
ആറ് ഡെറ്റ് ഫണ്ടുകള്‍ പ്രവര്‍ത്തനം നിര്‍ത്തിയതുമായി ബന്ധപ്പെട്ട് ക്രമക്കേട് കണ്ടെത്തിയതിനെതുടര്‍ന്ന് സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ഫ്രാങ്ക്ളിന്‍ ടെംപിള്‍ടണ് അഞ്ച് കോടി രൂപ പിഴ ചുമത്തി. പുതിയ ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ അവതരിപ്പിക്കുന്നതിന് രണ്ടുവര്‍ഷത്തെ വിലക്കും സെബി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
2018 ജൂണിനും 2020 ഏപ്രിലിനുമിടയില്‍ നിക്ഷേപ മാനേജുമെന്റ്, അഡൈ്വസറി എന്നിവയുടെ ഫീസിനത്തില്‍ നേടിയ 451 കോടി(പലിശയടക്കം 512 കോടി)രൂപ തിരികെകൊടുക്കാനും സെബി നിര്‍ദേശിച്ചിട്ടുണ്ട്. ഫ്രാങ്ക്ളിന്‍ ടെംപിള്‍ടണിന്റെ ഡയറക്ടറായ വിവേക് കുട് വ, ഭാര്യ രൂപ കുട് വ എന്നിവര്‍ക്ക് ഏഴുകോടി രൂപ പിഴയുമിട്ടിട്ടുണ്ട്. ഡെറ്റ്ഫണ്ടുകള്‍ പ്രവര്‍ത്തനംനിര്‍ത്തുംമുമ്പ് നിക്ഷേപംപിന്‍വലിച്ചതുമായി ബന്ധപ്പെട്ടാണ് പിഴചുമത്തിയത്. ക്രമക്കേടുകള്‍ക്ക് ഉത്തരവാദികളായ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, ചീഫ് കംപ്ലെയിന്‍സ് ഓഫീസര്‍, ഡയറക്ടര്‍മാര്‍ എന്നിവര്‍ക്കെതിരെയും ഉടനെ നടപടിയുണ്ടാകും.
അതേസമയം, സെബിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇതിനെതിരെ സെക്യൂരീറ്റീസ് അപ്പലെറ്റ് ട്രിബ്യൂണലില്‍ അപ്പീല്‍ നല്‍കുമെന്നും ഫ്രാങ്ക്ളിന്‍ ടെംപിള്‍ടണ്‍ അധികൃതര്‍ പറഞ്ഞു. 2020 ഏപ്രില്‍ 23നാണ് ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവര്‍ത്തനം നിര്‍ത്തിയത്. കോവിഡ് വ്യാപനത്തെടുര്‍ന്നുണ്ടായ പണലഭ്യതാ പ്രശ്നമണ് ഇതിന് കാരണമായി കമ്പനി പറഞ്ഞത്. മൂന്നു ലക്ഷത്തിലധികം നിക്ഷേപകരുടെ 25,000 കോടി രൂപയോളമാണ് മാസങ്ങളോളം മരവിപ്പിച്ച അവസ്ഥയിലായത്. സുപ്രീംകോടതിയുടെ ഇടപെടലിനെതുടര്‍ന്ന് നാലുഘട്ടങ്ങളിലായി 17,700 കോടിയിലേറെ തുക നിക്ഷേപകര്‍ക്ക് ഇതിനകം എഎംസി തിരികെ നല്‍കി.