ജയിലില്‍ പോകേണ്ടെങ്കില്‍ 62600 കോടി രൂപ ഉടന്‍ അടയ്ക്കണമെന്ന് സുബ്രത റോയിയോട് ആവശ്യപ്പെട്ട് സെബി

November 21, 2020 |
|
News

                  ജയിലില്‍ പോകേണ്ടെങ്കില്‍ 62600 കോടി രൂപ ഉടന്‍ അടയ്ക്കണമെന്ന് സുബ്രത റോയിയോട് ആവശ്യപ്പെട്ട് സെബി

എത്രയും വേഗം 62000 കോടി രൂപ (8.43 ബില്യണ്‍ ഡോളര്‍) നല്‍കണമെന്ന് വ്യവസായി സുബ്രത റോയിയോട് നിര്‍ദ്ദേശിക്കണമെന്നും വഴങ്ങുന്നില്ലെങ്കില്‍ പരോള്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യയുടെ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി. സഹാറ ഇന്ത്യ പരിവാര്‍ ഗ്രൂപ്പിന്റെ രണ്ടു കമ്പനികള്‍ക്കും ഗ്രൂപ്പ് മേധാവി സുബ്രത റോയിക്കുമായി പലിശയടക്കം 62600 കോടി രൂപയാണ് കുടിശ്ശികയായുള്ളതെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ അറിയിച്ചു.

62,000 കോടി രൂപയുടെ ബാധ്യതയാണുള്ളത്. എട്ട് വര്‍ഷം മുമ്പ് അടയ്ക്കാന്‍ ഉത്തരവിട്ട 25,700 കോടിയായിരുന്ന ബാധ്യതയാണ് ഇപ്പോള്‍ 62,000 കോടി രൂപയായി ഉയര്‍ന്നിരിക്കുന്നത്. സഹാറ ഗ്രൂപ്പ് കമ്പനികള്‍ സെക്യൂരിറ്റീസ് നിയമങ്ങള്‍ ലംഘിക്കുകയും 3.5 ബില്യണ്‍ ഡോളറിലധികം നിയമവിരുദ്ധമായി സമാഹരിക്കുകയും ചെയ്തുവെന്ന് സുപ്രീം കോടതി 2012 ല്‍ വിധിച്ചു.

നാലര വര്‍ഷം മുന്‍പ് റോഷന്‍ ലാല്‍ എന്ന സാധാരണ നിക്ഷേപകന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യക്ക് (സെബി) നല്‍കിയ പരാതിയാണു സഹാറ ഗ്രൂപ്പിന്റെ വെട്ടിപ്പിന്റെ കഥകള്‍ പുറത്തു വരാന്‍ വഴിതുറന്നത്. പിന്നീട് സെബി നടത്തിയ അന്വേഷണങ്ങള്‍ ചെന്നെത്തിയതു കോടികളുടെ തട്ടിപ്പിന്റെ കഥകളിലേക്കാണ്.

ബാങ്കിംഗ് ഇടപാടുകള്‍ നടത്താന്‍ കഴിയാത്ത ലക്ഷക്കണക്കിന് ഇന്ത്യക്കാരില്‍ നിന്ന് പണം സ്വരൂപിച്ചതായി കമ്പനികള്‍ അറിയിച്ചു. അന്‍പതോ അതില്‍ കൂടുതലോ നിക്ഷേപകരില്‍ നിന്നു കടപ്പത്രങ്ങള്‍ വഴി പണം സമാഹരിക്കാന്‍ സെബി അനുമതി വേണമെന്ന നിയമം നിലനില്‍ക്കെയാണു ഗ്രൂപ്പ് അനുമതിയില്ലാതെ വന്‍തോതില്‍ പണം സമാഹരിച്ചത്. എന്നാല്‍ സെബിക്ക് നിക്ഷേപകരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. സഹാറ ഗ്രൂപ്പ് പണം നല്‍കാതിരുന്നതോടെ കോടതി റോയിയെ ജയിലിലടച്ചു.

സെബിയുടെ ആവശ്യം തികച്ചും തെറ്റാണെന്ന് സഹാറ ഗ്രൂപ്പ് വ്യാഴാഴ്ച ഇമെയില്‍ ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു. സെബി 15% പലിശയാണ് ഈടാക്കിയിരിക്കുന്നത്. കമ്പനികള്‍ ഇതിനകം തന്നെ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കിയിട്ടുണ്ടെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

നെറ്റ്ഫ്‌ലിക്‌സ് സീരീസ് ആയ ബാഡ് ബോയ് ബില്യണയേഴ്‌സില്‍ റോയിയുടെ തകര്‍ച്ചയുടെ കഥ അവതരിപ്പിച്ചിരുന്നു. ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ ഇന്ത്യയിലെ ബിസിനസ്സ് വ്യവസായികളുടെ തകര്‍ച്ചയുടെ കഥ പറയുന്ന സീരീസാണ് ബാഡ് ബോയ് ബില്യണയേഴ്‌സ്. വിവിധ സമയങ്ങളില്‍ എയര്‍ലൈന്‍, ഫോര്‍മുല വണ്‍ ടീം, ക്രിക്കറ്റ് ടീം, ലണ്ടനിലെയും ന്യൂയോര്‍ക്കിലെയും ഹോട്ടലുകള്‍, ധനകാര്യ കമ്പനികള്‍ എന്നിവ സ്വന്തമാക്കിയിരുന്ന റോയ് രണ്ടുവര്‍ഷത്തോളം ജയിലില്‍ കഴിയുകയും നിലവില്‍ 2016 മുതല്‍ പരോളില്‍ കഴിയുകയുമാണ്. റോയ് ഇതുവരെ 15000 കോടി രൂപ നിക്ഷേപിച്ചതായി സെബി കോടതിയില്‍ വ്യക്തമാക്കി. കേസ് ഇനി എപ്പോള്‍ പരിഗണിക്കുമെന്ന് കോടതി ഇതുവരെ തീരുമാനിച്ചിട്ടില്ല.

Related Articles

© 2020 Financial Views. All Rights Reserved