
ഓഹരിവിപണിയില്‍ സ്റ്റാര്‍ട്ടപ്പുകളുടെ ലിസ്റ്റിംഗ് പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി ഇളവുകള്‍ പ്രഖ്യാപിച്ച് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). അതേസമയം, മെയിന്‍ ബോര്‍ഡിലെ മറ്റ് സ്ഥാപനങ്ങളുടെ ലിസ്റ്റിംഗ് നിയമങ്ങള്‍ കര്‍ശനമാക്കുകയും ചെയ്തു. വ്യാഴാഴ്ച നടന്ന ബോര്‍ഡ് മീറ്റിംഗിലാണ് മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്റെ അടിസ്ഥാനത്തിലുള്ള ലിസ്റ്റുചെയ്ത ടോപ് 1000 കമ്പനികള്‍ക്ക് ഡിവിഡന്റ് ഡിസ്ട്രിബ്യൂഷന്‍ പോളിസി ഉണ്ടായിരിക്കണമെന്ന് സെബി നിഷ്‌കര്‍ഷിച്ചത്. നേരത്തെ ഈ നിബന്ധന ടോപ് 500 കമ്പനികള്‍ക്കേ ബാധകമായിരുന്നുള്ളു.
ടോപ് 1000 കമ്പനികള്‍ റിസ്‌ക് മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിക്കണമെന്നും നിര്‍ദ്ദേശിച്ച ബോര്‍ഡ്, ഇതര നിക്ഷേപ ഫണ്ട് (എഐഎഫ്) ചട്ടങ്ങളില്‍ ഭേദഗതി വരുത്തുകയും പ്രമോട്ടര്‍ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ പുനര്‍ വര്‍ഗ്ഗീകരണത്തിനുള്ള ചട്ടക്കൂടില്‍ ചില മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു. 2015 ല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ട്രേഡിംഗ് പ്ലാറ്റ്‌ഫോം (ഐടിപി) എന്ന പുതിയ ഒരു ചട്ടക്കൂട് ആവിഷ്‌കരിച്ചെങ്കിലും വിപണിയുടെ പിന്തുണ നേടാന്‍ ഇതിനായില്ല. തുടര്‍ന്ന് 2019ല്‍ ഐടിപി ചട്ടക്കൂടില്‍ ചില ഭേദഗതികള്‍ വരുത്തിക്കൊണ്ട് ഈ പ്ലാറ്റ്‌ഫോമിനെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുകയും അതിനെ ഇന്നൊവേറ്റേഴ്‌സ് ഗ്രോത്ത് പ്ലാറ്റ്‌ഫോം (ഐജിപി) എന്ന് പുനര്‍നാമകരണം ചെയ്യുകയും ചെയ്തു.
നിലവില്‍, ഐജിപിയുടെ കീഴില്‍ ലിസ്റ്റു ചെയ്യണമെങ്കില്‍ ഇഷ്യൂവര്‍ കമ്പനികളുടെ പ്രീ-ഇഷ്യു മൂലധനത്തിന്റെ 25 ശതമാനം ക്വാളിഫൈഡ് ഇന്‌സ്ടിട്യൂഷണല്‍ ബയേഴ്സ് (ക്യുഐബി), ഫാമിലി ട്രസ്റ്റ്, അംഗീകൃത നിക്ഷേപകര്‍ ( 5 കോടിയിലധികം മൊത്തം മൂല്യവും 50 ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനവുമുള്ള വ്യക്തികള്‍ അല്ലെങ്കില്‍ 25 കോടി രൂപയുടെ ആസ്തിയുള്ള ഒരു കോര്‍പ്പറേറ്റ്), വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരെപ്പോലുള്ള നിയന്ത്രിത സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും കൈവശം വച്ചിരിക്കണം. കൂടാതെ, അംഗീകൃത നിക്ഷേപകരുടെ കൈവശമുള്ള പ്രീ-ഇഷ്യു മൂലധനത്തിന്റെ 10 ശതമാനത്തില്‍ കൂടുതല്‍ 25 ശതമാനം പ്രീ-ഇഷ്യു മൂലധന യോഗ്യതക്കായി പരിഗണിക്കേണ്ടതില്ല.
ഇഷ്യു ചെയ്യുന്ന കമ്പനിയുടെ പ്രീ-ഇഷ്യു മൂലധനത്തിന്റെ 25 ശതമാനം കൈവശമുണ്ടായിരിക്കേണ്ട കാലയളവ് രണ്ടുവര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമായി കുറയ്ക്കാന്‍ വ്യാഴാഴ്ച്ച നടന്ന സെബി യോഗം തീരുമാനിച്ചു. അത്തരം നിക്ഷേപകരുടെ പ്രീ-ഇഷ്യു ഷെയര്‍ഹോള്‍ഡിംഗ് ഇഷ്യൂവര്‍ കമ്പനിയുടെ പ്രീ-ഇഷ്യു മൂലധനത്തിന്റെ 25 ശതമാനമായിരിക്കണം.
സെബിയുടെ പുതിയ നിബന്ധന അനുസരിച്ച് പ്രൊമോട്ടര്‍ അല്ലെങ്കില്‍ ഏറ്റെടുക്കുന്നയാള്‍ കമ്പനിയെ ഡീലിസ്റ്റ് ചെയ്യാനുള്ള അവരുടെ ഉദ്ദേശ്യം ഒരു പരസ്യ പ്രഖ്യാപനത്തിലൂടെ വെളിപ്പെടുത്തേണ്ടതുണ്ട്. ഇതുകൂടാതെ, സ്വതന്ത്ര ഡയറക്ടര്‍മാരുടെ സമിതി ഡീലിസ്റ്റ് ചെയ്യാനുള്ള നിര്‍ദ്ദേശത്തെക്കുറിച്ച് വ്യക്തമായ ശുപാര്‍ശകള്‍ നല്‍കേണ്ടതുണ്ടെന്നും സെബി നിഷ്‌കര്‍ഷിച്ചു. കൂടാതെ, ഡീലിസ്റ്റിങ് പ്രക്രിയ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ഇതുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സമയപരിധി പരിഷ്‌കരിക്കാനും സെബി തീരുമാനിച്ചു.