ്ടുവരേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി. സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് മൂന്നാഴ്ച സമയം അനുവദിച്ചു. ഒക്ടോബര്‍ 22ന് കേസില്‍ വീണ്ടും വാദം കേള്‍ക്കും.

നേരത്തെ സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് തമിഴ്നാട് സര്‍ക്കാരിനുവേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ സുപ്രീംകോടതിയില്‍ പറഞ്ഞിരുന്നു. സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരുടെ ഉത്തരവാദിത്തം ഉറപ്പിക്കാനും ഭീകരതയും വ്യാജപ്രചാരണവും തടയാനും ഇത് ഉപകരിക്കുമെന്നാണ് ഹര്‍ജിക്കാരുടെ വാദം.

Related Articles

© 2025 Financial Views. All Rights Reserved