മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിനായി പൊതുഇടം; നിര്‍ദേശവുമായി സെബി

July 27, 2021 |
|
News

                  മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിനായി പൊതുഇടം; നിര്‍ദേശവുമായി സെബി

മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിനായി പൊതുഇടം വരുന്നു. ഫണ്ടുകളുടെ ഇടപാടുകള്‍ക്ക് നേതൃത്വം വഹിക്കുന്ന രജിസ്ട്രാര്‍ ആന്‍ഡ് ട്രാന്‍സ്ഫര്‍ ഏജന്റു(ആര്‍ടിഎ)മാരായ കാംസ്, കെഫിന്‍ടെക് എന്നിവരോട് ഇതിനായി പൊതുവായ പ്ലാറ്റ്ഫോം തയ്യാറാക്കാന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) നിര്‍ദേശം നല്‍കി.

നിലവിലുള്ള നിക്ഷേപകര്‍ക്കും പുതിയതായി എത്തുന്നവര്‍ക്കും പ്രയോജനപ്പെടുന്നതാകും പുതിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം. അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്ത്യയുടെ നേതൃത്വത്തില്‍ എല്ലാ മ്യൂച്വല്‍ ഫണ്ടിലും നിക്ഷേപിക്കാവുന്ന പ്ലാറ്റ്ഫോം ഇപ്പോഴുണ്ടെങ്കിലും നിക്ഷേപ സൗഹൃദമല്ല. ഇതിനായി ഒരുക്കിയിട്ടുള്ള എംഎഫ് യൂട്ടിലിറ്റീസ് പ്ലാറ്റ്ഫോംവഴി പരിമിതമായ സേവനങ്ങള്‍മാത്രമാണ് ലഭിക്കുന്നത്. 17 ഇനങ്ങളിലുള്ള സാമ്പത്തികേതര ഇടപാടുകള്‍ ഒരുക്കിക്കഴിഞ്ഞശേഷമാകും നിക്ഷേപം ഉള്‍പ്പടെയുള്ള ഇടപാടുകള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം സജ്ജമാക്കുക.

ഓരോ ഫണ്ടിലും നിക്ഷേപിക്കാന്‍ ഫണ്ടുകമ്പനികളെയോ ട്രാന്‍സ്ഫര്‍ ഏജന്റുമാരെയോ സമീപിക്കാതെതന്നെ എല്ലാ ഫണ്ടുകളുടെ ഇടപാടുകളും ഒറ്റ പ്ലാറ്റ്ഫോംവഴി നടത്താനാകുമെന്നതാണ് പ്രത്യേകത. അക്കൗണ്ട് സ്റ്റേറ്റുമെന്റുകള്‍ക്കായി മെയില്‍ ബാക്ക് സേവനംവഴി നിക്ഷേപകര്‍ ആര്‍ടിഎകളെയാണ് സമീപിക്കുന്നത്. ഒരൊറ്റവേദി നിലവില്‍വരുമ്പോള്‍ പലരെയും സമീപിക്കേണ്ട ആവശ്യമില്ലാതാകും.

വിലാസം, ബാങ്ക് അക്കൗണ്ട് തുടങ്ങിയവയില്‍മാറ്റംവരുത്താനും പുതിയ ഡിജിറ്റല്‍ സംവിധാനം പ്രയോജനപ്പെടും. അതായത്, കാംസ്, കെഫിന്‍ടെക് എന്നിവര്‍ സേവനം നല്‍കുന്ന ഫണ്ടുകളുമായി ബന്ധപ്പെട്ട ഇത്തരം മാറ്റങ്ങള്‍ക്ക് വേറെ അപേക്ഷകള്‍ നല്‍കണം.  ഇനി അതിന്റെ ആവശ്യമില്ലെന്ന് ചുരുക്കം. സമയവും ചെലവും ലാഭിക്കാന്‍ ഇതിലൂടെ നിക്ഷേപകര്‍ക്ക് കഴിയും.

മൂലധനനേട്ട സ്റ്റേറ്റുമെന്റ്, ഹോള്‍ഡിങ് സ്റ്റേറ്റ്മെന്റ്, ഡീമാറ്റ് അക്കൗണ്ട് സ്റ്റേറ്റുമെന്റ് തുടങ്ങിയവ പൊതുഡിജിറ്റല്‍ വേദിയില്‍നിന്ന് തത്സമയം ലഭ്യമാകും. സേവനങ്ങളുടെയും പരാതികളുടെയും വിശദാംശങ്ങളും ലഭിക്കും. ധനകാര്യ സേവനങ്ങള്‍കൂടി ഒരുക്കിയാല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാനും നിക്ഷേപം പിന്‍വലിക്കാനും മറ്റ് ഫണ്ടുകളിലേക്ക് മാറാനും സൗകര്യമുണ്ടാകും.

ആദ്യഘട്ടത്തില്‍ നിക്ഷേപകര്‍ക്ക് മാത്രമാകും സേവനം ലഭിക്കുക. പിന്നീട് മ്യൂച്വല്‍ ഫണ്ട് വിതരണക്കാര്‍ക്കും ഏജന്റുമാര്‍ക്കുംകൂടി പ്ലാറ്റ്ഫോം പ്രയോജനപ്പെടുത്താം. ഡിസംബര്‍ അവസാനത്തോടെ എല്ലാസേവനങ്ങളും ലഭ്യമാക്കാനാണ് സെബിയുടെ നിര്‍ദേശം. മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നവര്‍ക്കും നിക്ഷേപം തുടങ്ങാനിരിക്കുന്നവര്‍ക്കും വന്‍സാധ്യതകളാണ് പൊതുവേദി നല്‍കുന്നത്. ഇടനിലക്കാരായി സ്വകാര്യ കമ്പനികളും സ്റ്റാര്‍ട്ടപ്പുകളും ഈ സേവനം നിലവില്‍ നല്‍കുന്നുണ്ട്. അതിനിടെയാണ് സെബിയുടെ നിര്‍ദേശമെന്നത് ശ്രദ്ധേയമാണ്.

Related Articles

© 2024 Financial Views. All Rights Reserved