സിനിമാ തിയറ്ററുകള്‍ തുറക്കാം 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയോടെ; ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇങ്ങനെ

October 01, 2020 |
|
News

                  സിനിമാ തിയറ്ററുകള്‍ തുറക്കാം 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയോടെ;  ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇങ്ങനെ

പുതിയ ലോക്ക്ഡൗണ്‍ ഇളവുകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. ലോക്ക്ഡൗണില്‍ ഇത് അഞ്ചാം തവണയാണ് ഇളവുകള്‍ പ്രഖ്യാപിക്കുന്നത്. ഒക്ടോബര്‍ 15 മുതല്‍ മള്‍ട്ടിപ്ലക്സ് അടക്കമുള്ള സിനിമാ തിയറ്ററുകള്‍ക്ക് സീറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം ഉപയോഗപ്പെടുത്തിക്കൊണ്ട് തുറന്നു പ്രവര്‍ത്തിക്കാം. ആറു മാസത്തിനു ശേഷം ഇതാദ്യമായാണ് സിനിമാശാലകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിക്കുന്നത്.

ഒക്ടോബര്‍ 15 മുതല്‍ സ്‌കൂളുകള്‍ക്കും കോളെജുകള്‍ക്കും ഉപാധികളോടെ തുറന്നു പ്രവര്‍ത്തിക്കാം. രക്ഷിതാക്കളുടെ അനുമതി പത്രത്തോടെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളിലെത്താം. അതാത് സ്‌കൂളിന്റെ / കോളെജിന്റെ സാഹചര്യത്തിനനുസരിച്ച് മാനേജ്മെന്റിന് തുറക്കണോ എന്ന് തീരുമാനിക്കാം. സ്‌കൂളുകളില്‍ അറ്റഡന്‍സ് നിര്‍ബദ്ധമല്ല.

കണ്ടൈന്റ്മെന്റ് സോണിന് പുറത്ത് 100 പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് അനുമതി നല്‍കല്‍ അതാത് സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ സര്‍ക്കാരുകളുടെ വിവേചനാധികാരം നല്‍കി. വിനോദ പാര്‍ക്കുകള്‍, നീന്തല്‍കുളങ്ങള്‍, കായിക പരിശീലനങ്ങള്‍ തുടങ്ങിയവയ്ക്കും ഒക്ടോബര്‍ 15ന് ശേഷം വിലക്കില്ല.

കണ്ടൈന്റ്മെന്റ് സോണിന് പുറത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന് ആഭ്യന്ത്രമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. രാജ്യാന്തര യാത്രകള്‍ക്കുള്ള വിലക്ക് തുടരും. എന്നാല്‍ വന്ദേഭാരത് മിഷന്‍, എയര്‍ ബബ്ള്‍ കരാര്‍ പ്രകാരമുള്ള യാത്രകള്‍ക്ക് അനുമതിയുണ്ട്. ജൂണിലാണ് ലോക്ക് ഡൗണില്‍ ഇളവുകള്‍ നല്‍കി തുടങ്ങിയത്. കണ്ടൈന്റ്മെന്റ് സോണിന് പുറത്ത് അത്യാവശ്യ കാര്യങ്ങള്‍ ചെയ്യാനുള്ള അനുമതി നല്‍കിക്കൊണ്ടാണ് തുടക്കം. പിന്നീട് പല ഘട്ടങ്ങളിലായി മെട്രോ, ഓഫീസ്, ആഭ്യന്തര വിമാന യാത്ര, ആരാധനാലയങ്ങള്‍, റസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, ജിം തുടങ്ങി വിവിധ കാര്യങ്ങളില്‍ ഇളവുകള്‍ നല്‍കി.

Related Articles

© 2025 Financial Views. All Rights Reserved