പ്രധാനമന്ത്രി ഉജ്വല പദ്ധതി: രണ്ടാം ഘട്ടത്തിന് തുടക്കമായി

August 11, 2021 |
|
News

                  പ്രധാനമന്ത്രി ഉജ്വല പദ്ധതി: രണ്ടാം ഘട്ടത്തിന് തുടക്കമായി

ന്യൂഡല്‍ഹി: ഉജ്വല 2.0ന് (പ്രധാനമന്ത്രി ഉജ്വല പദ്ധതി - പിഎംയുവൈ) ഉത്തര്‍പ്രദേശിലെ മഹോബയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെ പാചകവാതക കണക്ഷനുകള്‍ കൈമാറിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. രക്ഷാബന്ധന് മുന്നോടിയായി ഉത്തര്‍ പ്രദേശിലെ സഹോദരിമാരെ അഭിസംബോധന ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
 
ഉജ്വല പദ്ധതിയിലൂടെ നിരവധി പേരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ, ജീവിതം മുമ്പത്തെക്കളധികം തിളക്കമാര്‍ന്നതായെന്നു പ്രധാനമന്ത്രി പറഞ്ഞു. ദാരിദ്ര്യ രേഖക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് സൗജന്യ എല്‍ പി ജി കണക്ഷന്‍ നല്‍കുവാന്‍ ഉദ്ദേശിച്ചു ഗവണ്‍മെന്റ് തുടങ്ങിവച്ച പദ്ധതിയാണ് പ്രധാന മന്ത്രി ഉജ്ജ്വല യോജന.

ഉജ്വല 2.0 ന് കീഴില്‍ ഒരു കോടി കണക്ഷന്‍ കൂടി നല്‍കുകയാണ് ലക്ഷ്യം. ഈ സാമ്പത്തിക വര്‍ഷമാണ് ഒരു കോടി എല്‍പിജി കണക്ഷന്‍ നല്‍കുക. പദ്ധതിയുടെ ഭാഗമായി കണക്ഷന്‍ ലഭിക്കുന്നവര്‍ക്ക് അടുപ്പ് സൗജന്യമായിരിക്കും. മാത്രമല്ല, ആദ്യത്തെ ഇന്ധനം നിറയ്ക്കലും സൗജന്യമാകും. അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെയാണ് പദ്ധതിയുടെ കാലാവധി. അതിനകം ഒരു കോടി കണക്ഷന്‍ അനുവദിക്കും.

ആരോഗ്യ-സുഖസൗകര്യ-ശാക്തീകരണ വിഷയങ്ങള്‍ പരിഹരിക്കുന്നതില്‍ ഉജ്വല യോജന വലിയ പ്രേരകശക്തിയായതായി പ്രധാനമന്ത്രി വ്യക്തമാക്കി. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ പാവപ്പെട്ട, ദളിത്, പിന്നോക്ക, ഗോത്ര വിഭാഗത്തിലെ 8 കോടി കുടുംബങ്ങള്‍ക്ക് സൗജന്യ പാചകവാതക കണക്ഷനുകള്‍ നല്‍കി. ഈ സൗജന്യ പാചകവാതക കണക്ഷനുകള്‍ കൊറോണ മഹാമാരിക്കാലത്ത് പ്രയോജനപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.

എല്‍പിജി അടിസ്ഥാന സൗകര്യ വിപുലീകരണത്തിന് ഉജ്വല യോജന കാരണമായി. കഴിഞ്ഞ ആറേഴു വര്‍ഷമായി 11,000ത്തിലധികം എല്‍പിജി വിതരണ കേന്ദ്രങ്ങള്‍ തുറന്നു. ഉത്തര്‍പ്രദേശില്‍ ഈ കേന്ദ്രങ്ങളുടെ എണ്ണം 2014ലെ രണ്ടായിരത്തില്‍ നിന്ന് നാലായിരമായി വര്‍ദ്ധിച്ചു. നൂറുശതമാനം പാചകവാതക കണക്ഷന്‍ എന്നതിനു വളരെ അടുത്താണ് നാമെന്നും അദ്ദേഹം പറഞ്ഞു. 2014ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ പാചകവാതക കണക്ഷനുകള്‍ കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ നല്‍കിയതായും പ്രധാനമന്ത്രി പറഞ്ഞു.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved