
അനില്‍ അംബാനിയെ വിപണിയില്‍ നിന്ന് മൂന്ന് മാസത്തേക്ക് വിലക്കി സെബി. കമ്പനിയുടെ ഫണ്ട് ദുരുപയോഗം ചെയ്ത് മറ്റ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ കടം തിരിച്ചടച്ചതിനാണ് അനില്‍ അംബാനിയെയും അദ്ദേഹത്തിന്റെ മൂന്ന് അസോസിയേറ്റുകളെയും റിലയന്‍സ് ഹോം ഫിനാന്‍സിനെയും മാര്‍ക്കറ്റ് റെഗുലേറ്ററായ സെബി വിപണിയില്‍ നിന്ന് മൂന്ന് മാസത്തേക്ക് വിലക്കിയത്. അനില്‍ അംബാനിക്കു പുറമേ അമിത് ബപ്ന, രവീന്ദ്ര സുധാല്‍ക്കര്‍, പിങ്കേഷ് ആര്‍ ഷാ എന്നിവരെയാണു ലിസ്റ്റുചെയ്ത കമ്പനികളില്‍ ഇടപെടുന്നതില്‍ നിന്നു വിലക്കിയിരിക്കുന്നത്. റിലയന്‍സ് ഹോം ഫിനാന്‍സിന്റെ ഫണ്ട് ദുരുപയോഗം ചെയ്യ്തതുമായി ബന്ധപ്പെട്ടാണ് കേസ്. കമ്പനിയുടെ അന്നത്തെ ഓഡിറ്റര്‍മാരായ പ്രൈസ് വാട്ടര്‍ഹൗസ് ആന്‍ഡ് കോ (പി.ഡബ്ല്യു.സി) വാര്‍ഷിക അക്കൗണ്ടുകളില്‍ ഒപ്പിടാന്‍ വിസമ്മതിക്കുകയും തുടര്‍ന്ന് രാജിവെക്കുകയും ചെയ്തിരുന്നു.
കടങ്ങള്‍ തിരിച്ചടച്ച് തിരിച്ചുവരവിനു ശ്രമിക്കുന്ന അനില്‍ അംബാനിയെ സംബന്ധിച്ച് സെബിയുടെ നടപടി വലിയ തിരിച്ചടിയാണ്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ അംബാനി, അമിത് ബപ്ന, രവീന്ദ്ര സുധാല്‍ക്കര്‍, പിങ്കേഷ് ആര്‍ ഷാ, റിലയന്‍സ് ഹോം ഫിനാന്‍സ് എന്നിവരെ നേരിട്ടോ അല്ലാതെയോ ഓഹരികള്‍ വാങ്ങുന്നതില്‍നിന്നും വില്‍ക്കുന്നതില്‍നിന്നും വിലക്കുന്നുവെന്നാണ് സെബി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. സെബിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏതെങ്കിലും ഇടനിലക്കാരുമായോ, ലിസ്റ്റുചെയ്ത പൊതു കമ്പനികളുമായോ പൊതുജനങ്ങളില്‍ നിന്ന് പണം സ്വരൂപിക്കാന്‍ ഉദ്ദേശിക്കുന്ന ഏതെങ്കിലും പബ്ലിക് കമ്പനിയുടെ ഡയറക്ടര്‍മാര്‍/ പ്രൊമോട്ടര്‍മാരായി പ്രവര്‍ത്തിക്കുന്നവരുമായോ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനും വിലക്കുണ്ട്.
കമ്പനിയുടെ പ്രൊമോട്ടര്‍മാരും മാനേജ്‌മെന്റും ചേര്‍ന്ന് കമ്പനിയുടെ ഫണ്ട് തട്ടിയെടുക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തുവെന്ന് ആരോപിച്ച് ആളുകളില്‍ നിന്നും സെബിക്ക് പരാതി ലഭിച്ചിരുന്നു. വിവിധ വായ്പാദാതാക്കളില്‍ നിന്ന് റിലയന്‍സ് ഹോം ഫിനാന്‍സ് കടമെടുത്ത ഫണ്ടുകള്‍ മറ്റു കമ്പനികളുടെ വായ്പകള്‍ തിരിച്ചടയ്ക്കുന്നതിനും മറ്റും ഭാഗികമായി ഉപയോഗിച്ചുവെന്ന് ആരോപിച്ച് ബാങ്കുകളില്‍ നിന്നും ഒന്നിലധികം തട്ടിപ്പ് നിരീക്ഷണ റിട്ടേണുകളും റെഗുലേറ്ററിന് ലഭിച്ചിട്ടുണ്ട്. പ്രൊമോട്ടര്‍ കമ്പനിയുമായി ബന്ധിപ്പിച്ചിട്ടുള്ള എന്റിറ്റികളിലേക്കാണ് (കമ്പനി) ഇത്തരം ഫണ്ടുകള്‍ ഒഴുകിയത്.
ലഭിച്ച കത്തുകളുടെയും പരാതികളുടെയും അടിസ്ഥാനത്തില്‍, 2018- 19 സാമ്പത്തിക വര്‍ഷത്തില്‍ റിലയന്‍സ് ഹോം ഫിനാന്‍സിന്റെ കാര്യങ്ങളില്‍ സെബി അന്വേഷണം ആരംഭിച്ചതായും ആരോപണങ്ങളില്‍ ഭൂരിഭാഗവും ശരിയാണെന്നു കണ്ടെത്തിയതായും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. സിറ്റി സെക്യൂരിറ്റീസ് & ഫിനാന്‍ഷ്യല്‍ സര്‍വീസസ്, തുലിപ് അഡൈ്വസേഴ്‌സ്, ഏരിയോണ്‍ മൂവി പ്രൊഡക്ഷന്‍ എന്നിവ ഉള്‍പ്പെടുന്ന കുറഞ്ഞത് 13 സ്ഥാപനങ്ങളിലേക്കെങ്കിലും റിലയന്‍സ് ഹോം ഫിനാന്‍സ് ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ടെന്ന് സെബി കണ്ടെത്തി.
വായ്പകള്‍ അക്കൗണ്ടിങ് ആവശ്യങ്ങള്‍ക്കായുള്ള നിയമപരിശീലനമെന്ന നിലയില്‍ പൊതു ആവശ്യത്തിനുള്ള കോര്‍പ്പറേറ്റ് വായ്പകളായി (ജി.സി.പി.എല്‍) മറയ്ക്കുകയായിരുന്നു. 2019 സാമ്പത്തിക വര്‍ഷത്തില്‍ 14,578 കോടി രൂപ കമ്പനി ജി.പി.സി.എല്‍. ആയി വിതരണം ചെയ്തു, അതില്‍ 12,489 കോടി രൂപ റിലയന്‍സ് ഹോം ഫിനാന്‍സിന്റെ പ്രൊമോട്ടര്‍മാരുമായും മാനേജ്മെന്റുമായും ബന്ധപ്പെട്ട 47 കമ്പനികള്‍ക്ക് വിതരണം ചെയ്തുവെന്ന് ഫോറന്‍സിക് ഓഡിറ്റ് കണ്ടെത്തി.