
മുംബൈ: സ്റ്റോക് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ക്രയോണ്‍ കാപിറ്റലിനെ 4 വര്‍ഷത്തേക്ക് വിലക്കി. കമ്പനി ആര്‍ട്ട് ഫണ്ട് സ്‌കീം വഴി നിക്ഷേപകരില്‍ നിന്ന് പിരിച്ചെടുത്ത പണം മുഴുവന്‍ തിരികെ കൊടുക്കാനും ഉത്തരവിട്ടു. കളക്ടീവ് ഇന്‍വസ്റ്റ്‌മെന്റ് സ്‌കീം വഴി പൊതുജനത്തില്‍ നിന്ന് ക്രയോണ്‍ കാപിറ്റല്‍ പണം സമാഹരിച്ചിരുന്നു. എന്നാലിതിന് സെബിയില്‍ നിന്ന് അനുമതി വാങ്ങിയിരുന്നില്ല. 2006 ല്‍ തുടങ്ങിയ പദ്ധതിയുടെ ഭാഗമായി 474 പേരില്‍ നിന്നായി 60.57 കോടി രൂപയാണ് സമാഹരിച്ചത്. ഈ തുക ആര്‍ട്ട്വര്‍ക്കുകള്‍ക്ക് മേലാണ് നിക്ഷേപിച്ചത്.
ഈ തുകയില്‍ 2021 ജനുവരി 22 വരെ 59.52 കോടി രൂപ കമ്പനി തിരിച്ച് നല്‍കി. 112 പേര്‍ക്കായി 1.04 കോടി രൂപ ഇനിയും നല്‍കാനുണ്ട്. 2012 നവംബറില്‍ പദ്ധതി അവസാനിപ്പിച്ചതാണെന്നും അതിന് ശേഷം നിക്ഷേപകരില്‍ നിന്ന് കമ്പനി പണം സമാഹരിച്ചിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ക്രയോണ്‍ ഫണ്ട് സ്വകാര്യ ട്രസ്റ്റാണെന്നും ഇതിന്റെ സ്‌പോണ്‍സറും അസറ്റ് മാനേജറഫും ഒരു പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനമാണെന്നും അതിന് സെബിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്നും വാദിച്ചു.
ക്രയോണ്‍ കാപിറ്റല്‍ കമ്പനിയുടെ പദ്ധതികള്‍ക്ക് മേലില്‍ മാത്രമേ സിഐഎസ് റഗുലേഷന്‍ ബാധകമാകൂവെന്നും കമ്പനി പറഞ്ഞെങ്കിലും വാദങ്ങള്‍ തള്ളി. പണം മടക്കി നല്‍കാനുള്ള നിക്ഷേപകര്‍ക്ക് തുക പത്ത് ശതമാനം പലിശ സഹിതം ഉടന്‍ മടക്കി നല്‍കാനാണ് സെബി ഉത്തരവില്‍ പറയുന്നത്. ഇതിന് ആറ് മാസം സമയമുണ്ട്. നിക്ഷേപകര്‍ക്ക് മുഴുവന്‍ പലിശ നല്‍കി തീര്‍ക്കാന്‍ ഒന്‍പത് മാസം സമയവും അനുവദിച്ചിട്ടുണ്ട്.