
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡില്‍ വീണ്ടും വന്‍ നിക്ഷേപം. 1,895 കോടി രൂപയുടെ നിക്ഷേപമാണ് പ്രഖ്യാപിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്തൃ കേന്ദ്രീകൃത സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങളിലൊന്നാണ് എല്‍ കാറ്റര്‍ട്ടണ്‍. ഈ നിക്ഷേപത്തിലൂടെ ജിയോ പ്ലാറ്റ്ഫോമുകളുടെ ഓഹരി മൂല്യം 4.91 ലക്ഷം കോടി രൂപയും എന്റര്‍പ്രൈസ് മൂല്യം 5.16 ലക്ഷം കോടി രൂപയുമായി. എല്‍ കാറ്റര്‍ട്ടണിന്റെ നിക്ഷേപം ജിയോ പ്ലാറ്റ്ഫോമുകളിലെ 0.39% ഓഹരികളിലാണ്.
ഈ നിക്ഷേപത്തോടെ 2020 ഏപ്രില്‍ 22 മുതല്‍ ജിയോ പ്ലാറ്റ്‌ഫോംസ് പ്രമുഖ ആഗോള നിക്ഷേപകരായ ഫേസ്ബുക്ക്, സില്‍വര്‍ ലേക്ക്, വിസ്റ്റ ഇക്വിറ്റി പാര്‍ട്‌ണേഴ്‌സ്, ജനറല്‍ അറ്റ്‌ലാന്റിക്, കെകെആര്‍, മുബഡാല, എഡിഎ, ടിപിജി, എല്‍ കാറ്റര്‍ട്ടണ്‍ എന്നിവയില്‍ നിന്ന് 1,04,326.95 കോടി രൂപ സമാഹരിച്ചു. ആഗോള ബദല്‍ അസറ്റ് കമ്പനിയായ ടിപിജി ജിയോ പ്ലാറ്റ്ഫോംസില്‍ 4,546.80 കോടി രൂപ നിക്ഷേപിക്കുമെന്ന് ജിയോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍, എല്‍ കാറ്റര്‍ട്ടണ്‍ വിവിധ ഉപഭോക്തൃ ബ്രാന്‍ഡുകളില്‍ വിജയകരമായി നിക്ഷേപം നടത്തിയിട്ടുണ്ട്. പെലോട്ടണ്‍, വ്രൂം, ക്ലാസ്പാസ്, ഓവര്‍ഡേസ്, ഫാബി ഇന്‍ഡ്യ, കൂടാതെ മറ്റു പലതും എല്‍ കാറ്റര്‍ട്ടണ്‍ നിക്ഷേപം നടത്തിയിട്ടുള്ള ഓഹരികളാണ്. 'ലോകത്തിലെ ഏറ്റവും മികച്ച ഉപഭോക്തൃ അനുഭവം നല്‍കിക്കൊണ്ട് ഇന്ത്യയ്ക്ക് ഡിജിറ്റല്‍ പവര്‍ വാഗ്ദാനം ചെയ്യാനുള്ള ഞങ്ങളുടെ യാത്രയില്‍ പങ്കാളിയായി എല്‍ കാറ്റര്‍ട്ടനെ സ്വാഗതം ചെയ്യുന്നതില്‍ സന്തുഷ്ടനാണെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു. ഉപഭോക്തൃ കേന്ദ്രീകൃത ബിസിനസുകള്‍ സൃഷ്ടിക്കുന്നതില്‍ എല്‍ കാറ്റര്‍ട്ടണിന്റെ അമൂല്യമായ സംഭാവനകളില്‍ നിന്ന് നേട്ടമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും മുകേഷ് അംബാനി പറഞ്ഞു.
ഏറ്റവും പുതിയ ഡീല്‍ ആയ പത്താമത്തെ കരാറിലൂടെ ആര്‍ഐഎല്‍ ഇതുവരെ ജിയോ പ്ലാറ്റ്ഫോമിലെ 22.38 ശതമാനം ഓഹരികള്‍ വിറ്റഴിച്ചു. 1.3 ബില്യണ്‍ ഇന്ത്യക്കാര്‍ക്ക് സമാനതകളില്ലാത്ത ഡിജിറ്റല്‍, സാങ്കേതിക സേവനം നല്‍കുകയും 1.3 ബില്ല്യന്‍ ഇന്ത്യക്കാര്‍ക്കായി ഒരു ഡിജിറ്റല്‍ സൊസൈറ്റി കെട്ടിപ്പടുക്കുകയും ചെയ്ത ജിയോയുമായി പങ്കാളിയാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന്. എല്‍ കാറ്റര്‍ട്ടണിന്റെ ഗ്ലോബല്‍ കോ-സിഇഒ മൈക്കല്‍ ചു പറഞ്ഞു.