
മുംബൈ: ചൈനയ്ക്കു പിന്നാലെ സിങ്കപ്പൂർ, കേയ്മൻ ഐലൻഡ്, അയർലൻഡ്, ലക്സംബർഗ് എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപങ്ങളും സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) നിരീക്ഷിക്കുന്നതായി സൂചന. ചൈനയിൽ നിന്നും ഹോങ് കോങ്ങിൽ നിന്നുമുള്ള വിദേശ നിക്ഷേപക സ്ഥാപനങ്ങൾ (എഫ്.പി.ഐ.) ഈ രാജ്യങ്ങൾ വഴി ഇന്ത്യൻ കമ്പനികളിൽ നിക്ഷേപം നടത്തുന്നതായുള്ള സംശയത്തെത്തുടർന്നാണിത്.
ഏതാനും വർഷങ്ങളായി ചൈനയിൽ നിന്നുള്ള നിക്ഷേപകസ്ഥാപനങ്ങളിൽ ചിലത് ഹോങ് കോങ് ആസ്ഥാനമായാണ് പ്രവർത്തിച്ചുവരുന്നത്. വിവിധ രാജ്യങ്ങളിലെ വിപണികളിൽ സാന്നിധ്യമുറപ്പിക്കുന്നതിന് ചൈനീസ് നിക്ഷേപകർ സ്വീകരിച്ചിരിക്കുന്ന തന്ത്രങ്ങളിലൊന്നാണിത്. ഹോങ് കോങ്ങിൽ നിന്ന് കേയ്മൻ ഐലൻഡ് വഴിയാണ് ഈ നിക്ഷേപങ്ങളുടെ പ്രധാന ഒഴുക്ക്.
2017 അവസാനം വരെയുള്ള കണക്കുകളനുസരിച്ച് കേയ്മൻ ഐലൻഡിൽ നിന്നുള്ള നിക്ഷേപക സ്ഥാപനങ്ങളിൽ 50 ശതമാനവും ഹോങ് കോങ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതായാണ് കണക്ക്. ഹോങ് കോങ്ങിൽനിന്നുള്ള 90 ശതമാനം വിദേശ നിക്ഷേപക സ്ഥാപനങ്ങളും നേരിട്ട് ഇന്ത്യയിൽ നിക്ഷേപം നടത്താറില്ല. ഇവർ കേയ്മൻ ഐലൻഡ് വഴിയും മറ്റുമാണ് നിക്ഷേപിക്കാറ്.
കേയ്മൻ ഐലൻഡിലെ മിക്ക കമ്പനികൾക്കും ഫണ്ട് ലഭിക്കുന്നത് ചൈനയിൽ നിന്നാണെന്ന് വിലയിരുത്തുന്നുണ്ട്. കേയ്മൻ ഐലൻഡ് പോലെ തന്നെ ഹോങ് കോങ്ങിൽ നിന്നും ചൈനയിൽ നിന്നുമുള്ള നിക്ഷേപകർ ഹബ്ബായി ഉപയോഗിക്കുന്ന രാജ്യങ്ങളാണ് സിങ്കപ്പൂരും അയർലൻഡും ലക്സംബർഗും. ഈ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിൽ ഒട്ടേറെ വിദേശനിക്ഷേപക സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നിലവിൽ ചൈനയിൽ നിന്നുള്ള 16 വിദേശ നിക്ഷേപക സ്ഥാപനങ്ങൾ മാത്രമാണ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതേസമയം, കേയ്മൻ ഐലൻഡിൽനിന്ന് 323 എണ്ണവും സിങ്കപ്പൂരിൽനിന്ന് 428 എണ്ണവും അയർലൻഡിൽനിന്ന് 611 എണ്ണവും ലക്സംബർഗിൽനിന്ന് 1155 എണ്ണവും രജിസ്റ്റർചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇവിടെനിന്നുള്ള നിക്ഷേപങ്ങൾകൂടി നിരീക്ഷിക്കാൻ സെബി നിർബന്ധിതമാകുന്നത്.