
ഫ്രാങ്ക്ളിന്‍ ടെംപിള്‍ടണ്‍ മ്യൂച്വല്‍ ഫണ്ടിനെതിരെ കഴിഞ്ഞ ദിവസം നടപടി സ്വീകരിച്ചതിനുപിന്നാലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ട്രസ്റ്റി സര്‍വീസിനും പിഴചുമത്തി. ആറ് ഡെറ്റ് ഫണ്ടുകള്‍ മരവിപ്പിച്ചത് ചട്ടങ്ങള്‍ പാലിക്കാതെയാണെന്ന് കണ്ടെത്തിയതിനെതുടര്‍ന്നാണ് പിഴ. എഫ്ടി ട്രസ്റ്റീസ് സര്‍വീസസിന് മൂന്നുകോടി രൂപയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സഞ്ജയ് സാപ്രെ, ചീഫ് ഇന്‍വെസ്റ്റുമെന്റ് ഓഫീസര്‍ സന്തോഷ് കമാത്ത് എന്നിവര്‍ക്ക് രണ്ടുകോടി രൂപവീതവും അഞ്ച് ഫണ്ട് മാനേജര്‍മാര്‍ക്ക് 1.5 കോടി രൂപവീതവും ചീഫ് കംപ്ലെയിന്‍സ് ഓഫീസര്‍ക്ക് 50 ലക്ഷം രൂപയുമാണ് പിഴ ചുമത്തിയത്.
നിക്ഷേപകര്‍ വന്‍തോതില്‍ പണംപിന്‍വലിച്ചതിനെതുടര്‍ന്ന് 2020 ഏപ്രില്‍ 23നാണ് ഉയര്‍ന്ന ആദായം നല്‍കി വന്നിരുന്ന ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവര്‍ത്തനം ഫ്രാങ്ക്ളിന്‍ മരവിപ്പിച്ചത്. കോവിഡ് വ്യാപനത്തെതുടര്‍ന്നാണ് പ്രതിസന്ധിനേരിട്ടതെന്നും കമ്പനി നിക്ഷേപകരെ അറിയിച്ചിരുന്നു. സെബിയുടെ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ ഫണ്ട് ഹൗസ് വീഴ്ച വരുത്തിയതായി ചോക്സി ആന്‍ഡ് ചോക്സിയുടെ ഫോറന്‍സിക് ഓഡിറ്റില്‍ കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നായിരുന്നു സെബി പിഴ ചുമത്തിയത്.